മുന്‍മരാമത്തുമന്ത്രി എം കെ മുനീറിനെതിരെ വിജിലന്‍സ് അന്വേഷണത്തോളമെത്തിയ ആരോപണങ്ങള്‍ മിക്കതും ഉന്നയിച്ചത് ഇപ്പോഴത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കാണ്. പൊതുമരാമത്തുവകുപ്പില്‍ ഇന്നും തുടരുന്ന പ്രശ്‌നങ്ങളിലും കരാറുകളിലും അറ്റകുറ്റപ്പണികള്‍ മുടങ്ങിയതിലുമെല്ലാം കുറ്റവാളി മുനീര്‍ ആണെന്നാണ് മന്ത്രി ഐസക് ഇപ്പോഴും ആവര്‍ത്തിച്ച് ആരോപിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡോ. മുനീറുമായി ജനശക്തിക്കുവേണ്ടി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം
ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ താങ്കള്‍ ആവശ്യപ്പെട്ടിരുന്നല്ലോ. ആദ്യമായാണ് ധനമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന് പ്രതിപക്ഷത്തു നിന്ന് ഒരാള്‍ ആവശ്യപ്പെടുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആവശ്യം?
ധനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ നിഗൂഢതയുണ്ടെന്നതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിറകില്‍ ഒരു സാമ്രാജ്യത്വ അജണ്ടയുണ്ട് എന്നതിന് യാതൊരു സംശയവും വേണ്ട. മന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ആളല്ല ഐസക്ക്. ജനങ്ങള്‍ ഇത് വ്യക്തമായി മനസിലാക്കണം. ലോകബാങ്കിന് കൊടുക്കാനുള്ള 2500 കോടി, മറ്റുള്ളവര്‍ക്ക് ഇത്രകോടി ഇതെല്ലാം കൊടുത്തു കഴിഞ്ഞ് കേരളത്തില്‍ വികസന പദ്ധതികള്‍ക്ക് ചിലവഴിക്കാന്‍ പണമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞിരുന്നത് ഓര്‍ക്കുമല്ലോ. അങ്ങിനെയെങ്കില്‍ കടക്കെണിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാനായിരുന്നു അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്. എന്നാല്‍ സംഭവിച്ചതെന്താണ്? ലഭിക്കേണ്ട നികുതി പിരിച്ചെടുക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, എഡിബി, ലോകബാങ്ക് വായ്‌പകള്‍ക്ക് പിറകെയാണ് അദ്ദേഹം പോയത്.
തോമസ് ഐസക്കിന്റെ ധനകാര്യമാനേജ്‌മെന്റ് ശരിയല്ല എന്നാണോ പറഞ്ഞു വരുന്നത്?
കരാറുകാരുടെ കുടിശിക താന്‍ പൂജ്യമാക്കും എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കടമെടുത്തിട്ടാണത്രെ കുടിശിക തീര്‍ക്കുക. ഒരു സംസ്ഥാനത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നിന്നാല്‍ കടംതരാന്‍ ഇഷ്‌ടംപോലെ ആളുകള്‍ ഉണ്ടാകും. പണം കൃത്യമായി അടച്ചില്ലെങ്കില്‍ കലക്‌ടറേറ്റുകളൊക്കെ ജപ്‌തി ചെയ്‌തു പോകുമെന്നേയുള്ളൂ. അങ്ങനെ കടമെടുത്ത് കുടിശിക തീര്‍ക്കുന്നത് ആര്‍ക്കും എളുപ്പത്തില്‍ കഴിയുന്ന കാര്യമാണ്. ധനകാര്യമാനേജ്‌മെന്റ് എന്ന് പറയുന്നത് ഒന്നും പിശുക്കിവെക്കലല്ല. നമ്മള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചിലവഴിക്കണം. പിന്നെ നികുതി പിരിച്ചെടുക്കണം. മറ്റേത് കണക്കുപിള്ളയുടെ പരിപാടിയാണ്. കടംവാങ്ങുക, തല്‍ക്കാലം അഞ്ചു വര്‍ഷത്തെ പ്രശ്‌നങ്ങള്‍തീര്‍ക്കുക. ഇപ്പോള്‍ എന്റെ മേല്‍ ചാര്‍ത്താന്‍ ശ്രമിക്കുന്ന കെഎസ്‌ടിപി പദ്ധതിക്കായുള്ള ലോകബാങ്ക് കടംപോലും മന്ത്രിയായിരുന്ന ടി ശിവദാസമേനോന്‍ ഉണ്ടാക്കിയതാണ്.
എന്തുകൊണ്ടാണ് ഐസക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ നിഗൂഢതയുണ്ടെന്നു പറയുന്നത്?
അതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. പതിബെല്‍ കമ്പനി പ്രതിനിധിയുമൊത്ത് പൊതു വിലയിരുത്തല്‍ യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് എന്നല്ലാതെ ഞാന്‍ ഒരിക്കലും അവരെ എന്റെ ചേമ്പറിലേക്ക് വിളിച്ചിട്ടില്ല. പക്ഷെ തോമസ് ഐസക്ക് എത്രതവണ പതിബെലിനെ ചേമ്പറില്‍ വിളിച്ചു. അത് ഒരുതരത്തിലും പാടില്ലാത്ത കാര്യമാണ്. അറ്റകുറ്റപ്പണികളുടെ പേരില്‍ സംസ്ഥാനത്തെ കരാറുകാരുടെ യോഗം പലപ്പോഴും വിളിച്ചുചേര്‍ത്തിട്ടില്ലേ. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് അറ്റകുറ്റപ്പണി നടത്താന്‍ 75 കോടി രൂപ മാറ്റിവെക്കാന്‍ അദ്ദേഹം തയാറാവാത്തതിന്റെ ഫലമായി സംസ്ഥാനത്തിന് ആയിരം കോടി രൂപയുടെ നഷ്‌ടമുണ്ടായി. ഞങ്ങള്‍ എല്ലാവര്‍ഷവും അറ്റകുറ്റപ്പണിക്ക് 250 കോടി രൂപ മാറ്റിവെക്കുമായിരുന്നു. അഞ്ചുവര്‍ഷം ഞങ്ങള്‍ അറ്റകുറ്റപ്പണി ചെയ്‌തില്ലേ. എന്നെപ്പറ്റി എന്തൊക്കെ കുറ്റങ്ങള്‍ നിങ്ങള്‍ പറഞ്ഞാലും ഇത്തരമൊരു ചര്‍ച്ചക്കോ കോടതിയുടെ പരാമര്‍ശങ്ങള്‍ക്കോ ഇടനല്‍കിയിട്ടില്ല. പി ജെ ജോസഫ് നിയമസഭയില്‍ പറഞ്ഞു-ധനമന്ത്രിയുടെ പിടിവാശികാരണം 14,000 കിലോമീറ്റര്‍ വരുന്ന സംസ്ഥാനത്തെ റോഡുകളില്‍ പതിനായിരം കിലോമീറ്റര്‍ പൊളിഞ്ഞു തകര്‍ന്നിരിക്കുന്നു എന്ന്. ഖജനാവ് കാലിയാക്കി അടുത്തുവരുന്ന സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാനാവാത്ത വിധത്തിലേക്ക് സര്‍ക്കാര്‍ കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊരു ധനകാര്യമന്ത്രിയെ നമ്മള്‍ നിലനിര്‍ത്തേണ്ടതുണ്ടോ. ഇദ്ദേഹത്തെ എന്നു നമ്മള്‍ പുറത്തിറക്കുന്നോ അന്ന് സംസ്ഥാനം രക്ഷപ്പെടും. ഇദ്ദേഹം പിരിച്ചെടുക്കുന്നു എന്നു പറഞ്ഞ നികുതി എവിടെ?
