ജനുവരി 17, 2008...11:14 am

കേരളം എങ്ങിനെ മേല്‍ക്കൈ നേടി

Jump to Comments

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മന്ത്രിസഭയുടെ കാര്യക്ഷമതയുടെയും കേരളത്തോടുള്ള പ്രതിബദ്ധതയുടെയും മാറ്റുരക്കുന്നതാണ്‌ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍. യു ഡി എഫ്‌ മന്ത്രിസഭയുടെ കാലത്ത്‌ ഈ വിഷയത്തില്‍ തുടരെയുള്ള തിരിച്ചടിയേറ്റ്‌ കേരളം വിലപിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ക്ക്‌ പൂര്‍ണ പരിഹാരം ഇനിയും കാണാനായില്ലെങ്കിലും ആശാവഹമായ പുരോഗതി കേരളം നേടിക്കൊണ്ടിരിക്കുകയാണ്‌. ഇടതുപക്ഷ സര്‍ക്കാരിനെതിരെ നിരന്തരം വിവാദങ്ങള്‍ കുത്തിവെക്കുന്ന മാധ്യമങ്ങളാകട്ടെ ഈ നേട്ടങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്‌. ഇപ്പോഴത്തെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കാട്ടിയ നിതാന്ത ജാഗ്രത അന്നത്തെ മുഖ്യമന്ത്രിമാരുടെ തന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വി എസ്‌ മുഖ്യമന്ത്രിയായ ശേഷവും ഇക്കാര്യത്തിലുള്ള പ്രതിബദ്ധതക്ക്‌ അണുവിട വിട്ടുവീഴ്‌ചയുണ്ടായിട്ടില്ലെന്ന്‌ ഇതേവരെയുള്ള വിജയങ്ങള്‍ സൂചിപ്പിക്കുന്നു. ഭരണപരവും നയതന്ത്രപരവും നിയമപരവുമായ ഫലപ്രദമായ ഇടപെടലുകളിലൂടെ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രനും ഏറെ സങ്കീര്‍ണവും വൈകാരികവുമായ ഈ പ്രശ്‌നത്തില്‍ തന്റെ മികവ്‌ പ്രകടിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ ജനശക്തിക്കു വേണ്ടി മന്ത്രി എന്‍ കെ പ്രേമചന്ദ്രനുമായി നടത്തിയ അഭിമുഖം

മുല്ലപ്പെരിയാര്‍ വിഷയം യുഡിഎഫ്‌ സര്‍ക്കാര്‍ കൈകാര്യം ചെയ്‌തപ്പോള്‍ ഉണ്ടായ കനത്തതിരിച്ചടികള്‍ എങ്ങിനെ എല്‍ ഡി എഫ്‌ സര്‍ക്കാരിന്‌ മറികടക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ ഏറെ പഴികേട്ട ഭരണയന്ത്രത്തെ ഉപയോഗിച്ചുതന്നെയാണല്ലോ ഈ നേട്ടം സാധ്യമായത്‌. ഉദ്യോഗസ്ഥവൃന്ദം വളരെ ആത്മാര്‍ഥമായ സമീപനം സ്വീകരിച്ചു. പ്രതിപക്ഷവും വളരെ ക്രിയാത്മകമായ രീതിയാണ്‌ സ്വീകരിച്ചത്‌. ഇത്തരത്തില്‍ അനുകൂലമായ ഒരു വേദി കേരളത്തില്‍ ഒരുക്കിയെടുക്കാന്‍ സാധിച്ചത്‌ എങ്ങിനെയാണ്‌?

