വീണ്ടും തന്റെ നേതൃത്വത്തിലായിരിക്കും പുതിയ മന്ത്രിസഭ ഗുജറാത്തില്‍ അധികാരത്തില്‍ വരുമെന്ന് ആദ്യം പറഞ്ഞത് മോഡി തന്നെയാണ്. പാര്‍ട്ടി നേതൃത്വത്തിനുള്ള സൂചനയായാണ് താന്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന് മോഡി മാധ്യമപ്രവര്‍ത്തകര്‍ക്ക് എസ് എം എസ് സന്ദേശം അയച്ചത്. ദല്‍ഹിയിലിരുന്ന് ബി ജെ പിയുടെ അഖിലേന്ത്യാ പ്രസിഡന്റിന് ആരും പാര്‍ട്ടിക്ക് അതീതരല്ലെന്ന് പറയേണ്ടി വന്നു.
വര്‍ഗീയമായ ധ്രുവീകരണത്തിന്റെ ഉല്‌പന്നമാണ് ഗുജറാത്തിലെ ബിജെപിയുടെ അഥവാ മോഡിയുടെ വിജയം എന്നത് വ്യക്തമാണ്. തീവ്രമായ ആശയങ്ങളായിരുന്നു തെരഞ്ഞെടുപ്പിലുടനീളം മോഡി ഉപയോഗിച്ചത്. എന്നാല്‍ അതിനെ ശക്തമായി എതിര്‍ക്കാന്‍ തക്കവിധത്തിലുള്ള കെല്‌പ് ഗുജറാത്തിലെ കോണ്‍ഗ്രസിന് ഇല്ലായിരുന്നു. ഹിന്ദുത്വത്തെ തള്ളിപ്പറയാതെ ബി ജെ പിയുടെ ബി ടീം എന്ന മട്ടിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം.
സോണിയാഗാന്ധി മോഡിക്കെതിരെ നടത്തിയ ശക്തമായ പരാമര്‍ശങ്ങള്‍ പോലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗുജറാത്തില്‍ പ്രചരിപ്പിച്ചത്. കാരണം അവര്‍ തീവ്രമായ മോഡിയുടെ ആശയഗതിയോട് സമരം ചെയ്യാനല്ല, സമരസപ്പെടാനാണ് തുനിഞ്ഞത്. സ്വാഭാവികമായും കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അകലം കുറഞ്ഞപ്പോള്‍ അവര്‍ ബി ജെ പിയെ തെരഞ്ഞെടുത്തു. ബിജെപി ഉയര്‍ത്തിയിരുന്ന വെല്ലുവിളികളെ ആശയപരമായി പരാജയപ്പെടുത്താനുള്ള ആത്മവിശ്വാസക്കുറവ് മാത്രമാണ് കോണ്‍ഗ്രസിന്റെ പരാജയത്തില്‍ കലാശിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് ഗുജറാത്തില്‍ നരേന്ദ്രമോഡിയും നടപ്പിലാക്കിക്കൊണ്ടിരുന്നത്. വികസന നായകരായിരുന്ന ചന്ദ്രബാബു നായിഡുവിനെയും എസ് എം കൃഷ്‌ണയെയും ജനങ്ങള്‍ തൂത്തെറിഞ്ഞതുപോലെ നരേന്ദ്രമോഡി തൂത്തെറിയപ്പെടാതിരുന്നതിന് കാരണം ജനങ്ങളുടെ ചെറുത്തു നില്‌പ്പിന് കൃത്യമായ ഏകരൂപം കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ്. മാത്രമല്ല വര്‍ഗീയതയുടെ ശരിയായ അളവിലെ ഉപയോഗവും കാര്യമായ ഗുണം ചെയ്‌തു.
നാടെങ്ങും വികസനത്തിന്റെ പെരുമ്പറ മുഴങ്ങുമ്പോള്‍ ബിജെപിയുടെ കര്‍ഷ സംഘടനകളില്‍ തന്നെ വലിയ അസംതൃപ്‌തി രൂപപ്പെടുന്നതായാണ് അവിടത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രം സമ്പന്നരും ഭൂരിപക്ഷത്തെ ദരിദ്രരുമാക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്താനായിരിക്കും മോഡി ശ്രമിക്കുക. ഇതായിരിക്കും ആ വര്‍ഗീയ ഫാസിസ്റ്റിന്റെ പതനത്തിന് കാരണമാവുക. വിശപ്പിനും ദാരിദ്രത്തിനും മുന്നില്‍ എന്ത് മതം, എന്ത് ജാതി????