പറഞ്ഞ നികുതി പോലും പിരിച്ചെടുക്കുന്നില്ല, ലോട്ടറി മാഫിയ ഉള്‍പ്പെടെയുള്ളവരെ സഹായിക്കുന്നതായി ആക്ഷേപം വരുന്നു. ഒടുവില്‍ പതിബെല്‍ വിവാദം…എന്തുകൊണ്ടാണ് ധനമന്ത്രിയുടെ നിലപാടുകളെ പ്രതിപക്ഷം ചോദ്യം ചെയ്യാന്‍ മടിക്കുന്നത്?
ഇനി ഫോക്കസ് ചെയ്യാനുള്ളത് ഈ വിഷയം മാത്രമാണ്. നമ്മള്‍ മറ്റുള്ളവരുടെ അഴിമതികളെക്കുറിച്ചും ഒക്കെ സംസാരിക്കുന്നു. പക്ഷെ ഇവിടെ അഴിമതിക്ക് വളംവെക്കുന്ന, പ്രേരിപ്പിക്കുന്ന രീതിയിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോവുകയാണ് ഐസക്ക്.
അതായത് ധനകാര്യമന്ത്രി ഒരുതരത്തിലുള്ള സാമ്പത്തിക അരാജകത്വം സൃഷ്‌ടിക്കുന്നു എന്നാണോ? അതിനെ എങ്ങനെ വസ്‌തുതാപരമായി തെളിയിക്കാനാവും..
അതെ, ആദ്യം ഒരു സ്‌പോര്‍ട്‌സ് ലോട്ടറിയാണ് ഇദ്ദേഹം കൊണ്ടുവന്നത്. 200 കോടി രൂപ പിരിക്കുമെന്നു പറഞ്ഞു. ഇടയ്‌ക്കു പറഞ്ഞോട്ടെ ഐസക്കിന്റേത് എല്ലാം ഭാവനകളാണ്. എല്ലാവരും വിചാരിക്കും വലിയ ബുദ്ധിജീവി ആണെന്ന്. സത്യത്തില്‍ ഇത്രയും ബുദ്ധിയില്ലായ്‌മ കാണിക്കുന്ന മന്ത്രി വേറെ ഉണ്ടായിട്ടില്ല കേരളത്തില്‍. അദ്ദേഹം അച്യുതമേനോനുമായിട്ടാണ് സ്വയം താരതമ്യം ചെയ്യുന്നത്. അതായത് അച്യുതമേനോനെ പോലും അവഹേളിക്കുകയാണ്. കായിക ലോട്ടറിയില്‍ 200 കോടി ലക്ഷ്യമിട്ട് 30 കോടിയില്‍ താഴെ മാത്രമാണ് പിരിച്ചെടുക്കാനായത്. അതിനു പിറകെ ലക്കിവാറ്റ് എന്നു പറയുന്ന ഒരു പരിപാടികൊണ്ടുവന്നു. വ്യാപാരികളില്‍ നിന്ന് ഇതാ ഇത്രപൈസ പിരിച്ചെടുക്കാന്‍ പോകുന്നു എന്നാണ് പറഞ്ഞത്. അതിന്റെ കണക്കെത്രയാണ്? അഴിമതി രഹിത വാളയാര്‍ പദ്ധതി കൊണ്ടുവന്നപ്പോള്‍ അവിടെ വരുമാനം പത്ത് കോടി രൂപ കുറഞ്ഞു. അതിപ്പോള്‍ കാസര്‍ഗോട്ടേക്കും എറണാകുളത്തേക്കും വ്യാപിപ്പിക്കാന്‍ പോവുകയാണത്രെ. അതിന്റെ അര്‍ഥം അവിടെ നേരെചൊവ്വേ നടക്കുന്നത് ഈ രൂപത്തിലാക്കുക എന്നാണ്. ആരുമെന്താ അയാളെ പിടിച്ചുകെട്ടാത്തത്. ജി സുധാകരനെയല്ല സത്യത്തില്‍ പിടിച്ചുകെട്ടേണ്ടത് ഐസക്കിനെയാണ്. അദ്ദേഹത്തെ വെറുതെ വിടരുത്. വ്യക്തിപരമായ വൈരാഗ്യം കൊണ്ടല്ല ഞാനിത് പറയുന്നത്. കേരളം അദ്ദേഹത്തെ വിലയിരുത്തട്ടെ. സോഷ്യല്‍ ഓഡിറ്റിന് വിധേയനാക്കേണ്ടത് തോമസ് ഐസക്കിനെയാണ്. കാരണം ഇപ്പോള്‍ത്തന്നെ പതിനായിരമോ ഇരുപതിനായിരമോ കോടി രൂപയുടെ നഷ്‌ടത്തിലേക്ക് സംസ്ഥാനം വീണ്ടും പോവുകയാണ്. എന്നിട്ട് അദ്ദേഹം പറയുന്നത് അന്നത്തെ സ്ഥിതിയല്ല ഇന്ന് എന്നാണ്.
ഏത് സ്ഥലത്തു നിന്നാണ് താന്‍ പിരിക്കേണ്ടതെന്ന് കാണിച്ചുതരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നല്ലോ?