നമ്മള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യന്തം സ്വീകരിച്ചത്‌ എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള സമീപനമാണ്‌. ഇത്തരം ഒരു വിഷയത്തില്‍ കേരളത്തെയാകെ ഒരുമിപ്പിച്ച്‌ നിര്‍ത്തിയാലേ കഴിയൂ. ഉദ്യോഗസ്ഥര്‍ക്ക്‌ സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ~ഒരു ശൈലിയുണ്ട്‌. അതില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇക്കാര്യത്തില്‍ പ്രത്യേക സംവിധാനം തന്നെ ഏര്‍പ്പെടുത്തി. കൂടാതെ ഈ മേഖലയിലെ വിദഗ്‌ദ്ധരായ എം കെ പരമേശ്വരന്‍ നായര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘത്തെ നിയോഗിച്ചു. സത്യത്തില്‍ ഒരു നയാപൈസയുടെ പോലും സിറ്റിംഗ്‌ ഫീസോ പ്രതിഫലമോ അവര്‍ കൈപ്പറ്റിയിരുന്നില്ല. അവരെ വിളിച്ചപ്പോള്‍ വളരെ സന്തോഷത്തോടുകൂടിയാണ്‌ ഏഴെട്ടുപേര്‍, ഓരോരുത്തരുടെയും പേരെടുത്തു പറയുന്നില്ല, സഹകരിച്ചത്‌. അവരുടെ സംഘത്തിന്റെ ഉപദേശം ഇക്കാര്യത്തില്‍ വളരെയധികം പ്രയോജനപ്പെട്ടു. അവരാണ്‌ സത്യത്തില്‍ യഥാര്‍ത്ഥ വിഷയം ഹൈലെറ്റ്‌ ചെയ്യുന്നതിന്‌ സഹായിച്ചത്‌. പിന്നെ എടുത്ത നയപരമായ സമീപനം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുക എന്നതായിരുന്നു. രണ്ടുവട്ടം നമ്മള്‍ ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചു. അവരെക്കൂടി വിശ്വാസത്തിലെടുത്ത്‌ അവര്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ്‌ പ്രധാനമന്ത്രിക്ക്‌ നിവേദനം കൊടുത്തത്‌. സര്‍വകക്ഷിയോഗത്തില്‍ നിവേദനം സമര്‍പ്പിച്ച്‌ ചര്‍ച്ചനടത്തി ഭേദഗതിയും വരുത്തിയിരുന്നു. നിയമസഭയില്‍ ഈ സര്‍ക്കാര്‍ വന്ന ശേഷവും ഒരു പ്രമേയം പാസാക്കി. അതിനു വേണ്ടി പ്രതിപക്ഷനേതാവിന്റെ വീട്ടില്‍ ഞാന്‍ പോയിരുന്നു. അതിനുശേഷം മുഖ്യമന്ത്രിയെയും കണ്ട്‌ സംസാരിച്ചു. റൂള്‍ 300 അനുസരിച്ച്‌ ഐകകണ്‌ഠേനയാണ്‌ പ്രമേയം പാസാക്കിയത്‌. മുല്ലപ്പെരിയാര്‍ പ്രസ്ഥാനത്തിന്റെ ക്രെഡിറ്റ്‌ പ്രതിപക്ഷത്തിനു കൂടി അവകാശപ്പെട്ടതാണ്‌. അങ്ങനെ രാഷ്‌ട്രീയമായ സമവായം സൃഷ്‌ടിച്ചു. ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചു. മന്ത്രിയുടെ ഓഫീസിലെ മൂന്നു പേര്‍ ഇക്കാര്യത്തില്‍ പ്രത്യേകം താല്‌പര്യത്തോടെ പ്രവര്‍ത്തിച്ചു. മുതിര്‍ന്ന അഭിഭാഷകരെ ഏകോപിപ്പിക്കാന്‍ സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ്‌ കൗണ്‍സില്‍ അഡ്വ. പ്രകാശിനും സാധിച്ചു. പിന്നെ ഇക്കാര്യത്തില്‍ എടുത്തുപറയേണ്ടത്‌ മുഖ്യമന്ത്രിയുടെ ചാഞ്ചല്യമില്ലാത്ത നിലപാടിനെയാണ്‌. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും സമയാസമയങ്ങളില്‍ മുഖ്യമന്ത്രിയെ അറിയിച്ച്‌ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും പരിശോധനക്കും വിധേയമായിട്ടാണ്‌ കാര്യങ്ങള്‍ നീക്കിയത്‌. അദ്ദേഹത്തിന്റെ ഉറച്ച നിലപാട്‌ പല കാര്യങ്ങളിലും നമുക്ക്‌ സഹായകമായി എന്നു മാത്രമല്ല ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘത്തിന്‌ അത്‌ ഉത്സാഹവും തന്നു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം വളരെയധികം പിന്നോട്ടു പോവുകയും സുപ്രീം കോടതിയില്‍ നിന്നുള്‍പ്പെടെ തുടരെത്തുടരെ തിരിച്ചടികള്‍ നേരിടുകയും ചെയ്‌തിരുന്ന ഒരു സാഹചര്യത്തിലാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ജലവിഭവ മന്ത്രിയായി താങ്കളും അധികാരം ഏറ്റെടുക്കുന്നത്‌. അതില്‍ നിന്ന്‌ കേരളത്തെ കരകയറ്റുകയും ഏറെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്‌തുവെന്നത്‌ തര്‍ക്കമറ്റ കാര്യമാണല്ലോ? ഈ ഗതിമാറ്റം എങ്ങിനെ സംഭവിച്ചു?

ഡാമിന്‌ ബലക്ഷയമില്ലെന്നും അതുകൊണ്ട്‌ ആദ്യഘട്ടമെന്ന നിലയില്‍ നിലവിലുള്ള 136 അടിയില്‍ നിന്നും 142 അടിയായും പിന്നീട്‌ 152 അടിയായും ജലനിരപ്പ്‌ ഉയര്‍ത്തണമെന്നുമുള്ള സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച്‌ വിധിയും അതിനെതിരെ കൊടുത്ത മൂന്ന്‌ റിവ്യൂ പെറ്റീഷനുകളും തള്ളുന്ന സാഹചര്യത്തിലാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്‌. ഇതൊരു അന്തിമവിധി പോലെയായിരുന്നു. അതിനുശേഷം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കാതലായ മാറ്റമാണ്‌ ഉണ്ടായത്‌. വിഷയത്തിന്റെ ഉള്ളറകളിലേക്ക്‌ ഇറങ്ങിച്ചെന്നുകൊണ്ടുള്ള, ഗവേഷണബുദ്ധിയോടെ നിരന്തരം നടത്തിയ ഗൃഹപാഠത്തിന്റെ ഫലമായാണ്‌ ഇക്കാര്യത്തില്‍ നല്ലപുരോഗതി കൈവരിക്കാന്‍ സംസ്ഥാനത്തിന്‌ കഴിഞ്ഞത്‌. സുപ്രീം കോടതിയില്‍ ഏറ്റവും വിദഗ്‌ധ അഭിഭാഷകരായ ഹരീഷ്‌ സാല്‍വെ, കവേരി നദീജല പ്രശ്‌നത്തില്‍ കര്‍ണാടകത്തിനു വേണ്ടി വാദിച്ച മോഹന്‍ കത്താര്‍, പിന്നെ നമ്മുടെ സ്റ്റാന്റിംഗ്‌ കൗണ്‍സില്‍ പ്രകാശ്‌ എന്നിവരടങ്ങിയ അഭിഭാഷക സംഘത്തെ കേരളത്തിനു വേണ്ടി നിയോഗിച്ചു. ഞാന്‍ തന്നെ ദല്‍ഹിയില്‍ നേരിട്ട്‌ മൂന്നുവട്ടം അവരുമായി ചര്‍ച്ച നടത്തി.

