മലേഷ്യയിലെ പതിബെല്‍ കമ്പനിയുമായി 2002ല്‍ ഉണ്ടാക്കിയ കരാര്‍, പണി പകുതിമാത്രം പൂര്‍ത്തിയായിരിക്കെ റദ്ദുചെയ്‌ത് ഒന്നരവര്‍ഷം റോഡ് വികസനം ത്രിശങ്കുവിലാക്കിയ ശേഷം 111 കോടി രൂപ അധികം നല്‍കി നിയമവ്യവസ്ഥയെയാകെ അട്ടിമറിച്ച് കരാര്‍ തിരിച്ചു നല്‍കിയതിനു പിന്നില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ താല്‍പര്യം എന്ത് എന്ന ചോദ്യം ഒരു പ്രഹേളികയായി അവശേഷിക്കുകയാണ്. ഇവരുമായുള്ള കരാര്‍ 2006ല്‍ റദ്ദ് ചെയ്‌ത ശേഷം സര്‍ക്കാര്‍ റീ ടെണ്ടര്‍ വിളിച്ചിരുന്നു. ഇതില്‍ പതിബെല്‍ പങ്കെടുത്തിരുന്നില്ല. എന്നിട്ടും ധനമന്ത്രി ഒരുഘട്ടത്തില്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്നു ഭീഷണി മുഴക്കിയ പതിബെലിനു തന്നെ കരാര്‍ നല്‍കിയിരിക്കുന്നതാണ് ഇപ്പോള്‍ ദുരൂഹത സൃഷ്‌ടിച്ചിരിക്കുന്നത്. യു ഡി എഫിന്റെ കാലത്തു നടന്ന അഴിമതിയെന്ന മട്ടില്‍ കരാറിനെ ജനങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരികയും അഴിമതിക്കെതിരായ ശക്തമായ പോരാട്ടമായി വ്യാഖ്യാനിച്ച് പതിബെലിനെതിരെ പരസ്യമായ നിലപാടെടുക്കുകയും അന്നത്തെ പൊതുമരാമത്ത് മന്ത്രി എം കെ മുനീറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌ത സര്‍ക്കാരും നേതൃത്വം നല്‍കിയ ഐസക്കുമാണ് വീണ്ടും അതേ കമ്പനിയെത്തന്നെ റോഡ് വികസനത്തിന് നിയോഗിച്ചതെന്നത് വിരോധാഭാസം തന്നെ.
റീ ടെണ്ടര്‍ ക്വാട്ട് ചെയ്‌ത കമ്പനികള്‍ പതിബെലിനെക്കാള്‍ വളരെ ഉയര്‍ന്ന തുകയാണ് ആവശ്യപ്പെട്ടതെന്ന് ധനമന്ത്രി വിശദീകരിക്കുമ്പോള്‍ എന്തുകൊണ്ട് തുക കുറയ്‌ക്കുവാന്‍ അവരുമായി വിലപേശിയില്ലെന്ന ചോദ്യത്തെ മൗനംകൊണ്ടാണ് മറയിടുന്നത്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം പതിബെലിന് അഞ്ച് ബില്ലുകളിലായി നല്‍കാനുള്ള 12.5 കോടി രൂപ തടഞ്ഞുവെച്ചതായിരുന്നു പണി പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ കാരണമായത്. ഇതിന്റെ തുടര്‍ച്ചയായാണ് പതിബെലിന്റെ ചീഫ് പ്രൊജക്‌ട് മാനേജര്‍ ലിസി ബീന്‍ ആത്മഹത്യ ചെയ്‌തത്. ബില്ലുകള്‍ തടഞ്ഞുവെച്ചത് ഉദ്യോഗസ്ഥര്‍ താനറിയാതെ ചെയ്‌തതാണെന്നു പറഞ്ഞ് ഐസക്ക് ഇപ്പോള്‍ കൈകഴുകുന്നു. എന്നാല്‍ ധനമന്ത്രിയുടെയും ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോസ് സിറിയക്കിന്റെയും ദുശ്ശാഠ്യമാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമെന്ന ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കുകയും ചെയ്യുന്നു. സംസ്ഥാന ഖജനാവിന് നഷ്‌ടമുണ്ടായാലും വിദേശ കമ്പനിക്ക് ലാഭമുണ്ടാക്കുക എന്നതാണ് ഐസക്കിന്റെ അജണ്ടയെന്ന ആരോപണങ്ങളെ രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താം. എന്നാല്‍ തങ്ങള്‍ക്ക് ലഭിക്കാനുള്ള കുടിശികയില്‍ അഞ്ചുകോടി രൂപ തന്നാല്‍ പണി പുനരാരംഭിക്കാമെന്നും ശേഷിക്കുന്ന പണി കരാറില്‍ പറഞ്ഞിരിക്കുന്ന 106 കോടി രൂപയില്‍ പൂര്‍ത്തിയാക്കാമെന്നും ഒരു നയാപൈസ നിരക്കു വര്‍ധിപ്പിക്കേണ്ടതില്ലെന്നും 2006 ഓഗസ്റ്റില്‍ മലേഷ്യന്‍ കമ്പനി മുന്നോട്ടുവെച്ച വാഗ്‌ദാനം നിരസിക്കുകയും ഒന്നര വര്‍ഷത്തിനു ശേഷം അവര്‍ക്ക് 111 കോടി രൂപ കൂടുതല്‍ നല്‍കുകയും ചെയ്യുന്നതിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വരുത്തിവെച്ച ബാധ്യതക്ക് ധനമന്ത്രി സമാധാനം പറഞ്ഞേ പറ്റൂ.