അങ്ങിനെയാണെങ്കില്‍ അദ്ദേഹം എന്തിനാണ് നിയമസഭയില്‍ ഞാന്‍ ഇത്രയും പിരിക്കും എന്നു പറഞ്ഞത്. അന്ന് ഒരു കണക്ക് അവതരിപ്പിച്ചിരുന്നല്ലോ. അതെവിടെ നിന്നുകിട്ടി? അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങളും പച്ചക്കള്ളമാണെന്ന് ഓരോ പ്രസ്‌താവനയിലും വ്യക്തമാവുകയാണ്. 8000ത്തിലധികം കോടിരൂപ ലോട്ടറി കച്ചവടക്കാരില്‍ നിന്നും പിരിച്ചെടുക്കാനുണ്ടെന്നു നിയമസഭയില്‍ തന്നെ പ്രഖ്യാപിച്ച ധനമന്ത്രി അതില്‍ ഒരു നയാപൈസയെങ്കിലും പിരിച്ചെടുക്കാന്‍ ശ്രമിച്ചോ? ലോട്ടറിക്കച്ചവടക്കാരുമായുള്ള 33 കേസുകള്‍ കോടതിയില്‍ തോല്‍ക്കുകയും ചെയ്‌തു. കേസുകളിലും മറ്റും കുടുങ്ങിക്കിടക്കുന്ന 800 കോടി രൂപ സമയബന്ധിതമായി പിരിച്ചെടുക്കാന്‍ കോടതിയുടെ ഒരു പ്രത്യേക ബഞ്ച് ആരംഭിക്കുമെന്നും അതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തുമെന്നും ധനമന്ത്രി തന്റെ ആദ്യ ബജറ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു ബഞ്ച് ആരംഭിക്കുകയോ ഈയിനത്തില്‍ ഒരു പൈസയെങ്കിലും പിരിച്ചെടുക്കുകയോ ചെയ്‌തോ?
പതിബെലിനെ കരിമ്പട്ടികയില്‍പെടുത്തുമെന്ന് പറഞ്ഞത് ഒരു തന്ത്രമാണെന്ന് ഐസക്ക് പറഞ്ഞിരുന്നത് ശ്രദ്ധിച്ചിരുന്നോ…?
തന്ത്രമായിരുന്നെങ്കില്‍ പറയേണ്ടിയിരുന്നത് പതിബെലിനോടാണ് പൊതുജനങ്ങളോടല്ല. ഞാന്‍ ഇവരെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ പോവുകയാണെന്ന് ഐസക്ക് പറഞ്ഞത് കേരളത്തിലെ ജനങ്ങളോടാണ്. എന്നിട്ട് ഇപ്പോള്‍ പറയുന്നു നുണപറഞ്ഞതാണെന്ന്. അദ്ദേഹത്തെ തെരഞ്ഞെടുത്ത ജനങ്ങളോട് പച്ചക്കള്ളം പറഞ്ഞിരിക്കുന്നു. ഈ ഒരൊറ്റകാരണം മതി ഐസക്കിന്റെ മന്ത്രിസ്ഥാനം തെറിക്കാന്‍.
ആര്‍ എസ് പി, സി പി ഐ, കേരളാ കോണ്‍ഗ്രസ്, ജനതാദള്‍ തുടങ്ങി ഇടതുമുന്നണിയിലെ എല്ലാ കക്ഷികളും ധനമന്ത്രിക്കെതിരെ രംഗത്തെത്തിയിട്ടും പ്രതിപക്ഷത്തിന് അത് ഉപയോഗിക്കാന്‍ കഴിയുന്നില്ലല്ലോ?
ശരിയാണ്, പക്ഷെ കഴിഞ്ഞ പ്രസ്‌താവനയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ശക്തിയയായി പറഞ്ഞിട്ടുണ്ട്. അതായത് ധനമന്ത്രിയിലേക്ക് കാര്യങ്ങള്‍ വന്നിരിക്കുന്നു.
പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമൊക്കെ ധനമന്ത്രിയോട് ഒരു സോഫ്‌റ്റ്‌കോര്‍ണര്‍ ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്..
ഇദ്ദേഹത്തിന്റെ വേറൊരുകാര്യം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് എന്നതാണ്. വാളയാറു പോകുമ്പോള്‍ പത്രക്കാരെയും കൊണ്ടുപോവുക, വാരിക്കോരി പരസ്യങ്ങള്‍ കൊടുക്കുക എന്നതൊക്കെ പതിവുകാഴ്‌ചകളാണ്. ഇപ്പോള്‍ തന്നെ ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ എന്നുപറഞ്ഞ് ഒന്ന്. എന്താണ് ഈ ഫെസ്റ്റിവെലിന്റെ ഉദ്ദേശം എന്നു മനസിലാവുന്നില്ല. സാധാരണ ഡിഎസ്‌എഫ് എന്നു പറഞ്ഞ് ഒരു ഫെസ്റ്റിവല്‍ ദുബായില്‍ നടക്കാറുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആളുകളെയാണ് അവിടേക്ക് ആകര്‍ഷിക്കുന്നത്. ഇവിടെ ഇപ്രാവശ്യം അദ്ദേഹം ചെലവഴിച്ചത് എത്രയാണ്? ആരെയാണ് അദ്ദേഹം പുതുതായി കേരളത്തിലേക്ക് ആകര്‍ഷിച്ചത്? ഇങ്ങനെയൊരു സംഭവം നടക്കുന്നതായി ആര്‍ക്കെങ്കിലും അറിയുമോ? മാത്രമല്ല, ഈയടുത്ത സമയത്ത് ഞങ്ങള്‍ ഫെസ്റ്റിവലിന്റെ ഭാഗമായ ഒരു കടയില്‍ പോയി നോക്കിയപ്പോള്‍ (വിലക്കുറവ് ഉണ്ടാകുമെന്നാണല്ലോ വെപ്പ്, അവശ്യസാധനങ്ങളുടെ വിലവര്‍ധിച്ചിട്ട് ഈ സ്റ്റാളുകളില്‍ ചെന്നപ്പോള്‍) അവര്‍ പറയുന്നത് എന്താണെന്നു വെച്ചാല്‍ ഈ ഗ്രാന്റ് ഫെസ്റ്റിവല്‍ തുടങ്ങുന്നതിന് മുമ്പുള്ള വിലയേക്കാള്‍ 12 ശതമാനം കൂടുതല്‍ വിലക്കേ നിങ്ങള്‍ക്ക് സാധനം തരാന്‍ പറ്റുകയുള്ളൂ എന്നാണ്.
ഗ്രാന്റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവലിനു പിന്നിലും എന്തൊക്കെയോ ദുരൂഹത ഒളിച്ചിരിപ്പില്ലേ?