സുപ്രീം കോടതിയെ ഇത്തരമൊരു സമീപനത്തിലേക്ക്‌ എത്തിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകള്‍ ഏതു തരത്തിലുള്ളതായിരുന്നു. അതു വരെ സത്യത്തില്‍
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തോട്‌ കേന്ദ്ര സര്‍ക്കാരിന്‌ അനുഭാവം ഉണ്ടായിരുന്നില്ലല്ലോ. കേരളം ഗൗരവമായ ഒരു സുരക്ഷാ പ്രശ്‌നം നേരിടുന്നുണ്ടെന്ന്‌ എങ്ങിനെ കോടതിയെയും കേന്ദ്ര സര്‍ക്കാരിനെയും ബോധ്യപ്പെടുത്താനായി?

ഈ സര്‍ക്കാര്‍ ചെയ്‌ത പ്രധാനപ്പെട്ട കാര്യം സുപ്രീം കോടതിയില്‍ കേസ്‌ ഫലപ്രദമായി നടത്തുക എന്നതായിരുന്നു. അതിന്‌ പ്രഗത്ഭരായ അഭിഭാഷകരെ ചുമതലപ്പെടുത്തി. മറുവശത്ത്‌ മുല്ലപ്പെരിയാര്‍ വിഷയം ഒരു ദേശീയ പ്രശ്‌നമായി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. ജലനിരപ്പ്‌ ഉയര്‍ന്നപ്പോള്‍ നമ്മളതിന്റെ ആപത്ത്‌ ഉയര്‍ത്തിക്കാണിച്ചു. സംസ്ഥാനത്ത്‌ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഉള്‍പ്പെടെ കേരളത്തിലെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളെയും ചേര്‍ത്ത്‌ 26ഓളം പേര്‍ അടങ്ങുന്ന സംഘം പ്രധാനമന്ത്രിയെ കണ്ടു. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചു. അങ്ങിനെ ബോധപൂര്‍വമായ ഇടപെടലുകളിലൂടെയാണ്‌ ഇതൊരു ദേശീയ പ്രശ്‌നമായി മാറിയത്‌. അന്ന്‌ നമ്മള്‍ പ്രധാനമായി ഉയര്‍ത്തിപ്പിടിച്ചത്‌ ജനങ്ങളുടെ സുരക്ഷയാണ്‌. അത്തരമൊരു സാഹചര്യം സൃഷ്‌ടിച്ചത്‌ ഈ സര്‍ക്കാരിന്റെ നേട്ടം തന്നെയാണ്‌. അതിനുവേണ്ടി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുകയും നല്ലപോലെ പരിശോധിക്കുകയും ചെയ്‌തു. അതിനായി ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി. കണ്ടെത്തലുകളും ആശങ്കകളും കോടതിയിലും പ്രധാനമന്ത്രിക്കു മുന്നിലും കൃത്യമായി വിശദീകരിക്കാനും സാധിച്ചു. മുമ്പ്‌ ദേശീയ മാധ്യമങ്ങള്‍ പറഞ്ഞിരുന്നത്‌ നമുക്ക്‌ ശരിയായ അളവില്‍ വെള്ളം കൊടുക്കാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ്‌ വിവാദം എന്നായിരുന്നു. സങ്കുചിതമായ ഈ വിലയിരുത്തലിനെ തെളിവുകള്‍ നിരത്തി നിരാകരിച്ച്‌ ദേശീയ പ്രശ്‌നമായി വളര്‍ത്തിയെടുക്കാനും ജനങ്ങളുടെ ജീവനുനേരെയുള്ള ഭീഷണി ഉര്‍ത്തിപ്പിടിച്ച്‌ ദേശിയമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനും കഴിഞ്ഞു. അതിന്റെയൊക്കെ പ്രതിഫലനം സ്വാഭാവികമായും സുപ്രീം കോടതി വിധിയിലുമുണ്ടായിരുന്നിരിക്കണം.

ഇതിനിടയിലാണല്ലോ പുതിയ ഡാം എന്ന ആവശ്യം ചര്‍ച്ചയിലേക്ക്‌ വരുന്നത്‌?

