അവങ്ക ഏഴുപേര്‍ സത്തു തുലഞ്ചത്; എങ്ക മൂന്നാളും പോച്ച്
എത്തനെയോ പ്രച്ച്‌നൈകളിരുക്ക്, ശൊല്ലിയിട്ട് കാരിയമില്ലൈ. എങ്കളുക്ക് കഞ്ചികൂടെ കിടൈക്കാത്. (എത്രയോ പ്രശ്‌നങ്ങളുണ്ട്. പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങള്‍ക്ക് കഞ്ഞി കിട്ടാതാവും) രങ്കന്‍ സംസാരിച്ച് തുടങ്ങിയത് ഇങ്ങനെയാണ്. നൂറ്റിയഞ്ചു വര്‍ഷങ്ങളുടെ നരയും ചുളിവും വീണ രങ്കനെ ആര്‍ വി പുതൂരിലെ കാമരാജ് കോളനിയിലാണ് കണ്ടുമുട്ടിയത്.
അടിമത്തത്തിനെതിരായ പോരാട്ടത്തില്‍ കാലെല്ലുകള്‍ തകര്‍ക്കപ്പെട്ട കഥയാണ് രങ്കനു പറയാനുള്ളത്. കിഴക്കനതിര്‍ത്തിയിലെ ചക്ലിയ സമുദായത്തിന്റെ, ആരും രേഖപ്പെടുത്താത്ത ചരിത്രത്തിലെ ഒരേട്. രങ്കന്‍ പിറന്നതും വളര്‍ന്നതുമൊക്കെ ഇവിടെത്തന്നെ. അന്ന് ഇവിടം മദ്രാസ് പ്രവിശ്യയിലായിരുന്നു. ഭക്ഷണത്തിനും നാലണക്കും വേണ്ടി പണിയെടുക്കുന്നവര്‍ മറുത്തുപറഞ്ഞാല്‍ മരണം വരെ ഏറ്റുവാങ്ങേണ്ടിവരും. ഋതുമതിയാകുന്നവര്‍ മേലാളനു മുന്നില്‍ ഉടുപുടവയഴിക്കണം. വിവാഹത്തിന്റെ ആദ്യരാത്രി പലര്‍ക്കും നാട്ടുപ്രമാണിയുടെ കിടപ്പറയിലായിരുന്നു.
അധികമൊന്നും മുമ്പല്ലാതെ, 1980കളോടെയാണ് അടിമത്തത്തിലും അസമത്വത്തിലും വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന ചക്ലിയര്‍ സമുദായത്തിനെ അവകാശബോധമുള്ളവരാക്കാന്‍ കുറേപ്പേര്‍ വന്നത്. രങ്കനോടും കൂട്ടുകാരോടും അവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചു പറഞ്ഞു. അടിമത്തത്തിന്റെ ചങ്ങലക്കണ്ണികള്‍ അറുത്തുമാറ്റാനുള്ള പടപ്പുറപ്പാടായിരുന്നു പിന്നെ.
1982ഓടെ സമുദായത്തിനകത്ത് അസ്വസ്ഥതകള്‍ മൂര്‍ധന്യത്തിലെത്തി. അന്ന് പുരുഷന്‍മാര്‍ക്ക് നാലും സ്‌ത്രീകള്‍ക്ക് രണ്ടും രൂപയായിരുന്നു കൂലി. ഇത് കൂട്ടണമെന്നാവശ്യപ്പെട്ട് കീഴാളര്‍ സമരപ്രഖ്യാപനം നടത്തി. യജമാനര്‍ ആവശ്യം നിരാകരിച്ചു. തുടര്‍ന്ന് കലാപമായി. ചക്ലിയര്‍ കൗണ്ടന്‍മാരുടെ പടയെ നേരിട്ടു. ചക്ലിയപ്പടക്കു മുന്നില്‍ ആദ്യം ഇടറിയ കൗണ്ടന്‍മാര്‍ തമിഴ്‌നാട്ടില്‍ നിന്ന് ഗുണ്ടാസംഘങ്ങളെ ഇറക്കി. പിന്നീട് ഘോരമായ ഏറ്റുമുട്ടലായിരുന്നു.
” അവങ്ക ഏഴുപേര്‍ സത്തു തുലഞ്ചത്, എങ്ക മൂന്നാളും പോച്ച്” (അവരുടെ ഏഴുപേര്‍ ചത്തുതുലഞ്ഞു. ഞങ്ങളുടെ മൂന്നാളും പോയി)-രങ്കന്‍ വികാരാധീനനായി.
പിന്നെ കഥപറഞ്ഞത് രങ്കന്റെ വൃദ്ധയായ മരുമകളാണ്. മക്കളെയും കൊണ്ട് എങ്ങോട്ടുപോകണമെന്നറിയാതെ വിഷമിക്കുകയായിരുന്നു രാത്രി. കൗണ്ടന്‍മാരുടെ ഗുണ്ടകള്‍ കുടിലുകള്‍ക്ക് തീവെക്കുന്നുണ്ടെന്നു കേട്ടു. തുറസായ സ്ഥലങ്ങളെ അഭയം പ്രാപിച്ചു. പോലീസെത്തി ആകാശത്തേക്കു വെടിവെച്ചതായും രങ്കന്റെ മരുമകള്‍ ഓര്‍ത്തെടുക്കുന്നു. സംഘട്ടനത്തില്‍ രങ്കന്റെ കാലു രണ്ടും ഒടിഞ്ഞു.
