![]()
ചിറ്റൂര്‍ ഗവ. കോളേജില്‍ പഠിക്കുന്ന കാലത്ത് ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ ‘ഇരുളിന്‍ മഹാനിദ്രയില്‍ നിന്ന്’ എന്ന കവിത ഞങ്ങള്‍ക്ക് ഹരമായിരുന്നു. മധുസൂദനന്‍ നായരുടെ സ്വരത്തിലായിരുന്നു ഇത് റേഡിയോയിലൂടെ ഞങ്ങള്‍ കേട്ടിരുന്നത്. സൗഹൃദസായാഹ്നങ്ങളിലും യൂണിയന്‍ ഓഫീസിലെ ഒഴിവുവേളകളിലും ആരെങ്കിലുമൊക്കെ ഈ കവിത ഉറക്കെ ചൊല്ലുകയും മറ്റുള്ളവര്‍ ഏറ്റുചൊല്ലുകയും ചെയ്യുന്നത് പതിവായിരുന്നു. ആദ്യകാലത്ത് മധുസൂദനന്‍ നായര്‍ തന്നെയാണ് ഈ കവിതയുടെ രചനയും എന്നാണ് കരുതിയിരുന്നത്.
പിന്നീട് എങ്ങിനെയോ ആ ധാരണ തിരുത്തപ്പെട്ടു. ഒ എന്‍ വി എഴുതി മധുസൂദനന്‍ നായര്‍ ആലപിച്ച കവിതയാണിതെന്ന് നാട്ടിക എസ് എന്‍ കോളേജില്‍ നടന്ന സാഹിത്യ ക്യാമ്പിലും പിന്നീട് ചിറ്റൂരിലെ തന്നെ ചിലരും എന്നോട് പറഞ്ഞത് വ്യാപകമായി ക്യാംപസില്‍ പ്രചരിപ്പിച്ചു. എന്റെ സൗഹൃദവൃന്ദങ്ങളും മറിച്ചൊന്നും കരുതിയില്ല. ഇതു തന്നെയാണ് ഇക്കഴിഞ്ഞ മാസംവരെ ഞാനും വിശ്വസിച്ചുകൊണ്ടിരുന്നത്.
ജീവിതം ക്യാംപസില്‍ നിന്ന് ഒരുപാട് ദൂരേക്ക് സഞ്ചരിച്ചെങ്കിലും പഴയ ചങ്ങാതിമാരുമായി ഒത്തുകൂടുമ്പോള്‍ ആരെങ്കിലും ഈ വരികള്‍ ചൊല്ലും. സുഖകരമായ ഒരു ഗൃഹാതുരത ഞങ്ങള്‍ അനുഭവിക്കുകയും ചെയ്യും.
ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയില്‍ ജോലി ചെയ്‌തു വരവെ രണ്ടുമാസം മുമ്പാണ് മലയാള മനോരമ ഓണ്‍ലൈനില്‍ ഇരുളിന്‍ മഹാനിദ്രയെ കുറിച്ചുള്ള ഒരു പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടത്. ക്യാംപസ് ലൈനിലോ മറ്റോ ആണെന്നു തോന്നുന്നു. അതിലും എഴുതിയിരുന്നത് ‘ഇരുളിന്‍ മഹാനിദ്രയില്‍ എന്നു തുടങ്ങുന്ന ഒയെന്‍വി കവിത’ എന്നായിരുന്നു. ഇതു വായിച്ച എന്റെ സഹപ്രവര്‍ത്തകയായ ആന്‍ അത് ഒ എന്‍ വി അല്ല എഴുതിയതെന്നും മനോരമക്ക് തെറ്റുപറ്റിയെന്നും കമന്റ് എഴുതിയിടുന്നത് ഞാന്‍ കണ്ടു.
ഇത് എന്നെ പ്രകോപിപ്പിച്ചു. എന്റെ വിശ്വാസപ്രമാണങ്ങള്‍ക്കു വിരുദ്ധമായി ഇത് മധുസൂദനന്‍ നായരാണ് എഴുതിയതെന്ന ആനിന്റെ പരാമര്‍ശത്തില്‍ ഞാന്‍ പ്രകോപിതനായി. ഇത് ഒയെന്‍വി തന്നെയാണ് എഴുതിയതെന്ന് ഞാന്‍ തര്‍ക്കിക്കുകയും തറപ്പിച്ച് പറയുകയും ചെയ്‌തു.
തര്‍ക്കം മൂര്‍ഛിച്ചതോടെ ഓഫീസ് രണ്ടു ചേരിയായി. തര്‍ക്കത്തില്‍ ഇടപെട്ട ബ്യൂറോ ചീഫ് ഇത് തന്റെ പഴയ സഹപ്രവര്‍ത്തകന്‍ കൂടിയായ മധുസൂദനന്‍ നായരാണ് എഴുതിയതെന്ന് ഉറപ്പിച്ചു പറഞ്ഞു. ഞാനും വിട്ടുകൊടുത്തില്ല. അങ്ങനെ പ്രശ്‌നങ്ങള്‍ ബെറ്റിലേക്ക് നീങ്ങി. നൂറ് രൂപ പന്തയം കെട്ടി. കൂടെ നിന്നവരെല്ലാം പ്രോത്സാഹിപ്പിച്ചു.