അതെ, പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന നിര്‍ദേശം നമ്മള്‍ സമര്‍പ്പിക്കുകയായിരുന്നു. ആദ്യമായിട്ടായിരുന്നു അത്തരത്തിലുള്ള നീക്കം. ഡാം സുരക്ഷിതമല്ലെങ്കില്‍ ബദല്‍ എന്ത്‌ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. അത്‌ പുതിയ ഡാമല്ലാതെ മറ്റൊന്നുമല്ല. അക്കാര്യം കേരളത്തിന്റെ പ്രധാന ആവശ്യമായി വളര്‍ത്തിയെടുത്തു. ഇതിനിടെ 136അടി ജലനിരപ്പ്‌ 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഇടക്കാല ഹര്‍ജി തമിഴ്‌നാട്‌ ഫയല്‍ ചെയ്‌തു. പുതിയ നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ അതിന്‌ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ്‌ കേരളം സ്വീകരിച്ചത്‌. ഷട്ടര്‍ താഴ്‌ത്താതിരിക്കാന്‍ മുല്ലപ്പെരിയാറില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ശക്തമായ നിലപാട്‌ സ്വീകരിക്കുകയും ചെയ്‌തതിനാലാണ്‌ വിധി നടപ്പിലാവാതിരുന്നത്‌. അതേ സമയം ഡാം സുരക്ഷാ നിയമം അസാധുവാക്കി സ്റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ ഇടക്കാല ഹര്‍ജി നല്‍കി. രണ്ടിലും കോടതി ഇതുവരെ ഉത്തരവ്‌ നല്‌കിയിട്ടില്ല. രണ്ട്‌ കേസിലും നമ്മള്‍ നല്ലതുപോലെ വാദിച്ചു. 136 അടിയായി ജലനിരപ്പ്‌ നിലനിര്‍ത്താന്‍ ഇപ്പോഴും കഴിയുന്നു എന്നത്‌ നമ്മളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ്‌.

പിന്നീടാണ്‌ മുഖ്യമന്ത്രി തലത്തിലുള്ള ചര്‍ച്ചകളൊക്കെ നടക്കുന്നത്‌, അതിലൊന്നും കാര്യമായ തീരുമാനങ്ങളുണ്ടായില്ലല്ലോ?

സുപ്രീം കോടതി പറഞ്ഞതനുസരിച്ച്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി കരുണാനിധിയും നമ്മുടെ മുഖ്യമന്ത്രിയും ഒരുവട്ടം ചര്‍ച്ച നടത്തി. ഞങ്ങളുടെയൊക്കെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. അതില്‍ നമ്മള്‍ നല്ലതുപോലെ സ്‌കോര്‍ ചെയ്‌തു. ആ ചര്‍ച്ചയിലാണ്‌ കേരളത്തിന്‌ ഒരു യുക്തിയുക്തമായ കേസുണ്ടെന്ന്‌ കേന്ദ്ര സര്‍ക്കാരിന്‌ ആദ്യമായി ബോധ്യപ്പെട്ടത്‌. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം ഒരു ഭാഗം മാത്രമേ കേട്ടിരുന്നുള്ളൂ. കേന്ദ്ര ജലമന്ത്രി സൈഫുദീന്‍ സോസിന്റെ സാന്നിദ്ധ്യത്തില്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രി തല ചര്‍ച്ച കേരളത്തിന്‌ ഗുണകരമായി. രണ്ടു സംസ്ഥാനങ്ങളിലെയും വിദഗ്‌ദ്ധരും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. കേരളം ചോദിച്ച പല ചോദ്യങ്ങള്‍ക്കും അവരുടെ വിദഗ്‌ധര്‍ക്ക്‌ ഉത്തരം പറയാന്‍ സാധിച്ചില്ല. അതിലെ കേരളത്തിന്റെ വാദങ്ങളെല്ലാം നമ്മള്‍ എഴുതി കേന്ദ്ര സര്‍ക്കാരിനും കോടതിക്കും സമര്‍പ്പിച്ചു. വളരെ സാധുതയുള്ള പുതിയ വാദങ്ങളായിരുന്നു അത്‌. പിന്നീട്‌ മന്ത്രിതലത്തിലുള്ള ചര്‍ച്ച തുടങ്ങി. അതിന്റെ അവസാനം തങ്ങള്‍ കോടതിയിലേക്ക്‌ പോവുകയാണെന്ന്‌ പറഞ്ഞ്‌ ഏകപക്ഷീയമായി തമിഴ്‌നാട്‌ പിന്മാറുകയായിരുന്നു. അതേസമയം നയതന്ത്രപരമായ സമീപനം ആണ്‌ തുടക്കം മുതല്‍ അവസാനം വരെ കേരളം എടുത്തിരുന്നത്‌. അങ്ങനെ കോടതിയിലെത്തി. അപ്പോഴും ചര്‍ച്ചക്ക്‌ തയാറാണെന്ന നിലപാടിലായിരുന്നു കേരളം. ഇതിനിടെ വീണ്ടും ജലനിരപ്പ്‌ ഉയര്‍ന്നു. നമ്മള്‍ ഇതൊരു വലിയ പ്രശ്‌നമാക്കി മാറ്റി. തുടര്‍ന്ന്‌ എക്‌സ്‌പേര്‍ട്ട്‌ കമ്മിറ്റിയെ വെച്ച്‌ ഡാം പരിശോധിപ്പിച്ചു. അവരുടെ പഠനത്തില്‍ ഗുരുതരമായ അവസ്ഥയാണ്‌ ഡാമില്‍ എന്ന റിപ്പോര്‍ട്ട്‌ വന്നു. ഈ പശ്ചാത്തലത്തില്‍ വീണ്ടും പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. അങ്ങിനെയാണ്‌ ദേശീയ വികസന കൗണ്‍സില്‍ യോഗത്തിനിടെ വീണ്ടും മുഖ്യമന്ത്രിതലചര്‍ച്ച നടന്നത്‌. ഇപ്പോള്‍ ഒരു യുക്തിസഹമായ പോയിന്റിലേക്ക്‌ ചര്‍ച്ച എത്തിച്ചേര്‍ന്നിട്ടുണ്ട്‌. അതുകൊണ്ട്‌ നമ്മള്‍ സാങ്കേതിക വിഷയങ്ങള്‍ വിടുകയാണ്‌.