സാധാരണ കടയില്‍ ആളുകള്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിനെ ഫെസ്റ്റിവല്‍ എന്നു പേരിട്ട് 25ഓ 50ഓ കോടി രൂപ വെറുതെ ചിലവഴിച്ചിരിക്കുകയാണ്. ഇതിന് ഇനിയും കൂടുതല്‍ പൈസ കൊടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ പൈസ ആര്‍ക്കാണ് പോകുന്നത്? ഈവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കും മാഫിയകള്‍ക്കുമാണ്. ഇയാള്‍ പൊതുഖജനാവില്‍ നിന്ന് പൈസയെടുത്ത് മാഫിയകള്‍ക്കും ഈവന്റ് ഗ്രൂപ്പുകള്‍ക്കും വിതരണം ചെയ്യുകയാണ്. വെറുതെയിങ്ങനെ പരസ്യം കൊടുത്തുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒന്നില്‍ ഗുണം കിട്ടുന്നുണ്ടോ? ഗ്രാന്റ് ഫെസ്റ്റ് കഴിഞ്ഞാല്‍ ചോദിക്കാം, ഇതുവഴി എത്രരൂപയുടെ അധികവരുമാനം ഉണ്ടായി, നിങ്ങള്‍ ചിലവഴിച്ചതിന്റെ ഒരംശമെങ്കിലും തിരിച്ചുവരുന്നുണ്ടോ? ഒന്നുമുണ്ടാകില്ലെന്നത് ഉറപ്പാണ്.
ഇതൊക്കെയാണെങ്കിലും വലിയ സാമ്പത്തിക വിദഗ്‌ധനായാണ് ഐസക്ക് അറിയപ്പെടുന്നത്?
നമുക്ക് ജനകീയാസൂത്രണം മുതല്‍ എടുത്തുപരിശോധിക്കാം. വെള്ളമില്ലാത്ത സ്ഥലത്തേക്ക് താറാവിനെ വിതരണം ചെയ്യണമെന്നു പറഞ്ഞ ആളല്ലേ. റിച്ചാര്‍ഡ് ഫ്രാങ്കിയുമായുള്ള ബന്ധത്തിലെ നിഗൂഢതകളെയും ഞങ്ങള്‍ സംശയിക്കുകയാണ്. ഒരാള്‍ക്ക് എങ്ങിനെയാണ് ഇത്ര വേഗതയില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ വക്താവായും ബുദ്ധിജീവിയായും മാറാനാവുക. നമ്മള്‍ ആ യാത്രയാണ് പരിശോധിക്കേണ്ടത്. ഒരു വിദേശ അജണ്ട തന്നെ ഇതിനു പുറകില്‍ ഉണ്ടെന്ന് സാഹചര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ മനസിലാവും. ഇദ്ദേഹത്തിന്റെ സ്റ്റേജ് മാനേജ്‌മെന്റ് തിരിച്ചറിയേണ്ട സമയമായി. മുഖത്തെ സ്ഥായിയായ ഭാവം തന്നെ കാപട്യമാണ്. പറയുന്ന ഒരുകാര്യത്തെക്കുറിച്ചും ആത്മാര്‍ഥതയോടെയല്ല അദ്ദേഹം സംസാരിക്കുന്നത്. എനിക്കെതിരെ ആരോപണമായി ഉന്നയിച്ച കാര്യങ്ങളെല്ലാം അദ്ദേഹം ഇപ്പോള്‍ നടപ്പിലാക്കുകയാണ്. ഇതിനിടയില്‍ വേറൊരു സംഭവമുണ്ടായി. വെണ്ടുരുത്തിപ്പാലം പുനര്‍നിര്‍മിച്ചതിന് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാരോപിച്ച് എനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയാണല്ലോ. സത്യത്തില്‍ അതന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും എടുത്ത തീരുമാനമായിരുന്നു. കഴിഞ്ഞ ആഴ്‌ച അതേ വെണ്ടുരുത്തിപ്പാലത്തിന്റെ പണി ഐസക്ക് ടെണ്ടറില്ലാതെ കരാര്‍ നല്‍കി.
ഒരു രാഷ്‌ട്രീയക്കാരനായ മുനീറല്ല, മാധ്യമമേധാവിയായ മുനീറാണ് ഐസക്കിനെ പ്രകോപിപ്പിക്കുന്നത്..
എസ് എന്‍ സി ലാവ്‌ലിന്‍ പ്രശ്‌നം സംബന്ധിച്ച ചില വാര്‍ത്തകള്‍ ഇന്ത്യാവിഷന്‍ ചാനല്‍ പുറത്തുകൊണ്ടുവന്നതുമുതലാണ് ഞാന്‍ അവരുടെ കണ്ണിലെ കരടായത്. എപ്പോഴൊക്കെ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്‌തിട്ടുണ്ടോ അപ്പോഴൊക്കെ ഐസക്ക് എനിക്കെതിരെ അഴിമതിയാരോപിച്ച് പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്ന് സൂക്ഷ്‌മമായി പരിശോധിച്ചാല്‍ അറിയാം. അദ്ദേഹത്തിന്റെ മുന്നില്‍ പോയി ഇനി അവര്‍ക്കെതിരായി വാര്‍ത്തകൊടുക്കില്ലെന്ന് പറഞ്ഞാല്‍ ഈ ആക്രമണം നില്‍ക്കും. ആരോപണങ്ങള്‍ ഉന്നിയിക്കുന്നവനെ നിഷ്‌കാസനം ചെയ്യാന്‍ ശ്രമിക്കുന്നത് ഫാസിസമാണ്. അതാണ് ഐസക്ക് നടപ്പിലാക്കുന്നത്. എന്നെ ഭൂമിയില്‍ നിന്നുതന്നെ തുടച്ചുനീക്കാനുള്ള വൈരാഗ്യം അവര്‍ക്കുണ്ട്. മറ്റൊന്നും കൊണ്ടല്ല, അവര്‍ക്കെതിരെ ശബ്‌ദിക്കുന്ന ഒരു മാധ്യമം. അവരുടെ ആളുകളൊന്നും ഞങ്ങളുടെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചല്ലോ. ഞങ്ങള്‍ അതുകൊണ്ടൊന്നും തളരാന്‍ പോകുന്നില്ല.
മറ്റുവകുപ്പുകളില്‍ അനാവശ്യമായ കൈകടത്തല്‍ നടത്തി സൂപ്പര്‍ മുഖ്യമന്ത്രി ചമയാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ടല്ലോ ?
