ഡിസംബര്‍ 23, 2007...1:25 pm

അപ്രഖ്യാപിത ഹെല്‍മെറ്റ്‌ വേട്ട: ചില സത്യങ്ങള്‍

Jump to Comments

കോടതിയുടെ പ്രകോപനമില്ലാതെ കേരളത്തില്‍ എപ്പോഴെങ്കിലും ഹെല്‍മെറ്റ്‌ വേട്ട നടന്നതായി അറിവില്ല. എന്നാല്‍ കേരളത്തില്‍ രണ്ടാഴ്‌ചയായി വ്യാപകമായ ഹെല്‍മെറ്റ്‌ വേട്ട നടക്കുന്നുണ്ട്‌. എന്താണിതിന്റെ ഗുട്ടന്‍സ്‌ എന്നാലോചിച്ച്‌ തല കുറേ പുകച്ചിരുന്നു. ഒരാഴ്‌ച മുമ്പ്‌ മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള പതിവു പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയോട്‌ ചില പത്രക്കാര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ കള്ളന്‍മാരെ പിടിച്ചിട്ടു മതി ഹെല്‍മെറ്റ്‌ വേട്ടയെന്ന്‌ പോലീസുകാരോടായി അദ്ദേഹം പറയുകയും ചെയ്‌തു.

നാല്‌ ദിവസം മുമ്പ്‌ എകെജി സെന്ററിനു മുമ്പില്‍ വെച്ച്‌ ഈ ലേഖകന്റെ സുഹൃത്തിനെ ഹെല്‍മെറ്റിടാത്തതിന്റെ പേരില്‍ പോലീസ്‌ തടുക്കുകയും പിഴ ഒടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മുഖ്യമന്ത്രി പറഞ്ഞതു കൊണ്ടാവും അതിന്‌ നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്നതെന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥനോട്‌ പറയുകയും പിഴ ഒടുക്കുകയും ചെയ്‌തു. അന്നും ഈ അപ്രഖ്യാപിത ഹെല്‍മെറ്റ്‌ വേട്ടയെക്കുറിച്ച്‌ ഞങ്ങള്‍ ഒരുപാട്‌ സംസാരിച്ചു. അപ്പോഴാണ്‌ കഴിഞ്ഞ ദിവസം വര്‍ത്തമാനം ദിനപത്രത്തില്‍ ഇതുസംബന്ധിച്ച്‌ ഒരു വാര്‍ത്ത വന്നതായി അറിഞ്ഞത്‌. അതു വായിച്ചപ്പോഴാണ്‌ എന്താണ്‌ സി പി എമ്മും ഹെല്‍മെറ്റും തമ്മിലുള്ള ബന്ധമെന്ന്‌ മനസിലായത്‌. അന്വേഷിച്ചു നോക്കിയപ്പോള്‍ സംഗതി വാസ്‌തവം
വായനക്കാരുടെ അറിവിലേക്കായി അത്‌ ചുവടെ കൊടുക്കുന്നു:

ഹെല്‍മറ്റ്‌ വേട്ടക്കു പിന്നില്‍
സി പി എം ജില്ലാ സമ്മേളനത്തിന്‌ സംഭാവന നല്‌കിയ കമ്പനി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പൊലീസ്‌ ഹെല്‍മെറ്റ്‌ വേട്ട കര്‍ക്കശമാക്കിയത്‌ സി പി എം ജില്ലാ സമ്മേളനങ്ങള്‍ നടന്നു വരുന്ന സാഹചര്യത്തിലാണെന്ന്‌ ആക്ഷേപം.
തിരുവനന്തപുരം ജില്ലയില്‍ ഹെല്‍മറ്റ്‌ വേട്ട പുര്‍വാധികം ശക്തിപ്പെടുത്തിയതിന്‌ പിന്നില്‍ ഒരു ഹെല്‍മറ്റ്‌ കമ്പനി ചരടുവലിച്ചതായി സൂചനയുണ്ട്‌. മാഞ്ഞാലിക്കുളം റോഡില്‍ ഗോഡൗണുള്ള ഈ കമ്പനി സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‌ ഇതിനകം മൂന്ന്‌ ലക്ഷം രൂപ സംഭാവനയായി നല്‍കിക്കഴിഞ്ഞു.

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും ഏരിയാ സെക്രട്ടറിയുമായ ഒരാളും മുന്‍ സി ഐ ടി യു നേതാവായ മറ്റൊരാളും ചേര്‍ന്നാണ്‌ ഹെല്‍മറ്റ്‌ കമ്പനിയുടെ ഇടനിലക്കാരായി നിന്ന്‌ പണം കൈപ്പറ്റിയത്‌. ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന്‌ കര്‍ക്കശമാക്കിയ ഹെല്‍മറ്റ്‌ വേട്ട ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത്‌ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ മുമ്പ്‌ പൊലിസിന്‌ നിര്‍ദേശം നല്‌കിയിരുന്നു. എന്നാല്‍ സി പി എം ജില്ലാ സമ്മേളനങ്ങള്‍ ആരംഭിച്ചതോടെ ഹെല്‍മറ്റ്‌ കമ്പനിയുടെ പ്രതിനിധികള്‍ ചില സി പി എം നേതാക്കളെ സമീപിക്കുകയും ഇടപാട്‌ ഉറപ്പിക്കുകയുമായിരുന്നു.

