കുടങ്ങള്‍ കൂട്ടിമുട്ടിയതിന് ഊരുവിലക്ക്
ദലിതന്റെ കുടം സവര്‍ണന്റെ കുടവുമായി കൂട്ടിമുട്ടിയപ്പോള്‍ കരിമാണ്ട കൗണ്ടന്നൂരിലെ രാക്കായിക്കും കുടുംബത്തിനും ലഭിച്ചത് ഊരുവിലക്കായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അന്‍പത് വര്‍ഷങ്ങള്‍ക്കുശേഷവും ഇവിടെ സവര്‍ണന്റെയും അവര്‍ണന്റെയും കുടങ്ങള്‍ കൂട്ടിമുട്ടുന്നതുപോലും മഹാഅപരാധമാണ്.
2003 മെയിലെ കൊടുംവേനലില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെട്ട ഗ്രാമമായിരുന്നു കരിമാണ്ട കൗണ്ടന്നൂര്‍. ഇവിടെ കൗണ്ടറുടെ വീടിനു മുന്നിലെ പൈപ്പില്‍ വല്ലപ്പോഴും വരുന്ന വെള്ളമായിരുന്നു ഗ്രാമവാസികളുടെയാകെ തൊണ്ട നനച്ചിരുന്നത്. ജന്മിയുടെ വീട്ടാവശ്യത്തിനു ശേഷമേ ചക്ലിയ-പറയ സമുദായങ്ങള്‍ക്ക് വെള്ളമെടുക്കാനാവൂ എന്നത് ഗ്രാമത്തിലെ അലിഖിത നിയമം. കുടവുമായുള്ള കാത്തിരിപ്പിനിടെ റാക്കായിയുടെ കുടം കൗണ്ടറുടെ കുടത്തില്‍ തട്ടി. ഇതോടെ ബഹളമാരംഭിച്ചു. ദേഷ്യവും സങ്കടവുംകൊണ്ട് രാക്കായിയും എന്തൊക്കെയോ വിളിച്ചുപറഞ്ഞു. അന്ന് രാത്രി അമ്പലത്തിന് സമീപം ആല്‍ച്ചുവട്ടില്‍ ‘ കട്ടപ്പഞ്ചായത്ത് ‘ കൂടി. രാക്കായിയേയും ഭര്‍ത്താവ് മുരുകപ്പനെയും ഊരുവിലക്കാന്‍ നാട്ടുപ്രമാണിമാര്‍ തീരുമാനമെടുത്തു. പിന്നീടുള്ള ദിവസങ്ങള്‍ ഓര്‍ക്കുമ്പോള്‍ തന്നെ ഭയമാണെന്ന് മുരുകപ്പന്‍ പറയുന്നു.
‘വേലയുമില്ലൈ, കുടിശിയിലെ കഞ്ചിയുമില്ലൈ, തണ്ണിയെടുക്കറത്‌ക്കുകൂടെ വഴിയില്ലാമെ തവിച്ചേന്‍ (ജോലിയുമില്ല, കുടിലില്‍ കഞ്ഞിയുമില്ല, വെള്ളമെടുക്കാന്‍ പോലും വഴിയില്ലാതെ വിഷമിച്ചു) ഊരുവിലക്കിയതോടെ മുരുകപ്പനും രാക്കായിക്കും നാട്ടിലാരും പണി നല്‌കാതെയായി. ആരും മിണ്ടാറുപോലുമില്ല. ചായക്കടകളുടെയും പലചരക്കുകടകളുടേയും വാതില്‍ ഇവര്‍ക്കു മുന്നില്‍ അടക്കപ്പെട്ടു. പട്ടിണിയും ദാരിദ്ര്യവുംകൊണ്ട് മുരുകപ്പന്‍ തമിഴ്‌നാട്ടില്‍ ജോലിക്കു പോയി. പക്ഷെ പണം കൊണ്ടു മാത്രം എല്ലാം ആകുന്നില്ലല്ലോ.
‘കാശിരുന്തിട്ട് എതുക്ക്, എങ്ക ആളുക കൂടെ മുഖം തര്‌റതില്ലെ. കേട്ട അവങ്കളുക്കും വേലെ താന്‍ പ്രച്ച്‌നൈ’ (പണമുണ്ടായിട്ടെന്തിനാ, ഞങ്ങളുടെ ആളുകള്‍ പോലും മുഖം തരുന്നില്ല. ചോദിച്ചാല്‍ അവര്‍ക്കും പണിയാണ് പ്രശ്‌നം) ഊരുവിലക്കപ്പെട്ടവരോട് ആരെങ്കിലും മിണ്ടുകയോ സഹായിക്കുകയോ ചെയ്‌താന്‍ അവര്‍ക്കും ശിക്ഷ കിട്ടും-ചാട്ടവാറടിയായും നാടുകടത്തലായും ചിലപ്പോള്‍ ഊരുവിലക്കായും.