പൊതുമരാമത്ത് വകുപ്പിന് ഈ സര്‍ക്കാരിന്റെ കാലയളവില്‍ മൂന്ന് മന്ത്രിമാര്‍ മാറിമാറി വന്നെങ്കിലും കെഎസ്‌ടിപി കരാറിന്റെ കടിഞ്ഞാണ്‍ തോമസ് ഐസക്കിന്റെ കൈയ്യിലായിരുന്നു എന്നത് വ്യക്തമാണ്. മന്ത്രിമാരായിരുന്ന പി ജെ ജോസഫും ടി യു കുരുവിളയുമൊക്കെ ഇതില്‍ പരസ്യമായി അനിഷ്‌ടം പ്രകടിപ്പിച്ചിരുന്നു. ഇതരവകുപ്പുകളില്‍ അനാവശ്യമായി കൈകടത്തി സൂപ്പര്‍ മുഖ്യമന്ത്രി ചമയാനുള്ള ഐസക്കിന്റെ ശ്രമത്തിനെതിരെ ഘടകകക്ഷികളും രംഗത്തെത്തിയിരുന്നു. സാമ്പത്തിക വിശാരദനായി സ്വയംചമഞ്ഞുള്ള അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത ആസൂത്രണത്തിന്റെയും തന്‍പ്രമാണിത്തത്തിന്റെയും കെടുകാര്യസ്ഥതയുടേയും ഫലമായാണ് സംസ്ഥാന ഖജനാവ് ചോര്‍ത്തി മലേഷ്യന്‍ കമ്പനിയുടെ കീശ നിറയ്‌ക്കുന്ന സാഹചര്യം ഉണ്ടായത്. സാമ്പത്തിക വിദഗ്‌ധരൊന്നുമല്ലെങ്കിലും സാമാന്യബുദ്ധിയുളള മന്ത്രിമാരാരും ഇത്തരത്തിലൊരു അബദ്ധത്തില്‍ ചെന്നുചാടില്ലെന്നതുകൊണ്ടു തന്നെ ഇതിനെ വെറും വിവരക്കേടുമാത്രമായി തള്ളിക്കളയാനാവില്ല. പതിബെലുമായി സര്‍ക്കാര്‍ ഒപ്പിട്ട പുതിയ കരാറുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീക്കുന്നതിനുള്ള ധാര്‍മ്മിക ബാധ്യത ഇടതുമുന്നണിക്കുണ്ട്. കാരണം നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് മുന്നണി യോഗം ചേര്‍ന്നാണെന്നാണല്ലോ വെപ്പ്.