ഒരു റോഡ് ടാര്‍ ചെയ്യുന്നതിന് പോലും പത്രസമ്മേളനം നടത്തുന്നത് ഐസക്കാണ്. ഓരോ വകുപ്പിന്റെ കാര്യത്തിലും ഇങ്ങനെ സംസാരിക്കുന്നു. അവസാനം പൊതുമരാമത്ത് കരാറുകാരുടെ ഒരു യോഗം വിളിച്ചുചേര്‍ക്കാനും ശ്രമം നടത്തി. ഇത് മുഖ്യമന്ത്രി ഇടപെട്ടാണ് തടഞ്ഞത്. വകുപ്പുവിഭജനത്തിന്റെ പൂര്‍ണ അവകാശം ഗവര്‍ണര്‍ക്കാണ്. ഗവര്‍ണര്‍ ഒരു വകുപ്പ് എഴുതിത്തന്നാല്‍ ആ വകുപ്പിന്റെ പൂര്‍ണ ചുമതല ആ മന്ത്രിക്കാണ്. ധനകാര്യമന്ത്രിക്ക് ഓരോ വകുപ്പിലേക്കും പണം അനുവദിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ വെക്കാം എന്നല്ലാതെ സാങ്കേതിക അനുമതി കൊടുക്കുന്ന കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ല. ഇപ്പോള്‍ സാങ്കേതിക അനുമതി കൊടുക്കുന്നതിനു മുമ്പ് ഫയല്‍ ധനമന്ത്രി കാണണം എന്നൊരു തീരുമാനമെടുത്തിരിക്കുന്നു. ഏതുകോടതിയിലും ഇത് ചോദ്യം ചെയ്യാവുന്നതാണ്. ഇവര്‍ എന്തുകൊണ്ട് കേസുകൊടുക്കുന്നില്ല എന്നാണ് മനസിലാവാത്തത്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിലെ എല്ലാമന്ത്രിമാര്‍ക്കെതിരെയും അതിശക്തമായ ആരോപണങ്ങള്‍ ഇടതുപക്ഷം ഉന്നയിച്ചിരുന്നെങ്കിലും അന്വേഷണം നടക്കുന്നതും ധനമന്ത്രി തോമസ് ഐസക്ക് പത്രസമ്മേളനങ്ങളിലൂടെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതും അങ്ങേക്കെതിരെയാണല്ലോ ? തോമസ് ഐസക്ക് അങ്ങയെ ടാര്‍ഗറ്റ് ചെയ്യുന്നതായി കരുതുന്നുണ്ടോ?
ടെണ്ടറില്ലാതെ പണികൊടുത്ത കേരളത്തിലെ ആദ്യത്തെ ആള്‍ ഞാനാണോ? അവസാനത്തെ ആള്‍ ഞാനാണോ? എങ്കില്‍ ആദ്യത്തെയാളോടും അവസാനത്തെ ആളോടും കാണിക്കാത്ത അനീതി എന്തിന് എന്നോട് മാത്രം കാണിക്കുന്നു. കോടതിവിധികള്‍ക്ക് വിധേയമായി കോഡ് ഓഫ് മാനുവലില്‍ പറഞ്ഞിരിക്കുന്ന പ്രകാരമാണ് ഞാന്‍ എന്റെ അധികാരം വിനിയോഗിച്ചത്. ഇടതുപക്ഷം ടെണ്ടറില്ലാതെ പണി കൊടുത്തപ്പോള്‍ രാജു എബ്രഹാം എം എല്‍ എ അതിനെ ജനന്മക്കുവേണ്ടി എന്നാണ് പറഞ്ഞത്. എല്‍ഡിഎഫ് ചെയ്‌താല്‍ മാത്രമെ ജനനന്മയാവുകയുള്ളോ, യുഡിഎഫ് ചെയ്‌താല്‍ എങ്ങിനെയാണ് ദ്രോഹമാകുന്നത്. ധനമന്ത്രിയുടെ ഹിഡന്‍ അജണ്ടകളുമായുള്ള ഈ പോക്ക് ഇവിടെ നിര്‍ത്തിയില്ലെങ്കില്‍ കടിഞ്ഞാണിടാന്‍ ഈ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടു പോലും പ്രതിബദ്ധതയില്ലാത്ത സഹകക്ഷികളെ പീഢിപ്പിക്കുന്ന അതേസമയം ഖജനാവിനെ ധൂര്‍ത്തടിച്ച് മാഫിയകളുടെ കൈയ്യില്‍ പണമെത്തിക്കുന്ന ഈ ധനമന്ത്രിയെ പിടികൂടുകയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം.
വിജിലന്‍സ് അന്വേഷണം നേരിടുന്ന കമ്പനിക്ക്
എന്തിന് കരാര്‍ നല്‌കി ?
കെ എസ് ടി പി കരാറിന്റെ ഭാഗമായി പതിബെലുമായുള്ള കരാറില്‍ സംസ്ഥാനത്തിനുണ്ടായ നഷ്‌ടത്തിനും റോഡ്‌പണിയിലെ കാലതാമസത്തിനും പൂര്‍ണ ഉത്തരവാദി എം കെ മുനീര്‍ ആണെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്, യുഡിഎഫിന്റെ കാലത്തുണ്ടാക്കിയ കരാറിലെ നിബന്ധനകളാണ് പ്രശ്‌നം വഷളാക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നു ?
ധനമന്ത്രി ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം വിടുവായത്തങ്ങളാണ്. ഇവിടുത്തെ മാധ്യമങ്ങള്‍ വായിക്കുന്നജനങ്ങളുടെ ഓര്‍മ്മ അത്രപെട്ടന്നൊന്നും ഇല്ലാതായി പോകുന്നില്ലല്ലോ. എല്‍ ഡി എഫ് അധികാരത്തില്‍ വരുന്ന സമയത്ത് പതിബെല്ലിന്റെ ഉദ്യോഗസ്ഥര്‍ അവരെ സമീപിച്ച് കുടിശിക ചോദിച്ചത് എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതാണ്. എന്നാല്‍ ധനമന്ത്രി തോമസ് ഐസക്ക് അവര്‍ക്കു കുടിശിക നിഷേധിച്ചു. ലീ എന്ന അവരുടെ ഉദ്യോഗസ്ഥന്‍ അതിന്റെ പേരിലാണ് ആത്മഹത്യ ചെയ്‌തത്. ലീയോട് ആരൊക്കെയോ കൈക്കൂലി ചോദിച്ചിരുന്നു എന്നു തുടങ്ങിയ ആരോപണങ്ങളൊന്നും ഞാന്‍ ചര്‍ച്ചക്കെടുക്കുന്നില്ല.