ഇതിനിടെ ഇളയ മകന് ദീനം വന്നു. വല്ലാതെ ബുദ്ധിമുട്ടിലായിപ്പോയി ഇവര്‍. രണ്ടുമാസം കഴിഞ്ഞപ്പോള്‍ നാട്ടുപ്രമാണിമാരുടെ മനസലിഞ്ഞു. ഇനി മര്യാദക്കു നടക്കുമെന്ന ഉറപ്പും നല്‌കി, മാപ്പും പറഞ്ഞപ്പോള്‍ രാക്കായിയെയും മുരുകപ്പനെയും വിലക്കില്‍ നിന്ന് മുക്തരാക്കി.
അതിര്‍്‌ത്തി ഗ്രാമങ്ങളിലെ നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്നത് കൗണ്ടന്‍മാരായ നാട്ടുപ്രമാണിമാരാണ്. ‘കട്ടപ്പഞ്ചായത്താ’ണ് ഇവരുടെ കോടതി. നാട്ടുപ്രമാണിമാരുടെ സംഘം വിധിപറയും. ഈ നാട്ടുപ്രമാണിമാരുടെ അനുവാദത്തോടെ മാത്രമെ ഗ്രാമവാസികള്‍ക്ക് പോലീസുമായോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളുമായോ ബന്ധപ്പെടാനാവുകയുള്ളൂ.
മലയാണ്ടി കൗണ്ടന്നൂരിലെ ദലിത് യുവതി ഒന്നരവര്‍ഷം മുമ്പ് ബലാത്സംഗത്തിനിരയായി. മേല്‍ജാതിക്കാരനായിരുന്നു പ്രതി. അന്നും ‘കട്ടപ്പഞ്ചായത്ത്’ കൂടി. നാട്ടുപ്രമാണിമാര്‍ മേല്‍ജാതിക്കാര്‍ കുറ്റക്കാരല്ലെന്ന്‌ു വിധിച്ചു. ദലിതര്‍ക്കുമേല്‍ തങ്ങളുടെ അധിശത്വം ഉറപ്പിച്ചു.
എങ്കിലും ചിലര്‍ പോലീസിനും പട്ടികജാതി-വര്‍ഗ സെല്ലിനും പരാതി നല്‍കി. കേസ് ഇപ്പോഴും നടക്കുന്നുണ്ട്. ജന്മിയുടെ കണ്ണിലെ നീതിക്ക് വഴങ്ങണമെന്നത് കീഴാളന്റെ ധര്‍മ്മം.
ചിന്ന മൂലത്തറയില്‍ ഒരേയൊരു ഹരിജ കുടുംബമാണുള്ളത്. ചക്ലിയനായ രാമനും ശെല്‍വാളും നാലുകുട്ടികളും. കൊടിയ പീഢനങ്ങളാണ് മേലാളന്‍മാരില്‍ നിന്ന് ഇവര്‍ അനുഭവിക്കുന്നത്. ഇവര്‍ക്ക് കടയില്‍നിന്ന് ചായകുടിക്കണമെങ്കില്‍ വീട്ടില്‍ നിന്ന് ഗ്ലാസു കൊണ്ടുവരണം. ഇല്ലെങ്കില്‍ ചായകിട്ടില്ല. ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിയാല്‍ പുറത്ത് റോഡരുകില്‍ നിന്ന് കഴിക്കണം. മേല്‍ജാതിക്കാരുടെ വീടിനകത്തേക്ക് നിഴല്‍പതിച്ചാല്‍ വീട് ശുദ്ധീകരിക്കും…അപമാനഭാരം സഹിക്കാതായപ്പോഴാണ് രാമന്‍ പോലീസിനും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയത്. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ മേലാളന്‍മാരുടെ ഭീഷണി.
ദൈവങ്ങളുടെയും ആരാധനയുടെയും പേരില്‍പോലും വിവേചനം അനുഭവിക്കുന്നവരാണ് ഇവിടുത്തെ ദലിതര്‍. പ്രദേശത്തെ പ്രധാനക്ഷേത്രങ്ങളെല്ലാം നിയന്ത്രിക്കുന്നത് സവര്‍ണരാണ്. ഇവിടെ താഴ്‌ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ല. മതില്‍ക്കെട്ടിന് പുറത്തുനിന്ന് ദൈവങ്ങളെ വണങ്ങാം. അതിര്‍ത്തിയിലെ അമ്പലങ്ങളില്‍ മൃഗബലി പോലുള്ള അനാചാരങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. കീഴാളര്‍ മുതലാളിയെ ദൈവത്തിന്റെ പ്രതിപുരുഷനായാണ് കാണുന്നത്.
ആചാര അനുഷ്‌ഠാനങ്ങളുടെ പേരില്‍ ദലിതരെ അടിച്ചമര്‍ത്തുന്ന നാട്ടുപ്രമാണിമാര്‍ സാമ്പത്തികമായും ഇവരെ വട്ടക്കുരുക്കിലാക്കുകയാണ്.
അതേപ്പറ്റി അടുത്തഭാഗത്തില്‍