എങ്കില്‍ ഒയെന്‍വിയെ വിളിക്കാമെന്നായി. അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഭാഗ്യത്തിന് അദ്ദേഹം സ്ഥലത്തില്ല. ഇതിനിടെ കൂടെയുണ്ടായിരുന്ന ടി അരുണ്‍കുമാര്‍ ലെനില്‍ രാജേന്ദ്രനെ വിളിച്ചു. അദ്ദേഹത്തിന്റെ മറുപടി കേട്ട അരുണിന്റെ മുഖഭാവം ഇരുളുന്നുണ്ടായിരുന്നു. അതേസമയത്ത് ലാന്റ് ഫോണിലൂടെ ആന്‍ മധുസൂദനന്‍ നായരെ വിളിച്ചു. ദീപികയില്‍ നിന്ന് ആണെന്ന് പറഞ്ഞപ്പോള്‍ ബ്യൂറോ ചീഫും പഴയ സഹപ്രവര്‍ത്തകനുമായ ഡി സുദര്‍ശനെ ചോദിച്ചു. ഇരുവരും തമ്മില്‍ സൗഹൃദ സംഭാഷണം തുടരുന്നതിനിടയില്‍ മധുസൂദനന്‍ നായര്‍ ആ കവിത താന്‍ തന്നെയാണ് എഴുതിയതെന്ന് വെളിപ്പെടുത്തി. ഇതിന്റെ രചയിതാവ് ഓയെന്‍വിയാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ടായിട്ടുണ്ടെന്നും പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടെ ഞാന്‍ കീഴടങ്ങി. ജേതാവിന്റെ സംതൃപ്‌തിയോടെ ബ്യൂറോ ചീഫ് പന്തയത്തുക വേണ്ടെന്ന് അറിയിച്ചു. തളര്‍ന്നിരിക്കുമ്പോഴും പത്ത് വര്‍ഷത്തിലേറെ കാലമായി മനസില്‍ ശരിയെന്ന് കരുതിയിരുന്ന ധാരണ തിരുത്തപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു ഞാന്‍.
6അഭിപ്രായങ്ങള്‍
ഡിസംബര്‍ 2, 2007 -ല്‍ 2:11 am
വേരുകള്‍ കോട്ടയത്തും ജനിച്ചതു പാലക്കടുമായ താങ്കളെ ഞാന്‍ അറിയുമോ?. , കാരണം ഏകദേശം ഇതേ സ്പെസിഫിക്കേഷ്നാണ്‍ എന്റെയും. വീട് പാലക്കാട്, വേരു കോട്ടയത്ത്.
ചിറ്റൂരു പടിച്ചിട്ടുണ്ട് എന്നു മനസ്സിലായി. നമ്മള്‍ അറിയുമോ ?
ഡിസംബര്‍ 2, 2007 -ല്‍ 3:44 am
താങ്കളുടെ പേര്, പാലക്കാട് എവിടെ, ഇപ്പോള്‍ എവിടെ ഇതൊന്നും അറിയാതെ ഞാനെങ്ങനെ പറയും. ഞാന്‍ തനേഷ് തമ്പി, പാലക്കാട് കഞ്ചിക്കോട് ആണ് വീട്. ഹൈസ്‌കൂള്‍ പഠനം മിഷന്‍ സ്‌കൂള്‍ പാലക്കാട്, കോളേജ് പഠനം ചിറ്റൂരില്‍.
ഡിസംബര്‍ 2, 2007 -ല്‍ 3:52 am
സോറി കുഞ്ഞാടേ, ഇപ്പോഴാണ് കണ്ടത് താങ്കളുടെ ബ്ലോഗ്. എന്നിട്ടും പാലക്കാട് എവിടെ എന്ന് കാണുന്നില്ല.
ഡിസംബര്‍ 2, 2007 -ല്‍ 11:53 am
ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയത് ഒ.എന്‍.വി എന്ന ക്രെഡിറ്റ് കൊടുത്തതു കൊണ്ടാണു ആ തെറ്റിദ്ധാരണ വന്നത്.
വളരെ മുമ്പ് ഒ.എന്‍.വി യുടെ കവിത എന്നു പറഞ്ഞ് അതു ചൊല്ലിയപ്പോള്‍ കേട്ടു കൊണ്ട് മുന്നിലിരുന്ന മധുസൂദനന്‍ സര്‍ തിരുത്തിയത് ഇന്നും മനസ്സില്‍!
ഡിസംബര്‍ 2, 2007 -ല്‍ 8:09 pm
പാലക്കാട് തന്നെ, ടൌണില്‍ തന്നെ. ശരിക്കും പറഞ്ഞാല്‍, മേഴ്സി കോേളേജിനു അടുത്തു.
ഭാരത് മാതയിലും, വിക്ടോറിയയിലുമായിരുന്നു പഠനം.
ഡിസംബര്‍ 14, 2007 -ല്‍ 9:39 am
daa…
collegeil padikkumpol ninakku inganoru confusion undaayirunnel ennodu chodhikkaruthaayirunno…
njan clear cheyyumaayirunnallo…
allelum ente skill, knowledge ennivaye nee ottum mathikkaarillallo…
anubhavichille