കുടിശിക തന്നാല്‍ പ്രവൃത്തി തുടരാമെന്ന മിനിമം ഡിമാന്റാണ് അന്ന് പതിബെലിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്ന മന്ത്രി തന്നെ നേരിട്ട് കുടിശിക തരുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞു. നിങ്ങള്‍ ഭീഷണിപ്പെടുത്തുകയൊന്നും വേണ്ട, ലോകബാങ്കൊന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ വേറെ ഫണ്ട് കണ്ടെത്തി പ്രവൃത്തി തുടരും, കരിമ്പട്ടികയില്‍പെടുത്തും എന്നെല്ലാം ഐസക്ക് പറഞ്ഞത് പത്രങ്ങളില്‍ വന്നതാണ്. ഇതിനുശേഷം പതിബെല്‍ തന്നെ അങ്ങോട്ടുവന്നിട്ട് ടെര്‍മിനേഷന് അപേക്ഷിച്ചു. അതോടെ അവര്‍ കേരളത്തിലെ കരാറിന്റെ ചരിത്രത്തില്‍ നിന്ന് മാറി. പിന്നീട് റീ ടെണ്ടര്‍ വെച്ചെങ്കിലും പതിബെല്‍ പങ്കെടുത്തില്ല. വേറെപലരും പങ്കെടുത്തു. റീ ടെണ്ടര്‍ വിളിക്കുന്നതിനു മുമ്പ് പതിബെല്‍ പദ്ധതി തുകയില്‍ 30 ശതമാനത്തിന്റെ വര്‍ധനവാണ് ചോദിച്ചിരുന്നത്. 26 ശതമാനമാണെങ്കില്‍ സമ്മതിക്കാമെന്ന് ധനമന്ത്രി നിലപാടെടുത്തു. അതായത് നാല് ശതമാനത്തിന്റെ പേരിലായിരുന്നു തര്‍ക്കം എന്നര്‍ഥം. ഇതിനിടെ ഞാനൊരു പത്രസമ്മേളനം നടത്തി റീ ടെണ്ടര്‍ വിളിക്കുകയാണെങ്കില്‍ (രണ്ടു കാര്യങ്ങള്‍ക്കാണ് നമ്മള്‍ റീ ടെണ്ടര്‍ വിളിക്കുക. തുകയില്‍ എന്തെങ്കിലും ഒരു ഗുണം കിട്ടാന്‍ അല്ലെങ്കില്‍ വേഗത്തില്‍ പണി കഴിക്കാന്‍) ഒരു ഗുണവും കിട്ടാന്‍ പോകുന്നില്ലെന്ന് പ്രസ്‌താവിച്ചിരുന്നു. എന്നിട്ടും റീ ടെണ്ടര്‍ വിളിച്ചു. റീ ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ ക്വാട്ടിന് 93 ശതമാനമാണ് പദ്ധതിതുകയില്‍ വര്‍ധന. ഈ ടെണ്ടര്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഇവിടെ നിന്ന് വിട്ടുപോയിട്ടുള്ള പതിബെലുമായി ധനമന്ത്രി രഹസ്യ ചര്‍ച്ച നടത്തി. എന്റെ ചോദ്യം അതുമാത്രമാണ്. കരാറിലില്ലാത്ത, നിലവില്‍ സംസ്ഥാനത്തിന് യാതൊരു ബന്ധവുമില്ലാതായി മാറിയ പതിബെലിനെ പിന്‍വാതിലിലൂടെ കയറ്റി ചര്‍ച്ച നടത്തിയത് കാബിനറ്റ് തീരുമാനമാണെങ്കില്‍ പോലും അത് നിയമവിരുദ്ധമാണ്. അതിന്റെ അര്‍ഥം ടെണ്ടറില്ലാതെ പുതിയ പ്രവൃത്തി കൊടുക്കുന്നു എന്നാണ്. മാത്രമല്ല. 30 ശതമാനം ചോദിച്ചവര്‍ക്ക് കൊടുക്കുന്ന വര്‍ധന 76 ശതമാനമാണ്. പുറമെ രണ്ടുവര്‍ഷം സമയവും ദീര്‍ഘിപ്പിച്ചുകൊടുത്തു. സത്യത്തില്‍ ഇനി ഏറിയാല്‍ ഒരു വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട പണിയേ ബാക്കിയുള്ളൂ. അതുകൊണ്ട് രണ്ടുവര്‍ഷത്തിനിടയില്‍ വരുന്ന എല്ലാ വര്‍ധനവും അവര്‍ക്ക് കിട്ടാന്‍പോവുകയാണ്.
രൂപയുടെ മൂല്യത്തിലല്ല, ഡോളറിന്റെ മൂല്യത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ക്കനുസരിച്ചായിരിക്കും വര്‍ധനവുകളെല്ലാം. അതുകൊണ്ട് ഇനി ഇത്ര പൈസയേ ആവുകയുള്ളൂ എന്നും തുക വര്‍ധന നാളത്തേത്, അല്ലെങ്കില്‍ ഒരുവര്‍ഷം കഴിഞ്ഞുള്ളത് എത്രയെന്ന് കണക്കുകൂട്ടിപ്പറയാനും കഴിയില്ല. അതാത് സമയത്ത് അവരുടെ വിപണി മൂല്യത്തിനനുസരിച്ച് പൈസകൂട്ടിക്കൊടുക്കണം. പൈസയെല്ലാം കൊടുത്ത് പണിയും തീര്‍ത്ത് ഇവര്‍ പോകുമ്പോള്‍ ആര്‍ബിട്രേഷന്‍ കൊടുക്കേണ്ടിവരും എന്ന കാര്യം തീര്‍ച്ചയാണ്. കാരണം ആര്‍ബിട്രേഷന്‍ ക്ലോസില്‍ 2001ല്‍ ശിവദാസമേനോന്‍ ഒപ്പിട്ടുകൊടുത്തിട്ടുണ്ട്. 2002ലാണ് ഇത്തരത്തിലുള്ള രഹസ്യ നിബന്ധനകള്‍ കടന്നുവരുന്നതെന്നാണ് ഐസക്ക് പറയുന്നത്. ഇത് ശരിയല്ല. 1998മുതല്‍ ആരംഭിച്ചിട്ടുള്ള ഒരു പദ്ധതിയാണിത്. അന്നുമുതല്‍ ചര്‍ച്ചകള്‍ തുടങ്ങി. കെ എസ് ടി പി പദ്ധതിയില്‍ ഏതൊക്കെ റോഡുകള്‍ എടുക്കണം എന്നുതീരുമാനിച്ചതുപോലും നായനാര്‍ സര്‍ക്കാരാണ്. രസകരമായ വസ്‌തുത അതേ കാബിനറ്റാണ് ദേശിയ പാതയുടെ ഒരു ഭാഗം എടുക്കാനും തീരുമാനിച്ചത്. ഇത് പിന്നീട് എനിക്കെതിരെയുള്ള ആരോപണമായി ഐസക്ക് ഉയര്‍ത്തി.