പുതിയ ഡാം എന്ന ആശയത്തോട്‌ എങ്ങിനെയാണ്‌ തമിഴ്‌നാടും കേന്ദ്രവും പ്രതികരിച്ചത്‌?

ഡാം പൊട്ടുമോ ഇല്ലയോ എന്നൊന്നും ആര്‍ക്കും തറപ്പിച്ചു പറയാനാവില്ല. ലോകത്ത്‌ സുരക്ഷിതമെന്നു പറഞ്ഞിട്ടുളള പല ഡാമുകളുണ്ട്‌. ഉദാഹരണത്തിന്‌ ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ ഡാം. സുരക്ഷിതമെന്നു സര്‍ട്ടിഫൈ ചെയ്‌ത്‌ ഒരാഴ്‌ചക്കകം പൊട്ടിപോയ ഡാമുകളുടെ ചരിത്രം നമുക്ക്‌ മുന്നിലുണ്ട്‌. ഇത്‌ നേരത്തെ പ്രതീക്ഷിക്കാവുന്ന ഒന്നല്ല. കരാര്‍ കാലാവധിയായ 999 വര്‍ഷക്കാലത്തേക്ക്‌ എന്തായാലും ഈ ഡാം നിലനില്‍ക്കില്ല. എന്നായാലും ഇത്‌ പുതുക്കിപ്പണിയേണ്ടിവരും. ഒരു പുതുക്കിപ്പണിയല്‍ നേരത്തെ നടന്നു. അതുകൊണ്ട്‌ ബലക്ഷയം തീരുന്നില്ല എന്നതുകൊണ്ടാണല്ലോ നമ്മള്‍ ഈ ആവശ്യം വെച്ചിരിക്കുന്നത്‌. അപ്പോള്‍ എന്തായാലും പുതിയ ഡാം വേണം. എന്നാല്‍ പിന്നെ എന്തുകൊണ്ട്‌ അത്‌ ഇപ്പോഴായിക്കൂടാ. ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ആശങ്കയും ഉത്‌ക്കണ്‌ഠയും അതാണ്‌ നമ്മള്‍ ഉന്നയിച്ചിരിക്കുന്ന ലോജിക്കല്‍ ചോദ്യം. പുതിയ ഡാമാണ്‌ കേരളത്തിന്റെ പുതിയ നിര്‍ദ്ദേശം. തമിഴ്‌നാടിന്‌ വെള്ളം കൊടുക്കാനും ഇത്‌ ആവശ്യമാണ്‌. അല്ലെങ്കില്‍ പിന്നെ അവര്‍ക്ക്‌ വെള്ളം കൊടുക്കേണ്ട എന്നുവെക്കുക. അത്‌ മനുഷ്യത്വരഹിതമാണ്‌. അവരുടെ കാര്‍ഷിക മേഖലയില്‍ ഈ വെള്ളമാണ്‌ ഉപയോഗിക്കുന്നത്‌. അത്‌ കൊടുക്കാതിരിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. അത്‌ കൊടുക്കുമ്പോള്‍ തന്നെ കേരളത്തിന്റെ താല്‍പര്യങ്ങള്‍ കൂടി പരിരക്ഷിക്കണം. അതില്‍ പ്രധാനം കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ്‌. മറ്റു പല ഘടകങ്ങളുണ്ട്‌. അതെല്ലാം പിന്നെ ചര്‍ച്ച ചെയ്യാം. പുതിയ ഡാം നമ്മള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്‌ ഇപ്പോഴുള്ളതിന്റെ 1300 അടി താഴെയാണ്‌. 1979 ല്‍ ഇരുസംസ്ഥാനങ്ങളും കൂടി അംഗീകരിച്ച്‌ ഒപ്പുവെച്ചിട്ടുള്ള സൈറ്റ്‌ ലോക്കേഷന്‍ എല്ലാം നമ്മള്‍ ഇപ്പോഴാണ്‌ പുറത്തുകൊണ്ടുവന്നത്‌. ഈ വാദങ്ങളൊന്നും അവര്‍ക്ക്‌ തള്ളിക്കളയാന്‍ പറ്റില്ല.

പുതിയ ഡാമിന്റെ പ്രവര്‍ത്തനങ്ങളുമായി കേരളം മുന്നോട്ടു പോകുമോ?

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ നമ്മള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്‌. അതിനു വേണ്ടി അവിടെ സബ്‌ ഡിവിഷന്‍ ഓഫീസ്‌ തുറന്നു. പദ്ധതി റിപ്പോര്‍ട്ട്‌ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പക്ഷെ, വന്യജീവിസങ്കേമായതുകൊണ്ട്‌ അതിന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. അതിനുള്ള നടപടികള്‍ മുന്നോട്ടു നീങ്ങുന്നുണ്ട്‌. ഇതു സംബന്ധിച്ച കാര്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ കൈയിലാണ്‌. അവിടെ നിന്ന്‌ അനുമതി കിട്ടുന്ന മുറയ്‌ക്ക്‌ ജോലി തുടരും.

