ഡിസംബര്‍ 20, 2007...1:54 pm

കൈരളി ചതിച്ചു; പ്രകാശ്‌ കാരാട്ട്‌ വെട്ടിലായി

Jump to Comments

kairali.jpg

ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിനനുകൂല സാഹചര്യമൊരുക്കാന്‍ സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അണിയറയില്‍ കരുക്കള്‍ നീക്കുന്നുവെന്ന പ്രതീതി സൃഷ്‌ടിക്കാന്‍ `കൈരളി’ ചാനല്‍ ശ്രമിച്ചത്‌ വന്‍വിവാദമാകുന്നു. ഗുജറാത്ത്‌ ഒന്നാംഘട്ട വോട്ടെടുപ്പിന്‌ മൂന്നു ദിവസം മാത്രം അവശേഷിക്കെയാണ്‌, `കൈരളി’ പ്രകാശ്‌ കാരാട്ടിനോട്‌ കൊടും ചതി കാട്ടിയത്‌.
കഴിഞ്ഞ ശനിയാഴ്‌ച സി പി ഐ (എം) ദില്ലി സംസ്ഥാന സമ്മേളനം നഗരഹൃദയത്തിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ഉത്‌ഘാടനം ചെയ്‌തത്‌ പ്രകാശ്‌ കാരാട്ടായിരുന്നു. ഈ സമ്മേളനത്തില്‍ പ്രവേശനമുണ്ടായിരുന്ന ഏക ചാനല്‍ `കൈരളി’യുടേതുമാത്രമായിരുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ പാര്‍ട്ടി പത്രങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന്‌ പ്രകാശ്‌ കാരാട്ട്‌ പ്രത്യേകം ചട്ടം കെട്ടിയിരുന്നു. ഗുജറാത്തില്‍ ചൊവ്വാഴ്‌ച വോട്ടെടുപ്പ്‌ നടക്കുന്നതിനാലായിരുന്നു ഇത്‌. എന്നാല്‍ കൈരളി ചാനല്‍ ഈ പ്രസംഗത്തിലെ വിവാദ വിഷയങ്ങള്‍ ശനിയാഴ്‌ച പകല്‍തന്നെ ഒന്നുരണ്ടുവട്ടം സംപ്രേഷണം ചെയ്‌തു. ഇത്‌ ശ്രദ്ധയില്‍പ്പെട്ടപാടെ പാര്‍ട്ടി കേന്ദ്രങ്ങള്‍ ഇടപെട്ട്‌ അത്‌ നിര്‍ത്തിവെപ്പിച്ചു.

ആണവകരാറുമായി മുമ്പോട്ടുപോയാല്‍ ഗുജറാത്ത്‌ വോട്ടെടുപ്പ്‌ കഴിഞ്ഞാലുടന്‍ മന്‍മോഹന്‍സിങ്‌ സര്‍ക്കാരിനെ താഴെയിറക്കുമെന്നായിരുന്നു പ്രകാശ്‌ കാരാട്ടിന്റെ പേരില്‍ കൈരളിയില്‍ സംപ്രേഷണം ചെയ്‌ത വാര്‍ത്ത. എന്നാല്‍ പൊതുമാധ്യമങ്ങള്‍ക്കു ഈ പ്രസംഗത്തെക്കുറിച്ച്‌ വിവരമില്ലാതിരുന്നതിനാല്‍ ഞായറാഴ്‌ച എങ്ങും ഇതൊരുവിവാദമായില്ല. ഞായറാഴ്‌ച പ്രകാശ്‌ കാരാട്ടിന്റെ പ്രസംഗത്തിന്റെ ശബ്‌ദടേപ്പും ദൃശ്യവും എങ്ങിനെയോ `ടൈംസ്‌ ഓഫ്‌ ഇന്ത്യ’യുടെ `ടൈംസ്‌ നൗ’ എന്ന ഇംഗ്ലീഷ്‌ ചാനലിന്‌ ലഭിച്ചു. സംഘപരിവാറിനോട്‌ ആഭിമുഖ്യമുള്ള ചാനലാണിത്‌. ഞായറാഴ്‌ച മുഴുവന്‍ ഈ ചാനല്‍ പ്രകാശ്‌ കാരാട്ടിന്റെ പ്രസംഗം വെച്ച്‌ ആഘോഷിച്ചു. കേന്ദ്രത്തിലെ യു പി എ മന്ത്രിസഭ മരണശയ്യയിലാണെന്ന്‌ വരുത്തിതീര്‍ക്കലായിരുന്നു സംഘപരിവാറിന്റെ ആവശ്യം. അതിന്‌ പ്രകാശ്‌ കാരാട്ടിന്റെ പ്രസംഗം കരുവാക്കി.