ആരോപണങ്ങളെ പ്രതിരോധിക്കാന്‍ വിളിച്ചു ചേര്‍ക്കുന്ന പത്രസമ്മേളനങ്ങളില്‍ തോമസ് ഐസക്ക് ബോധപൂര്‍വമോ അറിവില്ലായ്‌മ കൊണ്ടോ മൂടിവെക്കുന്ന വസ്‌തുത കെ എസ് ടി പി പദ്ധതിയും പതിബെല്‍ കരാറുമെല്ലാം കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരിന്റെ സന്താനമായിരുന്നു എന്നതാണ്. 1998 മുതല്‍ കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി 2001 ഫെബ്രുവരിയിലാണ് ഇതുസംബന്ധിച്ച ധാരണകള്‍ ഉണ്ടാകുന്നത്. ലോകബാങ്കിന് കേന്ദ്രസര്‍ക്കാരുമായിട്ടായിരുന്നു ഇടപാട്. ഇതിനിടയില്‍ വിവിധ കരാറുകളും ഒപ്പിട്ടു. ഇതില്‍ അഞ്ചാമത്തെയും അവസാനത്തെയും കരാറില്‍ ഒപ്പിടേണ്ട സമയത്താണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. കെ എസ് ടി പി പദ്ധതിയില്‍ ഏതൊക്കെ റോഡുകള്‍ എടുക്കണം എന്നുതീരുമാനിച്ചത് നായനാര്‍ സര്‍ക്കാരാണ്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 25 കോടി രൂപയും വാങ്ങിക്കഴിഞ്ഞു. അമേരിക്കന്‍ കമ്പനിയായ ലൂയിസ് ബര്‍ഗര്‍, കനേഡിയന്‍ കമ്പനിയായ ലീ ഇന്റര്‍നാഷണല്‍ എന്നിവരെ കണ്‍സള്‍ട്ടന്‍സികളായി നിയോഗിച്ചു. ഓഫീസും തുറന്ന് അവിടെ ദുഷ്യന്ത് കുമാര്‍ എന്ന പ്രൊജക്‌ട് ഓഫീസറെയും നിയോഗിച്ചു.
ഇന്ന് വിനയായതായി ധനമന്ത്രി ആരോപിക്കുന്ന വ്യവസ്ഥകളെല്ലാം അന്ന് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് ടി ശിവദാസമേനോന്‍ ധനമന്ത്രിയായിരിക്കെ രൂപപ്പെടുത്തിയതായിരുന്നു. കൂടാതെ റോഡുവികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കാതെയാണ് അന്ന് പ്രീ ക്വാളിഫിക്കേഷന്‍ വിളിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കെഎസ്‌ടിപി അഥവാ കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്‌ട് ഒരു ലോകബാങ്ക് പദ്ധതിയാണ് എന്നത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന വിഷയമാണ്. 106 കോടി രൂപ ചെലവഴിച്ച് 2005 ഡിസംബറില്‍ തീരേണ്ട പദ്ധതി അധികത്തുക ചെലവഴിച്ച് ഇനിയും രണ്ട് വര്‍ഷം കാത്തിരുന്ന് 2009ല്‍ പൂര്‍ത്തിയാവുന്ന അവസ്ഥയിലെത്തിച്ചതിനു പിന്നില്‍ ലോകബാങ്ക് കരാറുകളിലെ പതിവുകാഴ്‌ചയായ കാണാച്ചരടുകളും വലിയ പങ്കാണ് വഹിച്ചിരുന്നത്. 1143 കിലോ മീറ്റര്‍ റോഡിന്റെ പുനരുദ്ധാരണമായിരുന്നു പദ്ധതിയിലൂടെ ആസൂത്രണം ചെയ്‌തിരുന്നത്. ഇതിനാവശ്യമായ 1632 കോടി രൂപ 70:30 അനുപാതത്തില്‍ ലോകബാങ്കും സംസ്ഥാനസര്‍ക്കാരും പങ്കിടുമെന്നായിരുന്നു ധാരണ. ഇടതുപക്ഷ സര്‍ക്കാരായിരുന്നു ലോകബാങ്കുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതും പദ്ധതിക്ക് രൂപം നല്‍കിയതുമെങ്കിലും മെയ് മാസത്തില്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിനായിരുന്നു പദ്ധതി തുടര്‍നടപടികള്‍ക്കുള്ള അവസരം ലഭിച്ചത്.
എം സി റോഡ് ഉള്‍പ്പെടെയുള്ള നാല് റോഡുകളില്‍ 127 കിലോമീറ്റര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കെഎസ്‌ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലേഷ്യയിലെ പതിബെല്‍ കമ്പനിയുമായി 2002ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ 215 കോടി രൂപയുടെ അന്തിമകരാര്‍ ഒപ്പിട്ടത്. പണി മുടങ്ങിയാല്‍ പതിബെലിന് 96 കോടി രൂപ വരെ നഷ്‌ടപരിഹാരം ആവശ്യപ്പെടാന്‍ കരാറില്‍ വ്യവസ്ഥ ചെയ്‌തിരുന്നു. അതേസമയം പണിയില്‍ വീഴ്‌ച വരുത്തുന്ന കമ്പനികളെ തൊടാന്‍ വ്യവസ്ഥകളുണ്ടായിരുന്നില്ല. റോഡുപണിയില്‍ സര്‍ക്കാരിന് നേരിട്ട് പങ്കില്ലെങ്കിലും പണി മുടങ്ങിയാല്‍ സര്‍ക്കാരും ഉത്തരവാദിയാകുമെന്നും കരാര്‍ വ്യവസ്ഥ ചെയ്‌തിരുന്നു.