ദേശിയ വികസന കൗണ്‍സില്‍ യോഗത്തിനിടെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഫലമൊന്നുമുണ്ടായില്ലെങ്കിലും ആശാവഹമായ മാറ്റമുണ്ടായതായി താങ്കള്‍ പറഞ്ഞിരുന്നല്ലോ. കേരളത്തിന്‌ ഏതു തരത്തില്‍ ഗുണകരമായ മാറ്റമാണ്‌ ഉണ്ടായിട്ടുള്ളത്‌?

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഏറ്റവും അന്തിമമെന്നു പറയാവുന്ന വിധി വന്നുകഴിഞ്ഞതാണ്‌. സുപ്രീം കോടതി നിര്‍ദേശ പ്രകാരം വിദഗ്‌ധര്‍ പോയി പരിശോധിച്ച്‌ സുരക്ഷിതമെന്ന്‌ കണ്ടെത്തിയ ഡാം ആണ്‌ മുല്ലപ്പെരിയാറിലേത്‌. ഇനി ഇതിനകത്ത്‌ പരിശോധന പോയിട്ട്‌ ഒരു ചര്‍ച്ച പോലും വേണ്ട എന്നു പറഞ്ഞ തമിഴ്‌നാട്‌ ചര്‍ച്ചക്കു തയാറായി എന്നുള്ളതു തന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം ആശാവഹമാണ്‌. അതുപോലെ സ്വീപേജ്‌ വാട്ടര്‍ അളക്കാമെന്ന തമിഴ്‌നാടിന്റെ സമ്മതം. അതുകൊണ്ട്‌ കേരളത്തിന്റെ താലപര്യം പൂര്‍ണമായി സംരക്ഷിക്കപ്പെടുന്നില്ല. എങ്കിലും അവര്‍ അത്തരമൊരു നിലപാടിലേക്കു വന്നു എന്നതാണ്‌ പ്രധാനം. സുപ്രീംകോടതി, കേന്ദ്ര വാട്ടര്‍ കമ്മീഷന്‍, എക്‌സ്‌പേര്‍ട്ട്‌ കമ്മിറ്റി എല്ലാം പറഞ്ഞിട്ടും ഇനിയും പരിശോധനയാവാമെന്നുള്ള നിലപാടിലേക്ക്‌ തമിഴ്‌നാട്‌ വന്നിട്ടുള്ളത്‌ അവരുടെ ഉറച്ചനിലപാടില്‍ നിന്നുള്ള വ്യതിയാനമാണ്‌. അതുകൊണ്ട്‌ ഞാന്‍ ഉപയോഗിച്ച വാക്ക്‌ നേരിയ പുരോഗതി എന്നാണ്‌. അതിന്റെ അര്‍ഥം മുഴുവന്‍ കേരളത്തിന്‌ അനുകൂലമാണ്‌ എന്നല്ല. സ്വീപേജ്‌ വാട്ടര്‍ അളക്കുന്നതുകൊണ്ട്‌ മാത്രം ഡാമിന്റെ സുരക്ഷിതത്വം കണക്കാക്കാനാവില്ല. സ്വീപേജ്‌ വാട്ടര്‍ ഡാം സുരക്ഷ അളക്കുന്നതിനുള്ള നിരവധി ഘടകങ്ങളില്‍ ഒന്നു മാത്രമാണ്‌. ഒലിച്ചുപോകുന്ന ജലത്തിന്റെ അളവ്‌ ഒരു ദിവസം കൊണ്ടോ രണ്ടുദിവസം കൊണ്ടോ വിലയിരുത്താനാവില്ല. കുറഞ്ഞത്‌ ഒരു വര്‍ഷമെങ്കിലും വേണ്ടിവരും. സമയബന്ധിതമല്ലാത്ത തുടര്‍ച്ചയായ പ്രവര്‍ത്തനമാണത്‌. ഒരുപക്ഷെ സമയം തള്ളിനീക്കാനുള്ള തമിഴ്‌നാടിന്റെ തന്ത്രം കൂടിയാവാം അതിനു പിന്നില്‍.

നിലവില്‍ സുപ്രീം കോടതിയില്‍ കേസിന്റെ അവസ്ഥ എന്താണ്‌? പരിശോധിക്കേണ്ട 13 വിഷയങ്ങള്‍ തീരുമാനിച്ചിട്ടുണ്ടല്ലോ, അതിലും കേരളത്തിനനുകൂലമായ സമീപനം സുപ്രീം കോടതി സ്വീകരിച്ചിട്ടുണ്ടല്ലോ?

