ഡിസംബര്‍ 28, 2007...7:17 am

അയിത്തം തീണ്ടുന്ന അതിര്‍ത്തിഗ്രാമങ്ങള്‍-ഒന്ന്‌

Jump to Comments

അയിത്തവും അനാചാരങ്ങളും നിറഞ്ഞ കേരളത്തെയാണ്‌ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നുവിളിച്ചത്‌. പല മഹാരഥന്‍മാരുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ നാട്‌ ഒരുപാട്‌ മാറി. പക്ഷേ, ആ സാമൂഹ്യമാറ്റം പൂര്‍ത്തിയായോ? കാലം കുഴിച്ചുമൂടിയ അയിത്തവും തൊട്ടുകൂടായ്‌മയും കേരളത്തില്‍ നിന്ന്‌ മുഴുവനായി മാഞ്ഞുപോയിട്ടില്ലെന്ന്‌ ഈ കഥകള്‍ വിളിച്ചുപറയുന്നു. കേരളമാതൃകകളില്‍ ആഹങ്കരിക്കുന്ന നമ്മെ ഇതു നാണിപ്പിക്കേണ്ടതാണ്‌.
(ഇത്‌ ഞാന്‍ 2004 സെപ്‌തംബര്‍ 11ന്‌ വര്‍ത്തമാനം ദിനപത്രത്തില്‍ ആരംഭിച്ച പരമ്പരയുടെ തുടക്കമായിരുന്നു. നാല്‌ ദിവസം നീണ്ടു നിന്ന ആ പരമ്പരക്കു ശേഷമാണ്‌ അന്ന്‌ ഈ അയിത്തപ്രശ്‌നം ഇതരമാധ്യമങ്ങള്‍ ഏറ്റെടുത്തത്‌. ഒരു ഓര്‍മ്മപുതുക്കലായി അത്‌ ബ്ലോഗില്‍ പുനഃപ്രസിദ്ധീകരിക്കുന്നു. മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്ന്‌ നിലവില്‍ അതിര്‍ത്തിഗ്രാമങ്ങളിലെ മനുഷ്യത്വഹീനമായ പ്രവൃത്തികള്‍ക്ക്‌ അയവു വന്നിട്ടുണ്ട്‌)