കൈരളി ചാനലിനു മാത്രം സ്വന്തമായ ഈ ടേപ്പ്‌ എങ്ങിനെ `ടൈംസ്‌ നൗ’ ചാനലിന്‌ ലഭിച്ചുവെന്നത്‌ ദില്ലിയിലെ പാര്‍ട്ടി കേന്ദ്രങ്ങളെ അമ്പരിപ്പിച്ചിരിക്കുകയാണ്‌. ദില്ലിയില്‍ നിന്നാണോ അതോ തിരുവനന്തപുരത്തുനിന്നാണോ ഈ ടേപ്പ്‌ `ടൈംസ്‌ നൗ’ ന്‌ കിട്ടിയതെന്നന്വേഷിക്കുകയാണ്‌. ഏതു കേന്ദ്രത്തില്‍ നിന്നായാലും ബി ജെ പിക്കുവേണ്ടി വിടുവേല ചെയ്യുകയായിരുന്നു `കൈരളി’ ചാനല്‍.

സി പി ഐ എം നെ പ്രതിക്കൂട്ടിലാക്കാന്‍ കച്ചകെട്ടിനില്‌ക്കുന്ന മാധ്യമങ്ങള്‍ക്ക്‌ ഇത്‌ വലിയ അവസരമായി. എന്‍ ഡി ടിവി വൈകുന്നേരംവരെ ഈ വാര്‍ത്ത സംപ്രേഷണം ചെയ്യാതിരുന്നെങ്കിലും എല്ലാ ചാനലുകളും ഇത്‌ ആഘോഷിക്കുന്നതു കണ്ടപ്പോള്‍ നിവൃത്തിയില്ലാതെ അവരും ഒപ്പം കൂടി. തസ്ലിമയെ കൊല്‍ക്കത്തയില്‍ നിന്ന്‌ പശ്ചിമബംഗാളിലെ ഇടതുപക്ഷസര്‍ക്കാര്‍ നാടുകടത്തിയതിന്റെ പേരില്‍ സംഘപരിവാര്‍ ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ മുതലെടുപ്പ്‌ നടത്തുന്നതിന്റെ തൊട്ടുപിന്നാലെയാണ്‌ പ്രകാശ്‌ കാരാട്ടിന്റെ പ്രസംഗം മാധ്യമങ്ങള്‍ക്ക്‌ വീണുകിട്ടിയത്‌.

പൊളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യച്ചൂരി ഈ വാര്‍ത്ത ശരിയല്ലെന്ന്‌ ഗുജറാത്തില്‍ നിന്ന്‌ വിശദീകരണ പ്രസ്‌താവന പി ടി ഐ ചാനല്‍ വഴി നല്‍കിയിട്ടുണ്ടെങ്കിലും സംശയങ്ങള്‍ നീങ്ങിയിട്ടില്ല. പ്രകാശ്‌ കാരാട്ടിനെയും സി പി ഐ എംനെയും വിവാദത്തിന്റെ നടുവിലേക്ക്‌ എടുത്തെറിയാന്‍ `കൈരളി’ ചാനലിനെ പ്രേരിപ്പിച്ചത്‌ എന്താണെന്ന്‌ വ്യക്തമല്ല. 

5അഭിപ്രായങ്ങള്‍

ഒരു മറുപടി കൊടുക്കുക