ഡിസംബര്‍ 20, 2007...1:50 pm

ഇന്ത്യ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക്‌

Jump to Comments

നവംബര്‍ അവസാനം പുറത്തുവന്ന ഐക്യരാഷ്‌ട്ര മാനവ വികസന (യു എന്‍ ഡി പി) റിപ്പോര്‍ട്ട്‌ പ്രകാരം, 177 രാജ്യങ്ങളുടെ മാനവ വികസന സൂചിക (എച്ച്‌ ഡി 1)യില്‍ ഇന്ത്യയുടെ സ്ഥാനം 128 ആണ്‌. 2006ല്‍ ഇന്ത്യ 126-ാം സ്ഥാനത്തായിരുന്നു. സൂചികയിലെ ഈ രണ്ടുപോയിന്റ്‌ വീഴ്‌ച നിസ്സാരമല്ല. വികസന മൂല്യത്തില്‍ മുന്‍വര്‍ഷത്തെ 0.611ല്‍ നിന്ന്‌ നേരിയ വളര്‍ച്ച നേടി 0.619ല്‍ എത്തിയിട്ടും സൂചികയില്‍ രാജ്യം താഴേക്കുപോകാന്‍ കാരണം മറ്റു വികസ്വര രാജ്യങ്ങള്‍ മെച്ചപ്പെട്ട വികസനം നേടിയതാണ്‌.

ദക്ഷിണേഷ്യയില്‍ ശ്രീലങ്ക 99-ാം റാങ്കിലും മാലിദ്വീപ്‌ 100-ാം റാങ്കിലുമായി മുന്നിലായിരിക്കെ ഭൂട്ടാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്‌, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ്‌ ഇന്ത്യയെക്കാള്‍ പിന്നിലുള്ളത്‌. നോര്‍വേയെ രണ്ടാം സ്ഥാനത്തേക്കു തള്ളി ഐസ്‌ലാന്റ്‌ ഒന്നാം സ്ഥാനത്തെത്തിയ പുതിയ മാനവിക വികസന സൂചികയില്‍ ചൈനയുടെ സ്ഥാനം 81 ആണ്‌.

ഇന്ത്യയില്‍ തുടരുന്ന വികസന നയത്തെപ്പറ്റി ആശങ്കജനിപ്പിക്കുന്ന സൂചനകളാണ്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നത്‌. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. “ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌ കാണിക്കുന്ന ഒരു സമ്പദ്‌ഘടനയായിരിക്കെത്തന്നെ, അതിന്റെ പ്രയോജനം അസമമായിട്ടാണ്‌ പങ്കുവയ്‌ക്കപ്പെടുന്നത്‌. ഇതുമൂലം മാനവ വികസനത്തില്‍ വമ്പിച്ച വിടവു നിലനില്‍ക്കുന്നു.

ജനസംഖ്യയുടെ 28 ശതമാനം – ഏകദേശം 320 ദശലക്ഷം ജനങ്ങള്‍ – ദാരിദ്ര്യ രേഖയ്‌ക്കു താഴെ ജീവിക്കുന്നു. ദരിദ്രരില്‍ മുക്കാല്‍ പങ്കും ജീവിക്കുന്നത്‌ ഗ്രാമങ്ങളിലുമാണ്‌” – റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. എല്ലാവര്‍ക്കും ഉതകുന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനം എന്ന 11-ാം പദ്ധതിയുടെ പ്രഖ്യാപനത്തെ നിരര്‍ത്ഥകമാക്കിക്കൊണ്ട്‌, രണ്ട്‌ ഇന്ത്യകള്‍ നിര്‍മ്മിക്കപ്പെടുകയാണ്‌ – സമ്പന്നരുടെ തിളങ്ങുന്ന ഇന്ത്യയും, ദരിദ്രരുടെ ദുരിതപൂരിതമായ ഇന്ത്യയും. ഇവതമ്മിലുള്ള അന്തരം കുറയുകയല്ല, കൂടുകയാണ്‌ ചെയ്യുന്നതെന്ന്‌ പുതിയ മാനവവികസന റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങളും രണ്ടുപോയിന്റ്‌ ഇടിവുസംഭവിച്ച ഇന്ത്യയുടെ സൂചികാപദവിയും വ്യക്തമാക്കുന്നു.

മൂന്ന്‌ അടിസ്ഥാന ദിശകളില്‍ ഉണ്ടാകുന്ന ദീര്‍ഘകാല പുരോഗതിയെ നിരവധി സ്ഥിതി വിവരകണക്കുകളുടെ മാനദണ്ഡം ഉപയോഗിച്ച്‌ പഠന വിധേയമാക്കുകയാണ്‌ മാനവവികസന സൂചിക ചെയ്യുന്നത്‌. ആരോഗ്യപൂര്‍ണ്ണവും ദീര്‍ഘവുമായ ആയുസ്സ്‌, അറിവിന്റെ ലഭ്യത, മാന്യമായ ജീവിത നിലവാരം ഇവയാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ആഗോളവല്‍ക്കരണം നടപ്പിലായശേഷം തുടര്‍ച്ചയായി വര്‍ദ്ധിച്ചുവരുന്ന അസമത്വത്തിന്റെ ഞെട്ടിക്കുന്ന ചിത്രമാണ്‌ സൂചിക വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌. രാജ്യങ്ങള്‍ക്കിടയിലും ഓരോ രാജ്യത്തിനുള്ളിലും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം പെരുകിക്കൊണ്ടിരിക്കുന്നു. ലോക ജനസംഖ്യയുടെ 40 ശതമാനം പേര്‍ പ്രതിദിനം രണ്ടുഡോളറില്‍ താണ തുക കൊണ്ടാണ്‌ ജീവിതം തള്ളിനീക്കുന്നത്‌. ഈ നാല്‌പതു ശതമാനംജനങ്ങള്‍ ആഗോള വരുമാനത്തിന്റെ അഞ്ച്‌ ശതമാനം മാത്രമാണ്‌ അനുഭവിക്കുന്നത്‌.