2006 ഫെബ്രുവരി മാസത്തിലെ വിധി പുനഃപരിശോധിക്കണമോ എന്നതാണ്‌ പരിശോധിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌. ശരിക്കും പറഞ്ഞാല്‍ അന്നത്തെ വിധിക്കെതിരെ മൂന്ന്‌ റിവ്യൂ പെറ്റീഷന്‍ കൊടുത്തതാണ്‌. കര്‍ഷകസംഘടനകളായിരുന്നു അതുചെയ്‌തത്‌. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. എന്നിട്ട്‌ മൂന്നും തള്ളിപ്പോയി. ഇപ്പോള്‍ ആ വിധി വീണ്ടും പുനഃപരിശോധിക്കേണ്ടതുണ്ടോ എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടുന്നു. അണക്കെട്ടിന്റെ സുരക്ഷ എന്നു പറയുന്നത്‌ അന്തിമമായി വിലയിരുത്തിയ കാര്യമാണ്‌. അത്‌ വീണ്ടും പരിശോധിക്കുകയും ചെയ്യുന്നു. തമിഴ്‌നാട്‌ കോടതിയില്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നു തോന്നുന്നു. കാരണം ഇത്‌ ഒര്‍ജിനല്‍ സ്യൂട്ടാണ്‌. അവര്‍ ഉന്നയിച്ചത്‌ നിയമപ്രശ്‌നം മാത്രമാണ്‌. കേരളത്തിന്‌ ഡാം സേഫ്‌റ്റി നിയമം ഉണ്ടാക്കി സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള അവകാശമുണ്ടോ എന്നതാണ്‌ അവര്‍ ഉന്നയിക്കുന്നത്‌. അതേസമയം നമ്മള്‍ ജനങ്ങളുടെ സുരക്ഷയാണ്‌ ഉന്നയിച്ചത്‌. എന്നുവെച്ചാല്‍ നമ്മള്‍ ആഗ്രഹിക്കുന്നത്‌ കേസ്‌ പൂര്‍ണമായും പുനരാരംഭിക്കണം എന്നാണ്‌.

തമിഴ്‌നാടിന്റെ രാഷ്‌ട്രീയവും ജനങ്ങളുടെ അതിവൈകാരിക പ്രതികരണങ്ങളും കേരളത്തെ ആശങ്കപ്പെടുത്തുന്നില്ലേ?

മുല്ലപ്പെരിയാര്‍ വിഷയം മുന്‍നിര്‍ത്തി തമിഴ്‌ജനതയില്‍ വൈകാരികത ഇളക്കിവിടാനാണ്‌ പല രാഷ്‌ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നത്‌. കേരളത്തിന്‌ ഏതായാലും അങ്ങിനെയൊരു പ്രശ്‌നമില്ല. വികാരപരമോ പ്രകോപനപരമോ ആയ ഒരു പ്രസ്‌താവനയും ഇതുവരെ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഒരുപാട്‌ പ്രകോപനം സൃഷ്‌ടിക്കുന്ന പ്രസ്‌താവനകളാണ്‌ മറുഭാഗത്തു നിന്നും ഉണ്ടായത്‌. പ്രത്യേകിച്ച്‌ വൈകോ, ഡോ രാംദോസ്‌, ജയലളിത.. കേരളമാകട്ടെ പക്വമായ നിലപാടാണ്‌ സ്വീകരിച്ചത്‌. കേരളത്തിന്റെ നാല്‌ അതിര്‍ത്തികള്‍ 64 മണിക്കൂര്‍ തമിഴ്‌നാട്ടിലെ ചില രാഷ്‌ട്രീയ കക്ഷികള്‍ ഉപരോധിച്ചു. എന്നിട്ടും കേരളം പ്രതികരിച്ചില്ല. ഇതിനിടെ നമ്മള്‍ ചെയ്യുന്ന പ്രധാനപ്പെട്ട സംഗതിയാണ്‌ നേവല്‍ വിദഗ്‌ദ്ധസംഘത്തെകൊണ്ടുവന്നു അണക്കെട്ട്‌ പരിശോധിപ്പിച്ചത്‌. അതൊക്കെ ഈ വിഷയം ജനശ്രദ്ധയില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഏറെ സഹായകരമായ സംഗതികളാണ്‌. അതാണ്‌ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ ഉപരോധിക്കാനുള്ള തീരുമാനത്തിന്‌ കാരണമായത്‌. ഇതൊക്കെ നിഷ്‌പക്ഷമതികളെ കേരളത്തിനനുകൂലമാക്കി.

ചര്‍ച്ചകളില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി കരുണാനിധിയുടെ സമീപനം ആശാവഹമാണോ?

കരുണാനിധിക്ക്‌ ഈ പ്രശ്‌നത്തില്‍ ഒരു പരിഹാരം കാണണമെന്ന ആഗ്രഹമുണ്ട്‌. പക്ഷെ അവിടുത്തെ രാഷ്‌ട്രീയം അതിന്‌ അനുവദിക്കുമെന്ന്‌ തോന്നുന്നില്ല. ഡി എം കെയും എ ഐ എ ഡി എം കെയും തമ്മിലുള്ള കനത്ത പോരാണ്‌ കാരണം. ജയലളിതാ സര്‍ക്കാര്‍ 152 അടിയായി ഉയര്‍ത്താന്‍ വിധി സമ്പാദിച്ചിട്ട്‌ അത്‌ നടപ്പിലാക്കുന്നില്ലെന്നു പറഞ്ഞ്‌ കരുണാനിധി ഇപ്പോള്‍ തന്നെ പ്രതിക്കൂട്ടിലാണ്‌. അക്കൂട്ടത്തില്‍ പുതിയ ഡാം, പുതിയ വ്യവസ്ഥകള്‍ എന്നൊക്കെ പറഞ്ഞാല്‍ തമിഴ്‌നാട്ടില്‍ വലിയ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളുണ്ടാകും. അതാണ്‌ പ്രധാനപ്പെട്ട പ്രശ്‌നം. അല്ലാതെ ആര്‍ക്കും വസ്‌തുത ബോധ്യപ്പെടാഞ്ഞിട്ടല്ല. തമിഴ്‌നാടിന്റെ രാഷ്‌ട്രീയമാണ്‌ ഈ വിഷയം തീരുമാനത്തിലേക്ക്‌ എത്തുന്നതിന്‌ തടസമായി നില്‍ക്കുന്നത്‌. ഒരുപക്ഷെ മുഖ്യമന്ത്രി കരുണാനിധിയെപ്പോലുള്ള ഒരു നേതാവ്‌, ഇത്രയധികം പ്രായോഗികമായ അനുഭവവും ഭരണപരമായ പരിചയവും ഉള്ള ആളെന്ന നിലയില്‍ ഉള്ളില്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നടപടി എടുക്കാന്‍ പറ്റാത്ത സാഹചര്യമാണ്‌. അത്‌ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നിലനില്‌പിനെ തന്നെ ബാധിക്കും.