ഈ കരാര്‍ അപകടകരമെങ്കില്‍ എന്തുകൊണ്ട് യു ഡി എഫ് അത് റദ്ദാക്കാന്‍ മുതിര്‍ന്നില്ല?
ഞാന്‍ മന്ത്രിയായി ചുമതലയേറ്റശേഷം എനിക്കുമുന്നിലുള്ളത് പ്രീക്വാളിഫൈ ചെയ്‌തുവെച്ചിട്ടുള്ള കുറേ കരാറുകാര്‍ ആയിരുന്നു. അതില്‍ പതിബെല്‍ ഉണ്ട്, അഞ്ചാറ് വേറെയും കമ്പനികളുണ്ട്. എനിക്കു മൂന്ന് കാര്യങ്ങള്‍ ചെയ്യാം. ഒന്ന്, ഈ പദ്ധതി വേണ്ടെന്നുവെക്കാം. രണ്ട്, ഈ ടെണ്ടര്‍ റദ്ദ് ചെയ്യാം. മൂന്ന് ആദ്യത്തെ പട്ടികയിലുള്ള എല്ലാ റോഡും മാറ്റി എനിക്ക് ഇഷ്‌ടമുള്ള റോഡുകള്‍ വികസിപ്പിക്കാം. അതുകൊണ്ടെല്ലാം സംഭവിക്കുന്നത് ഒരു പദ്ധതി ഇല്ലാതാവും എന്നതാണ്. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്‌ത് മുന്‍സര്‍ക്കാര്‍ പണം വാങ്ങിക്കഴിഞ്ഞിരുന്നു. 25 കോടി രൂപ വാങ്ങി രണ്ട് കണ്‍സള്‍ട്ടന്‍സിയെയും നിയോഗിച്ചു. ഓഫീസും തുറന്നു. ഞാന്‍ വന്നപ്പോള്‍ സായിപ്പന്‍മാര്‍ ഇവിടെയുണ്ട്. എന്നെ മന്ത്രിയായ ശേഷം രണ്ടാമത്തെ ദിവസം കാണാന്‍ വന്നു. ഓഫീസുണ്ട്, ഉദ്യോഗസ്ഥരുണ്ട്, ഞാനെന്താണ് ചെയ്യേണ്ടത്. ഇത്രയും പണം ചെലവഴിച്ച ശേഷം 25 കോടി വേണ്ടെന്നു പറഞ്ഞാല്‍ അത് മടക്കിക്കൊടുക്കണം. കേന്ദ്ര സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ നമ്മളെ അനുവദിക്കില്ല. 80 ശതമാനം നടപടിക്രമങ്ങളും പൂര്‍ത്തിയായിരുന്നു. റീ ടെണ്ടര്‍ ചെയ്‌താലും പുതിയ മന്ത്രി വന്ന് അദ്ദേഹത്തിന്റെ താല്‍പര്യത്തിന് അദ്ദേഹം സ്വന്തം ആളുകളെക്കയറ്റാന്‍ ടെണ്ടര്‍ മാറ്റിവിളിച്ചിരിക്കുന്നു എന്ന് ആരോപണം വരും. റോഡുകള്‍ മാറ്റിയാല്‍ അദ്ദേഹത്തിനും പാര്‍ട്ടിക്കും വേണ്ടിയാണ് മാറ്റമെന്നു പറയും. സ്ഥലമെടുക്കാതെയാണ് നായനാര്‍ സര്‍ക്കാര്‍ പ്രീക്വാളിഫൈ ചെയ്‌തത്. അതിന് കാരണം പറഞ്ഞത് പദ്ധതി നഷ്‌ടപ്പെട്ടുപോകാതിരിക്കാനാണെന്നാണ്. ഞങ്ങള്‍ വന്നുനോക്കുന്ന സമയത്ത് ഭൂമിയില്ല. ഒന്നരവര്‍ഷം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാം എന്നു കരുതിയാണ് ഞങ്ങള്‍ കലക്‌ടര്‍മാരുടെ യോഗം വിളിച്ചത്. സത്യത്തില്‍ ഭൂമി ഏറ്റെടുക്കേണ്ടത് എന്റെ ജോലിയേ അല്ല. റവന്യൂ വകുപ്പിനാണ് അതിന്റെ ഉത്തരവാദിത്തം. എന്നിട്ടും അതിനും പഴികേള്‍ക്കുന്നത് എനിക്കാണ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കല്‍ ജോലി നടന്നിട്ടേയില്ലായിരുന്നു. കലക്‌ടര്‍മാര്‍ക്ക് ആയിരംകൂട്ടം ജോലികള്‍ക്കിടയില്‍ ഇതിന് സാധിക്കില്ല. ഒരുവര്‍ഷം ഞങ്ങള്‍ ശ്രമിച്ചു, നടക്കുന്നില്ലെന്നു കണ്ടപ്പോള്‍ കെഎസ്‌ടിപിയില്‍ തന്നെ ഒരാളെ ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ചിട്ട് അയാളെ കലക്‌ടര്‍മാരുമായി ഏകോപിപ്പിക്കാന്‍ ശ്രമിച്ചു. അതും ശരിയായില്ല. എങ്കിലും ഇതിനിടയില്‍ 30 ശതമാനത്തോളം ഭൂമി ഏറ്റെടുത്തിരുന്നു. ശിവദാസമേനോന്റെ കാലത്തെ കരാര്‍ പ്രകാരം കരാറുകാരന് അനുകൂലമായ ശക്തമായ ഘടകങ്ങള്‍ ഉണ്ട്. സര്‍ക്കാരിന് ലിക്വിഡിറ്റി പണം പിടിച്ചുവെക്കാം എന്നു പറയുന്നതുപോലെ ഭൂമി ഏറ്റെടുത്തുകൊടുത്തില്ലെങ്കില്‍ അവര്‍ക്ക് വരുന്ന നഷ്‌ടം ഈടാക്കുകയുമാവാം.