ആദ്യകരാര്‍ പ്രകാരം കമ്പനിക്ക് നല്‍കാനുള്ള 106 കോടി രൂപയ്‌ക്കു പുറമെ 72.5 ശതമാനം അധികതുകയുടെ നഷ്‌ടപരിഹാരം (ഏകദേശം 76.3 കോടി രൂപ), 35 കോടി രൂപയുടെ ആര്‍ബിട്രേഷന്‍ എന്നിവയാണ് ഇപ്പോഴത്തെ വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ പതിബെലിനു നല്‍കേണ്ടി വരിക. അതായത് 111 കോടി രൂപയുടെ അധികച്ചിലവ്. 106 കോടി രൂപ നല്‍കിയാല്‍ തീരുമായിരുന്ന പണിക്ക് ഇനി സംസ്ഥാനം 217 കോടി രൂപ ചെലവഴിക്കണം എന്നര്‍ഥം. മഴ പെയ്‌ത് റോഡെല്ലാം തോടായപ്പോള്‍ ഉയര്‍ന്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ ചിലവഴിച്ച മൂന്ന് കോടിക്ക് പുറമെയാണ് ഈ തുക. ഒരു മാസത്തിനകം പണി ആരംഭിക്കണമെന്നും രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നുമാണ് വ്യവസ്ഥ. പതിബെല്‍ കമ്പനി ആര്‍ബിട്രേഷന്‍ നടപടികള്‍ സ്വീകരിക്കില്ലെന്നാണ് മന്ത്രി മോന്‍സ് ജോസഫിന്റെ പ്രതീക്ഷ. അങ്ങിനെയാണെങ്കില്‍ 35 കോടി രൂപ ലാഭിക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടുകയും പത്രസമ്മേളനം വിളിച്ച് പറയുകയും ചെയ്യന്നു. എന്നാല്‍ കമ്പനി ആര്‍ബിട്രേഷന് പോകാതിരിക്കില്ലെന്ന് ഉറപ്പിക്കാന്‍ അവര്‍ നടത്തുന്നത് ജീവകാരുണ്യ പ്രവര്‍ത്തനമല്ലെന്നും പച്ചയായ കച്ചവടമാണെന്നുമുള്ള തിരിച്ചറിവ് മാത്രം മതി.
പുതിയ ധാരണയനുസരിച്ച് സര്‍ക്കാരും പതികമ്പനിയും പരസ്‌പരം പ്രതിചേര്‍ത്ത് നല്‍കിയിട്ടുള്ള കേസുകള്‍ പിന്‍വലിക്കും. പണി പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മൂന്നു ദിവസത്തിനകം ഇന്ത്യന്‍ രൂപയില്‍ പണം നല്‍കും. അഞ്ച് ബില്ലുകളില്‍ നല്‍കാനുള്ള 12.5 കോടി രൂപ ഉടന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. തൈക്കാട്-കഴക്കൂട്ടം, തൈക്കാട്-കൊട്ടാരക്കര, കൊട്ടാരക്കര-ചെങ്ങന്നൂര്‍, ആലപ്പുഴ-ചങ്ങനാശേരി എന്നീ റോഡുകളാണ് പതിബെലുമായുള്ള കരാര്‍ പ്രകാരം പണി പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരുമ്പോള്‍തന്നെ റോഡുകളുടെ പണി പകുതിയിലധികം പൂര്‍ത്തിയായിരുന്നു. എന്നാല്‍ അതെല്ലാം ഒന്നരവര്‍ഷം കൊണ്ട് തകര്‍ന്ന് തരിപ്പണമാകുകയായിരുന്നു.