ചെറുത്തുനില്‌പ് അവസാനിച്ചു. ചക്ലിയരുടെ ആത്മവിശ്വാസവും നഷ്ടപ്പെട്ടു. അവര്‍ കൂടുതല്‍ വിധേയരാവുകയായിരുന്നു. വീണ്ടും നാട്ടുപ്രമാണിമാര്‍്‌ക്കു മുന്നില്‍ ഓച്ഛാനിച്ചു തുടങ്ങി.
തങ്ങളെ അവകാശബോധമുള്ളവരാക്കാന്‍ എത്തിയവര്‍ പിന്നീട് നാട്ടുപ്രമാണിമാരുടെ തോളില്‍ കൈയിട്ട് നടന്നതായും രങ്കന്‍ രോഷത്തോടെ പറയുന്നു. ” ആനാലും പറവാ ഇല്ലെ, എന്‍ കാല്‍ ഉടൈത്തവര്‍ യാരും ഇന്നക്ക് ഉയിരോട ഇല്ലൈ. ആനാല്‍ നാന്‍ സാകവില്ലൈ” (എന്നാലും കുഴപ്പമില്ല, എന്റെ കാലൊടിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല, എന്നിട്ടും ഞാന്‍ മരിച്ചിട്ടില്ല)-രങ്കന് ആശ്വാസം ഇതാണ്.
സര്‍ക്കാരില്‍ നിന്ന് അളന്നുകിട്ടിയ തുണ്ടുഭൂമിയിലെ വീട്ടില്‍ ചക്ലിയര്‍ ഇപ്പോഴും അടിമകളായി കഴിയുന്നു. ജന്മിയുടെ കൃഷിയിടങ്ങളില്‍ കുടില്‍കെട്ടി താമസിച്ചിരുന്ന ഇവര്‍ക്ക് സ്വന്തമെന്നു പറയാന്‍ വീടുകളുണ്ട്. അങ്ങിനെ ദലിത് കോളനികള്‍ രൂപപ്പെട്ടു. ഒരു ജ്‌ന്മിയുടെ കീഴില്‍ മാത്രം ജോലിക്കുപോകുന്ന ഏര്‍പ്പാട് മാറി. ഏവിടെയും പണിക്കു പോകാമെങ്കിലും കൂലിയുടെ നിലവാരം ഇപ്പോഴും താഴ്‌ന്നുതന്നെ.
അടിമത്തവും അവഹേളനവും സഹിക്കവയ്യാതായപ്പോഴാണ് ചിലര്‍ വ്യാപാരങ്ങളും മറ്റും ആരംഭിച്ചത്. പക്ഷെ ദലിതന്റെ കടയില്‍ ഇതരസമുദായക്കാരായ നാട്ടുകാരാരും ചായകുടിക്കാന്‍ എത്തിയില്ല. ജനസംഖ്യയില്‍ വളരെക്കുറച്ചുമാത്രമുള്ള ഇക്കൂട്ടര്‍ക്ക് കൃഷിപ്പണിയല്ലാതെ മറ്റൊന്നിനെയും ആശ്രയിക്കാതിരിക്കാനാവാതെയായി. പണി കിട്ടണമെങ്കില്‍ ഭൂവുടമയെ പിണക്കരുതെന്ന് അവര്‍ പഠിച്ചു. യജമാനന്മാര്‍ക്ക് തങ്ങളെ ശിക്ഷിക്കാനുള്ള അധികാരമുണ്ടെന്ന് അവര്‍ വീണ്ടും വിശ്വസിച്ചുതുടങ്ങി.
പുതിയ നൂറ്റാണ്ട് പിറന്ന് മാസങ്ങളായപ്പോഴാണ് ആര്‍ വി പുതൂരില്‍ ഒരു കൗണ്ടറുടെ വീട്ടില്‍ അടിച്ചുതളിക്കാന്‍ വന്ന യുവതിയുടെ കൈയ്യില്‍ കര്‍പ്പൂരം കത്തിച്ചത്. അടിച്ചുതളിക്കിടെ പ്രാഥമികാവശ്യം നിറവേറ്റാന്‍ കൗണ്ടറുടെ കുളിമുറി ഉപയോഗിച്ചു എന്നതായിരുന്നു കുറ്റം. പക്ഷെ കര്‍്‌പ്പൂരം കത്തിച്ചു പൊള്ളിച്ചതില്‍ യുവതിക്കോ വീട്ടുകാര്‍ക്കോ സമുദായക്കാര്‍ക്കോ യാതൊരു അപാകതയും തോന്നുന്നില്ല.
കൈയ്യില്‍ കര്‍പ്പൂരം കത്തിക്കലും ചാട്ടവാറടിയും ഊരുവിലക്കുമാണ് ഇപ്പോള്‍ ശിക്ഷയെങ്കില്‍ വളരെ പണ്ട് ഭൂവുടമകളായ കൗണ്ടന്‍മാര്‍ക്ക് മുതലക്കുളങ്ങളുണ്ടായിരുന്നതായും തെറ്റു ചെയ്‌തവരെ കുളങ്ങളില്‍ തള്ളുമായിരുന്നുവെന്നും കഥകളുണ്ട്.
ശിക്ഷകളില്‍ മരണത്തെക്കാള്‍ ഭീകരമാണ് ഊരുവിലക്ക്. ഒരു വ്യക്തിയോ കുടുംബത്തെയോ ഊരുവിലക്കിയാല്‍ പിന്നെ സ്വസമുദായത്തില്‍ നി്‌നുപോലും ഒരു മാനുഷിക പരിഗണനയും പ്രതീക്ഷിക്കേണ്ട.
ഊരുവിലക്കുകളുടെ കഥ അടുത്ത ഭാഗത്തില്‍
1 അഭിപ്രായം
ഡിസംബര്‍ 30, 2007 -ല്‍ 7:06 pm
തുടരുക..