എന്നാല്‍ അതിസമ്പന്നരായ 20 ശതമാനം പേര്‍ ലോകത്തെ ആകെ വരുമാനത്തിന്റെ മുക്കാല്‍ പങ്കും തിന്നുമുടിക്കുകയാണ്‌. ലോകജനസംഖ്യയുടെ 80 ശതമാനത്തിലധികവും ജീവിക്കുന്നത്‌ വരുമാനത്തിലെ അന്തരം അടിക്കടി പെരുകിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലാണ്‌. പ്രതിവര്‍ഷം പത്തു ദശലക്ഷത്തോളം ശിശുക്കള്‍ അഞ്ചുവയസ്സുതികയും മുമ്പ്‌ മരണപ്പെടുന്നു. വികസ്വര രാജ്യങ്ങളിലെ 28 ശതമാനം ശിശുക്കളും പോഷകാഹാരം ലഭിക്കാത്തവരുമാണ്‌.

ഈ വര്‍ഷത്തെ ഹ്യൂമെന്‍ ഡെവലപ്പ്‌മെന്റ്‌ റിപ്പോര്‍ട്ട്‌ അത്യന്തം ആശങ്കാജനകമായ മറ്റൊരു വസ്‌തുത സവിശേഷമായി ചൂണ്ടിക്കാണിക്കുന്നുണ്ട്‌. നിരന്തരം വിവേചനരഹിതമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രകൃതി ചൂഷണം കൊണ്ടും അളവറ്റ തോതിലുള്ള മലിനവാതകോദ്വമനം കൊണ്ടും വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഈ നൂറ്റാണ്ടില്‍ തന്നെ മനുഷ്യരാശിക്കും മാനവസംസ്‌കാരത്തിനും വരുത്താന്‍ പോകുന്ന കെടുതികളാണത്‌.

ഇന്നത്തെ നിരക്കില്‍ ആഗോള താപനില അഞ്ചുഡിഗ്രി സെല്‍ഷ്യസ്‌ കണ്ട്‌ ഈ നൂറ്റാണ്ടില്‍ത്തന്നെ വര്‍ദ്ധിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഗോളത്തില്‍ ജീവന്റെ നിലനില്‍പ്പുതന്നെ അപകടമുനമ്പിലാക്കിയിട്ടുള്ള ഈ ഭീഷണിയെ തടയാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ ദുരിതഭാരം താങ്ങേണ്ടിവരുന്നത്‌ ലോകത്തിലെ നാല്‌പതു ശതമാനം വരുന്ന ദരിദ്രജനങ്ങളായിരിക്കും.

സമ്പന്ന വിഭാഗങ്ങളുടെ അമിതോപഭോഗത്തിനും ആധിപത്യത്തിനും വേണ്ടി ആപല്‍ക്കരമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കുകാരണമാകുന്ന പ്രകൃതിവിഭവ ചൂഷണവും, മാലിന്യോദ്വമനവും നടത്തുന്നത്‌ വികസിത – സമ്പന്ന രാഷ്‌ടങ്ങളാണ്‌. അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ അമേരിക്കയും.

ആഗോള താപവ്യതിയാനഫലമായുണ്ടാകുന്ന വരള്‍ച്ച, വെള്ളപ്പൊക്കം, മഞ്ഞുരുകല്‍ തുടങ്ങിയ നാശങ്ങള്‍ 2000-2004 കാലയളവില്‍ തന്നെ 262 ദശലക്ഷം ജനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നാണ്‌ കണക്ക്‌. ഇവരില്‍ 92 ശതമാനവും വികസ്വരരാജ്യങ്ങളിലാണ്‌. ഇന്ത്യ ഈ കാലാവസ്ഥാ വ്യതിയാനനാശങ്ങളുടെ ഏറ്റവും വലിയ ഇരകളിലൊന്നായിരിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

1 അഭിപ്രായം

  • ഇതാരുനോക്കാന്‍ മാഷേ!!!!

    ദിവാകരന്റെ അഭിപ്രായം പറയാം
    മുട്ടയും പാലും കഴിക്കുക മുറ്റി വളരുക.
    സ്വയം വരുമാനത്തിന് ടൂറിസ്റ്റുകളെ ആശ്രയിക്കുക
    പെണ്‍കുട്ടികളെ വ്യവസായികാടിസ്ത്ഥാനത്തില്‍ വളര്‍ത്തുക
    തായ് ലാന്റിലയച്ച് പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പ്രിശീലനം നല്‍കുക.
    ഇതിങ്ങനെ പോകും, നക്സലിസത്തിലേയ്ക്കു യുവജനത ഒരിക്കല്‍ കൂടി ജീവന്‍ ഹവിസ്സര്‍പ്പിക്കും.
    കണ്ണുചിമ്മുക. കാല്‍ക്കീഴിലമരുന്ന രോദനങ്ങള്‍ക്കുമേലേ നിന്നു നമുക്ക് പാടാം വികസനത്തിന്റെ പുതുഗാനം.


ഒരു മറുപടി കൊടുക്കുക