ചായക്കടകളില്‍ അവര്‍ണഗ്ലാസും സവര്‍ണഗ്ലാസും

ചായക്കടയില്‍ രണ്ടുതരം ഗ്ലാസുകള്‍; ഒന്ന്‌ മേല്‍ജാതിക്കാര്‍ക്ക്‌, മറ്റൊന്ന്‌ കീഴാളര്‍ക്കും. ദലിതര്‍ക്ക്‌ പ്രവേശനമില്ലാത്ത ബാര്‍ബര്‍ഷോപ്പുകള്‍, സവര്‍ണര്‍ക്കു മാത്രം കയറാവുന്ന ക്ഷേത്രങ്ങള്‍-ഇത്‌ കേരളം തന്നെയാണ്‌. തമിഴ്‌നാടിനോട്‌ ചേര്‍ന്നുകിടക്കുന്ന പാലക്കാടന്‍ പ്രദേശങ്ങള്‍.
പാലക്കാട്‌ ജില്ലയിലെ മീനാക്ഷിപുരം മുതല്‍ ഒഴലപ്പതി വരെയുള്ള 36 കിലോമീറ്റര്‍ ദൂരത്തെ അതിര്‍ത്തിഗ്രാമങ്ങളെ അടക്കിഭരിക്കുന്നത്‌ കൗണ്ടര്‍മാരാണ്‌. കൗണ്ടര്‍മാര്‍ എന്നാല്‍ നാട്ടുപ്രമാണിമാര്‍. വന്‍ഭൂഉടമകളായ ഇവരാണ്‌ നാട്ടിലെ നീതിയും നിയമവും നടപ്പിലാക്കുന്നത്‌; താഴ്‌ജാതിക്കാര്‍ കുടിച്ച ഗ്ലാസില്‍ മേല്‍ജാതിക്കാര്‍ വെള്ളം കുടിക്കാറില്ല. അവര്‍ മുടിവെട്ടുന്ന കടയില്‍ കയറില്ല…ഇതെല്ലാം കിഴക്കനതിര്‍ത്തി ഗ്രാമങ്ങളിലെ നിത്യചര്യകള്‍. കാലം കുഴിച്ചുമൂടിയ അയിത്തവും തൊട്ടുകൂടായ്‌മയും ഇവിടെ നിന്ന്‌ മാഞ്ഞുപോയിട്ടില്ല.
ചിറ്റൂര്‍ താലൂക്കിലെ ചിന്നകൗണ്ടന്നൂര്‍, തേനംപതി, മല്ലംപതി, ആട്ടാംപതി, കാമരാജ്‌ നഗര്‍, മാലാഗഡ്‌, കിണര്‍പള്ളം, കുപ്പാണ്ട കൗണ്ടന്നൂര്‍, അനുപ്പൂര്‍, വേലന്താവളം, ഒഴലപ്പതി, ഗോവിന്ദാപുരം, സ്രാമ്പി, മൂലക്കട, ആര്‍ വി പുതൂര്‍ എന്നീ ഗ്രാമങ്ങളിലാണ്‌ ജാതിവ്യവസ്ഥയും അയിത്തവും ഊരുവിളക്കും വാഴുന്നത്‌.
പട്ടികജാതിക്കാരായ ചക്ലിയര്‍, പറര്‍, പട്ടികവര്‍ഗക്കാരായ മലയര്‍, എറവാളര്‍ വിഭാഗങ്ങളാണ്‌ മേല്‍ജാതിക്കാരുടെ പീഢനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുന്നത്‌. ഇവിടങ്ങളിലെ മഹാഭൂരിപക്ഷം ദലിതര്‍ക്കും രാജ്യത്തിന്‌ സ്വാതന്ത്ര്യം കിട്ടിയെന്നോ സ്വാതന്ത്ര്യമെന്നാല്‍ എന്തെന്നോ അറിയില്ല. ഭൂവുടമകളായ മേല്‍ജാതിക്കാര്‍ പറയുന്നതുമാത്രമാണ്‌ അവരുടെ അറിവും ശരിയും.
കുറ്റകൃത്യങ്ങള്‍ക്കുള്ള ചെറിയ ശിക്ഷ തെങ്ങില്‍ കെട്ടിയിട്ട്‌ ചാട്ടവാറുകൊണ്ടുള്ള അടിയാണ്‌. വിധിപ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതും കൗണ്ടര്‍. കുറ്റത്തിന്റെ ഗൗരവത്തിനനുസരിച്ച്‌ അടിയുടെ എണ്ണം കൂടും.യജമാനനെ ചോദ്യം ചെയ്യുകയോ എതിര്‍ക്കുകയോ ചെയ്യല്‍ മാപ്പില്ലാത്ത തെറ്റാണ്‌. ശിക്ഷ നടപ്പിലാക്കാനും ‘ക്രമസമാധാന പാലനത്തിനും’ ഓരോ ഭൂവുടമയും ഗുണ്ടാ സംഘത്തെ വളര്‍ത്തും. അവരാണ്‌ ഗ്രാമത്തിലെ പോലീസുകാര്‍.
ചായക്കടയില്‍ പണ്ട്‌ കീഴാളന്‌ ചിരട്ടയിലായിരുന്നു ചായ നല്‌കിയിരുന്നത്‌. പ്രതിഷേധങ്ങളെത്തുടര്‍ന്ന്‌ സ്റ്റീല്‍ഗ്ലാസുകളില്‍ ചായ നല്‍കാന്‍ ആരംഭിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനേത്തുടര്‍ന്ന്‌ ചില്ലുഗ്ലാസുകളില്‍ ചായ നല്‍കിത്തുടങ്ങി. പക്ഷെ അവര്‍ണന്റെ ഗ്ലാസുകള്‍ സവര്‍ണന്റേതിനു സമീപം പോലും വെക്കാറില്ല. കടയുടെ മൂലക്കിരുന്ന്‌ ചയകുടിക്കുന്ന ദലിതന്‍ സ്ഥിരം കാഴചയാണ്‌.