കോട്ടയം, കോഴിക്കോട്‌, കാസര്‍ക്കോട്‌, ഇടുക്കി എന്നി ജില്ലകളില്‍ സമ്മേളനത്തിന്‌ ഏതാനും നാള്‍ മുമ്പ്‌ ഹെല്‍മറ്റ്‌ വേട്ട പൊലീസ്‌ ശക്തമാക്കിയിരുന്നു. നിലവില്‍ വി എസ്‌ പക്ഷത്തോടെപ്പം നിലകൊള്ളുന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാന്‍ പാര്‍ട്ടി ഔദ്യോഗിക വിഭാഗം ശ്രമം ആരംഭിച്ചത്‌ മുതലെടുത്താണ്‌ ഹെല്‍മറ്റ്‌ കമ്പനി രംഗപ്രവേശം ചെയ്‌തത്‌. കേരളത്തില്‍ മുഴുവന്‍ വിതരണക്കാരുമുള്ള കമ്പനി ഹെല്‍മറ്റ്‌ വേട്ട തുടര്‍ന്നും നടത്തിയാല്‍ സംസ്ഥാന സമ്മേളനത്തിന്‌ വന്‍തുക സംഭാവനയായി നല്‌കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്‌.

ഹെല്‍മറ്റ്‌ വേട്ട മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചതോടെ ഇതിന്റെ പേരില്‍ യാത്രക്കാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി രണ്ട്‌ പ്രാവശ്യം നിര്‍ദേശം നല്‍കിയിട്ടും പൊലിസ്‌ ഇതുവരെ അത്‌ ചെവിക്കൊണ്ടിട്ടില്ല. ഇത്‌ ഹെല്‍മറ്റ്‌ കമ്പനിയുടെ സമ്മര്‍ദ്ദത്തിലാണെന്നാണറിയുന്നത്‌. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രിയും മൗനത്തിലാണ്‌.
ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന്‌ ഒട്ടുമുക്കാല്‍ ഇരുചക്ര വാഹനയാത്രക്കാരും ഹെല്‍മറ്റ്‌ വാങ്ങിയെങ്കിലും കേരളത്തില്‍ 100 ശതമാനം വില്‌പന ലക്ഷ്യമിട്ട കമ്പനിയ്‌ക്ക്‌ അന്നത്തെ സാഹചര്യത്തില്‍ കുടുതല്‍ വില്‌പ്പന നടത്താന്‍ സാധിക്കതെ വന്നു. അതിന്റെ കുറവ്‌ നികത്തുന്നതിനാണ്‌ ജില്ലാ സമ്മേളനം മറയാക്കി ഹെല്‍മറ്റ്‌ കമ്പനി രംഗപ്രവേശം ചെയ്‌തതെന്നാണ്‌ സൂചന. കഴിഞ്ഞ ആന്റണി സര്‍ക്കാരിന്റെ കാലത്ത്‌ കാട്ടക്കാട കിള്ളിയില്‍ ഹെല്‍മറ്റ്‌ വേട്ടയ്‌ക്കിടെ ഒരു യുവാവ്‌ ബൈക്കപകടത്തില്‍ കൊല്ലപ്പെട്ട സംഭവം സി പി എം രാഷ്‌ട്രീയ ആയുധമാക്കിയിരുന്നു.

3അഭിപ്രായങ്ങള്‍

  • ഇതിന് പരിഹാരമായി ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കുകൂടി ഒരു ഭാരം തലയില്‍ വെച്ചാല്‍ പോരെ. ഇനിയും ജില്ലാ സമ്മേളനങ്ങള്‍ നടക്കണ്ടെ. എന്തൊരാവേശം ജനത്തിന്റെ ജീവന്‍ രക്ഷിക്കാന്‍. കീട, കള, കുമിള്‍ നാശിനികളും മറ്റും മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിലും ഇതുതന്നെയല്ലെ കാരണം. അവരും കൊടുക്കും കൈനിറയെ പൈസ.

  • ഞങ്ങള്‍ പോലീസുകാര്‍ക്കു മാസാവസാനം ഇങ്ങനെ ചില കലാപരിപാടികള്‍ ഉള്ളതാണു. ഇതിപ്പോള്‍ വര്‍ഷാവസാനമല്ലേ?പിന്നെ മേമ്പൊടിയായി കോടിയേരി സഖാവിന്റെ ജില്ലാ സമ്മേളനവും…

  • മൈക്രോസോഫ്റ്റിന്റെ റെയ്ഡും ഇതേപോലെ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടതാണോ?


ഒരു മറുപടി കൊടുക്കുക