മുല്ലപ്പെരിയാര്‍ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്‌?

മുല്ലപ്പെരിയാറില്‍ പുതിയ അണ കെട്ടുന്നതുമായി ബന്ധപ്പെട്ടും പഴയ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടും മൂന്ന്‌ പഠനങ്ങള്‍ നടക്കുന്നുണ്ട്‌. ഐ ഐ ടി റൂര്‍ക്കെ, ഐ ഐ ടി ദല്‍ഹി തുടങ്ങിയവരാണ്‌ പഠനം നടത്തുന്നത്‌. അതില്‍ ഒരു പഠന റിപ്പോര്‍ട്ട്‌ കിട്ടി. രണ്ടെണ്ണം കിട്ടാനുണ്ട്‌. കിട്ടിയത്‌ പൂര്‍ണമായി സംസ്ഥാനത്തിന്‌ അനുകൂലമല്ല. എന്നാല്‍ ജലനിരപ്പ്‌ ഉയര്‍ത്താന്‍ പാടില്ലെന്നും അണക്കെട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും പറഞ്ഞിട്ടുണ്ട്‌. പാരിസ്ഥിതികതയെ മുന്‍നിര്‍ത്തിയാണ്‌ പഠനം നടത്തിയത്‌. പുതിയ ഡാമിനെക്കുറിച്ച്‌ അവര്‍ പരിശോധിച്ചിരുന്നില്ല.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ കേരളത്തിനനുകൂലമായ ഇത്തരമൊരു മുന്നേറ്റം നടത്തിയിട്ട്‌ മാധ്യമങ്ങള്‍ അതിനെ വേണ്ടത്ര ഗൗനിച്ചില്ലെന്ന തോന്നലുണ്ടോ, മാധ്യമപ്രവര്‍ത്തനം വിമര്‍ശനത്തിനു മാത്രമാകുമ്പോള്‍ നേട്ടങ്ങളെക്കുറിച്ച്‌ നിശബ്‌ദത പാലിക്കുന്നുണ്ടോ?

അടിസ്ഥാനരഹിതവും വസ്‌തുതാവിരുദ്ധവുമായ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്‌ എന്നത്‌ വസ്‌തുതയാണ്‌. എന്നാല്‍ മറ്റു പല കാര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ വലിയ രീതിയിലുള്ള സംയമനം പാലിക്കുകയും പിന്തുണ നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും കേരളത്തിന്‌ അനുകൂലമായ പുതിയ പോയിന്റുകള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്‌തു. മാത്രമല്ല മുല്ലപ്പെരിയാര്‍ പ്രശ്‌നം ദേശിയ ശ്രദ്ധയാകര്‍ഷിപ്പിക്കുന്നതിനും ക്യാംപൈനായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും വലിയ പങ്കാണ്‌ വഹിച്ചത്‌.

മുല്ലപ്പെരിയാര്‍ പ്രശ്‌നം സജീവമായി നില്‍ക്കുന്ന സാഹചര്യം കൊണ്ടാവാം പറമ്പിക്കുളം ആളിയാര്‍ പോലുള്ള അന്തര്‍സംസ്ഥാന നദീജല കരാറുകളുടെ പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടരുകയാണല്ലോ?

ശരിയാണ്‌ മുല്ലപ്പെരിയാര്‍ പ്രശ്‌നം വന്നപ്പോള്‍ പറമ്പിക്കുളം ആളിയാര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ തമിഴ്‌നാടുമായി ചര്‍ച്ച നടത്താന്‍ സാധിച്ചില്ല. അത്തരം വിഷയങ്ങളെല്ലാം ഇതില്‍ തട്ടിക്കിടന്നു. അതേസമയം പറമ്പിക്കുളം ആളിയാറില്‍ മുമ്പൊരിക്കലും ഇല്ലാത്തരീതിയില്‍ 2007 ല്‍ അര്‍ഹതപ്പെട്ട മുഴുവന്‍ ജലവും, ബാക്ക്‌ ലോഗ്‌ ഉള്‍പ്പെടെ തിരിച്ചുപിടിച്ചു. അതിനു വേണ്ടി നമ്മുടെ ഉദ്യോഗസ്ഥര്‍ നല്ലപോലെ പോരാടി. റഗുലേറ്ററി ബോര്‍ഡ്‌ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയത്‌ വലിയ പ്രശ്‌നമായി മാറിയിരുന്നല്ലോ. ഈ പ്രാവശ്യവും അര്‍ഹതപ്പെട്ടവെള്ളം ലഭിക്കും. നമ്മള്‍ ഇതിനോടകം കുറച്ചു കൂടുതല്‍ വാങ്ങിയെന്നാണ്‌ അവരുടെ കണക്ക്‌. അത്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാടിനെ സമീപിക്കാനിരിക്കുകയാണ്‌. 

ഒരു മറുപടി കൊടുക്കുക