തുടര്‍ന്നാണ് കാബിനറ്റ് സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചത്. ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ അങ്ങിനെ ഗ്യാനേഷ് കുമാര്‍ നിയമിതനായി. സത്യത്തില്‍ ചരിത്രത്തില്‍ ഇല്ലാത്ത വേഗതയിലാണ് രണ്ടുവര്‍ഷം കൊണ്ട് ഭൂമി ഏറ്റെടുത്തത്. ഏകദേശം 85 ശതമാനം ഭൂമിയും ഏറ്റെടുത്തു. സത്യത്തില്‍ ഇക്കാര്യത്തില്‍ എന്നെ അഭിനന്ദിക്കുകയാണ് വേണ്ടത്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ മൂന്നോ നാലോ മാസം കൊണ്ട് ജോലി തീര്‍ക്കാനാവുമെന്ന് കരുതിയിരുന്നു. ഉദ്‌ഘാടനം വരെ ഉറപ്പിച്ചിരുന്നു.
പുതിയ സര്‍ക്കാര്‍ വന്ന ഉടന്‍ എല്ലാ ജോലിയും നിര്‍ത്തിവെച്ചു. ഇതിനിടെ പദ്ധതി ചിലവ് കൂട്ടേണ്ടി വരും എന്നുള്ളതൊക്കെ ഞങ്ങള്‍ തന്നെ നോട്ടാക്കി കൈമാറിയിരുന്നു. ഇതാണ് ഐസക്കു പറയുന്ന വക്കം പുരുഷോത്തമന്റെ നോട്ട്. അത് എം കെ മുനീറിന്റെയും കൂടി നോട്ടാണ്. പദ്ധതിച്ചിലവ് കൂടുമെന്നാണ് ആ നോട്ടില്‍ പറഞ്ഞിരുന്നത്. രണ്ടാംഘട്ടം ഭൂമി 80 ശതമാനവും ഏറ്റെടുത്ത ശേഷമാണ് ഞങ്ങള്‍ ബിഡ് ചെയ്‌തത്. അന്ന് ധനവകുപ്പ് റീ ടെണ്ടര്‍ ചെയ്യണമെന്ന് പറഞ്ഞിരുന്നു. അങ്ങിനെ വന്നാല്‍ ബാധ്യതകൂടുമെന്ന് ഞാന്‍ അറിയിച്ചു. അപ്പോള്‍ പണി പലര്‍ക്കായി മുറിച്ചു കൊടുക്കാമെന്ന് പറഞ്ഞു.
എന്തുകൊണ്ടാണ് റൈറ്റ്‌സ് കമ്പനിയെ ഒഴിവാക്കി?
പതിബെലിന്‍ തല്ലിപ്പൊളികളാണ് അവര്‍ക്ക് പൈസയില്ലെന്ന് റൈറ്റ്‌സ് എന്നു പറയുന്ന കമ്പനി പറഞ്ഞു എന്നാണ് ഐസക്ക് ആരോപിക്കുന്നത്. സത്യത്തില്‍ റൈറ്റ്‌സിനെ നീക്കാനുള്ള കാരണം അവരുടെ പ്രകടനം വളരെ മോശമായിരുന്നതാണ്. അത് ലോകബാങ്കും നമ്മുടെ പദ്ധതി സംഘവും വിലയിരുത്തി. നിങ്ങള്‍ക്ക് വേണമെങ്കില്‍ രേഖകള്‍ പരിശോധിക്കാം. പതിബെലിനെ വഴിയില്‍വെച്ച് വിലയിരുത്തിയപ്പോള്‍ അവര്‍ക്ക് വേഗത പോരെന്നാണ് കണ്ടെത്തിയത്. അത് ഫാസ്റ്റ് ആക്കുന്നതിനു വേണ്ടി പലതും ചെയ്‌തു. അവരുടെ ലിക്വിഡിറ്റി പിടിക്കാന്‍ ശ്രമിച്ചു. അതേസമയം പണി അവിടെവെച്ച് നിര്‍ത്തി വേറൊരു റീ ടെണ്ടറിലേക്ക് പോവുകയാണെങ്കില്‍ കൂടുതല്‍ തുക വരും എന്നുള്ളതുകൊണ്ടാണ് അവരെ ടെര്‍മിനേറ്റ് ചെയ്യാതിരുന്നത്
എന്റെ ചോദ്യം ഇതാണ്. പൈസയില്ലാത്ത, റൈറ്റ്‌സ് വേണ്ടാ എന്നു പറഞ്ഞ ഒരുതരത്തിലും മുന്നോട്ടുപോകാന്‍ പിടില്ലെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റിപ്പോര്‍ട്ട് ഉണ്ടായിരുന്ന പതിബെലിന് എന്തിനാണ് ഐസക്ക് കരാര്‍ നല്‍കിയത്. എന്റെ പേരില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ സ്വാഭാവികമായും പതിബെലുമുണ്ട്. ഞാന്‍ മാത്രം തെറ്റുചെയ്യില്ലല്ലോ. അങ്ങിനെയെങ്കില്‍ കൂടുതല്‍ ഗുരുതരമായ ആരോപണം ഐസക്ക് നേരിടുന്നുണ്ട്. വിജിലന്‍സ് അന്വേഷണം നേരിടുന്ന കമ്പനിക്ക് എന്തിന് കരാര്‍ നല്‍കി.
റീ ടെണ്ടര്‍ വിളിച്ചപ്പോള്‍ എന്തുകൊണ്ട് പുതിയ കരാറുകാരുമായി നെഗോസിയഷന്‍ നടത്തിയില്ല.ക്വാട്ടില്‍ പങ്കെടുത്ത ഏതെങ്കിലും ഒരാള്‍ കോടതിയില്‍ പോയാല്‍ കഴിഞ്ഞു കാര്യം. നിയമപരമായി പുതിയ കരാര്‍ നിലനില്‍ക്കില്ല. എന്റെ കാലത്ത് തുകവര്‍ധിപ്പിച്ചു എന്നു പറയുന്നവര്‍ 30 ശതമാനത്തിന് ചെയ്യാമെന്ന് പറഞ്ഞ പണി 75 ശതമാനം അധിക തുകയാക്കി എന്തിനു കൊടുത്തു. എന്റെ ബലമായ സംശയം വിജിലന്‍സ് എന്‍ക്വയറിയില്‍ നിന്നും ഇവരെ മാറ്റിക്കൊടുക്കാമെന്ന ധാരണ ഇല്ലാതെ കരാര്‍ ഒപ്പിടാന്‍ പറ്റില്ല. അത് രഹസ്യമായ ധാരണ ഉണ്ടായിട്ടുണ്ടാവും.അല്ലാതെ വിജിലന്‍സ് എന്‍ക്വയറിയില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് കരാര്‍ കൊടുക്കാന്‍ കഴിയില്ല.