ഗ്രാമങ്ങളിലെ മിക്കവാറും ക്ഷേത്രങ്ങള്‍ സവര്‍ണരുടേതാണ്‌. മതില്‍ക്കെട്ടിനപ്പുറത്ത്‌്‌ നിന്ന്‌ ദൈവത്തെ തൊഴാം. വഴിയരികില്‍ വിഗ്രഹം വെച്ച്‌ അന്വലമുണ്ടാക്കിയാണ്‌ മിക്കവാറും ദലിതരുടെ ആരാധന.
തമിഴ്‌ദൈവമായ മധുരവീരനാണ്‌ അവര്‍ണന്റെ പ്രധാന ആരാധനാ മൂര്‍ത്തി. ആര്‍ വി പുതൂരിലെ ദലിത്‌കോളനികളിലേക്കുള്ള പാതയുടെ ഓരങ്ങളില്‍ വെയിലും മഴയുമേറ്റ്‌ നരച്ചുനില്‌ക്കുന്ന മധുരവീരന്റെ സിമന്റ്‌ വിഗ്രഹങ്ങള്‍ കാണാം.
‘ഊര്‍ കൗണ്ടര്‍’ വരുമ്പോള്‍ ദലിതര്‍ വഴിയോരത്ത്‌ വേലിയോട്‌ ചേര്‍ന്ന്‌ നടുവളഞ്ഞ്‌ നില്‍ക്കണം; മടക്കിക്കെട്ടിയ മുണ്ട്‌ താഴ്‌ത്തണം; കൈകെട്ടണം, ഇല്ലെങ്കില്‍ യജമാനന്റെ ഗര്‍ജനം വരും-’ നീ അവ്‌ളവു പെരുശാച്ചാ’ (നീയത്രക്കു വളര്‍ന്നോ).
മൂന്നു വര്‍ഷമായി കൊടുംവരള്‍ച്ചയുടെ കെടുതികള്‍ ഏറെ കണ്ടവരാണ്‌ അതിര്‍ത്തിയിലെ ദലിതര്‍. വല്ലപ്പോഴും വരുന്ന പൈപ്പ്‌ വെള്ളത്തെ ആശ്രയിച്ചാല്‍ തൊണ്ട നനയില്ലെന്നായതോടെ ചിലര്‍ കൗണ്ടറുടെ പറമ്പിലെ ജലസമൃദ്ധിയില്‍ പങ്കുപറ്റാന്‍ ചെന്നു. ആട്ടിയിറക്കപ്പെടുകയായിരുന്നു തങ്ങള്‍ എന്ന്‌ ഇവര്‍ പറയുന്നു.
ഭൂഉടമയായ കൗണ്ടറെ പിണക്കിയാല്‍ പ്രശ്‌നമാണ്‌. കൃഷിപ്പണിക്ക്‌ പോകാനാവില്ല. ഒരു ജന്മി നിഷേധിച്ചാല്‍ മറ്റൊരു ജന്മയും പണിക്കെടുക്കില്ല. പുരുഷന്‌ 55-65 രൂപയും സ്‌ത്രീകള്‍ക്ക്‌ 30-35 രൂപയുമാണ്‌ ദിവസക്കൂലി. ഇതിലും കുറഞ്ഞ കൂലിക്ക്‌ അരക്കിലോമീറ്റര്‍ അപ്പുറത്ത്‌ തമിഴ്‌നാട്ടില്‍ നിന്നും പണിക്കാരെ കിട്ടുമെന്ന്‌ പറഞ്ഞാണ്‌ ജന്മിയുടെ വിരട്ടല്‍. ഗോവിന്ദാപുരത്തെ ബാര്‍ബര്‍ഷോപ്പില്‍ ചക്ലിയ സമുദായക്കാര്‍ക്ക്‌ അയിത്തം കല്‍പിച്ചതിനെ തുടര്‍ന്ന്‌ ഉടലെടുത്ത പ്രതിഷേധങ്ങളെ ദലിത്‌ യുവാക്കള്‍ക്കിടയില്‍ സമരജ്വാലകളാക്കി മാറ്റാന്‍ ദലിത്‌ ആദിവാസി സംഘടനകള്‍ ശ്രമിക്കുമ്പോള്‍ ആര്‍ വി പുതൂര്‍, കാമരാജ്‌ കോളനിയിലെ നൂറ്റഞ്ചുകാരനായ രങ്കന്‌ പറയാനുള്ളത്‌ പത്തുപേരെ കുരുതികൊടുത്ത്‌ രണ്ട്‌ ദശാബ്ദം മുമ്പ്‌ നടന്ന ഐതിഹാസിക സമരത്തിന്റെ കഥയാണ്‌. അത്‌ അടുത്ത ഭാഗത്തില്‍.

3അഭിപ്രായങ്ങള്‍

  • അങ്ങനെയൊരു സങ്കുചിതത്വം ഇന്നുണ്ടോ?
    നാമെല്ലാം എത്ര മാറിയിരിയ്ക്കുന്നു.
    കേരളത്തിലെന്തായാലും ഇല്ല..
    അതല്ലെ നമ്മുടെ മാഹാത്മ്യം?

  • തനേഷ്‌ തമ്പി
    ഡിസംബര്‍ 28, 2007 -ല്‍ 11:03 am

    ഇതെഴുതുന്നത് 2004ലാണ്. അന്നത് മിക്കവാറും എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ പശ്ചാത്തലത്തിലാണ് ഈ പരമ്പര ചെയ്തത്..

  • I didn’t believe this before I discussed about this with a friend who’s a big land load Kounder in Polachi. Now I got the funda behind his love to disposable glass in tea shop.
    The real stories of THEERPU are more horrible than which appears on news.

ഒരു മറുപടി കൊടുക്കുക