അഴിമതിക്കെതിരായ കര്‍ക്കശനിലപാടെന്ന് പ്രതീതി സൃഷ്‌ടിച്ച് തോമസ് ഐസക്കാണ് പതിബെല്‍ കരാര്‍ ഒരു രാഷ്‌ട്രീയ പ്രശ്‌നമായി വളര്‍ത്തിയെടുത്തത്. റോഡ് പണി പൂര്‍ത്തിയാക്കുന്നതിന് അവരുമായി ചര്‍ച്ച നടത്താതെയും ബദല്‍മാര്‍ഗങ്ങളെക്കുറിച്ച് വേവലാതിപ്പെടാതെയുമായിരുന്നു ഐസക്ക് പത്രസമ്മേളനങ്ങളിലൂടെ പതിബെലിനും യുഡിഎഫിനുമെതിരെ ആഞ്ഞടിച്ചത്. എന്തൊക്കെ ആരോപണങ്ങളാണോ ഐസക്ക് അന്ന് അവര്‍ക്കെതിരെ ഉന്നയിച്ചത്, അതേ നിബന്ധനകളോടെയും ക്രമക്കേടുകളോടെയുമാണ് വീണ്ടും കരാര്‍ നല്‍കിയിരിക്കുന്നത്. കുടിശിക മാത്രം തന്നാല്‍മതിയെന്നും ഒരു പൈസപോലും അധികം വേണ്ടെന്നും പണി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നുമുള്ള പതിബെലിന്റെ അഭ്യര്‍ഥനയെ നിരസിച്ച ധനമന്ത്രി തന്നെ ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്‌ടം വരുത്തിവെക്കുന്നതിന് നേതൃത്വം നല്‍കി.
പി ജെ ജോസഫും, ടി യു കുരുവിളയും രാജിവെച്ച കാലങ്ങളില്‍ പൊതുമരാമത്ത് വകുപ്പിലുണ്ടായ അസ്ഥിരത കാര്യങ്ങളുടെ കടിഞ്ഞാണ്‍ തോമസ് ഐസക്കില്‍ നിക്ഷിപ്‌തമാക്കി. കരാറുകാരെ മാറ്റുന്നതിന് റീടെണ്ടര്‍ വിളിച്ചെങ്കിലും പതിബെല്‍ നല്‍കിയതിനെക്കാള്‍ 90 ശതമാനം വരെ അധികതുകയാണ് കേരളത്തിലെ കരാറുകാര്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ ഗത്യന്തരമില്ലാതെ നാണംകെട്ട കീഴടങ്ങലിന് ധനവകുപ്പ് വഴങ്ങുമ്പോള്‍ സംസ്ഥാനത്ത് ബാക്കിയാവുന്നത് പതിബെല്‍ ചീഫ് പ്രൊജക്‌ട് മാനേജര്‍ ലിസി ബീനിന്റെ ആത്മഹത്യ അന്താരാഷ്‌ട്ര രംഗത്ത് സൃഷ്‌ടിച്ച നാണക്കേടും ഈ റോഡുകളിലൂടെ ബസില്‍ യാത്രചെയ്‌തവരുടെ നട്ടെല്ലിനുണ്ടായ തേയ്‌മാനവും ജനങ്ങളുടെ തലയിലേക്ക് ഇടിത്തീ പോലെ വെച്ചുകൊടുത്ത 111 കോടിയോളം രൂപയുടെ അധികബാധ്യതയുമാണ്.
111 കോടി രൂപയുടെ അധികബാധ്യതക്കുമാത്രമാണോ ധന മന്ത്രി ഉത്തരം പറയേണ്ടത്. ഒന്നര വര്‍ഷക്കാലം അറ്റകുറ്റപ്പണി നടത്താതെ തരിപ്പണമായ റോഡിലൂടെ യാത്ര ചെയ്‌ത് രക്തസാക്ഷിത്വം വഹിച്ചവരുടെ വിലമതിക്കാനാവാത്ത ജീവന് മാറ്റാര് സമാധാനം പറയും?
തകര്‍ന്ന റോഡുകളിലൂടെ ഓടിയ വാഹനങ്ങള്‍ക്ക് ഒന്നര വര്‍ഷം കൊണ്ടുണ്ടായ ഇന്ധനച്ചിലവും തേയ്‌മാനവും അറ്റകുറ്റപ്പണിയും കണക്കുകൂട്ടിയാല്‍ എത്ര ശതകോടികള്‍ക്ക് ഐസക്കിന് മറുപടി നല്‍കേണ്ടിവരും? അതിലുപരി ലോക ബാങ്കുമായി നായനാര്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിലെ അപകടകരമായ വ്യവസ്ഥകളാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് കേരളത്തെ നയിച്ചതെന്നത് ചര്‍ച ചെയ്യപ്പെടാതിരുന്നുകൂടാ.