ഫെബ്രുവരി 15, 2008...12:01 pm

ദുരൂഹതയൊഴിയാതെ മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട്‌

Jump to Comments

കേരളത്തിന്റെ പൊതുഭൂമികളെയാകെ ഭൂമാഫിയക്കു തീറെഴുതിക്കൊടുക്കാന്‍ ഭരണപ്രതിപക്ഷങ്ങള്‍ സംയുക്തമായും സംഘടിതമായും നടത്തിവരുന്ന ശ്രമങ്ങളെ തുറന്നുകാണിച്ച വിവാദമായിരുന്നു പൊന്മുടിയിലെ മെര്‍ക്കിസ്‌റ്റണ്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്നത്‌. പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി കണക്കാക്കി വനംവകുപ്പിലേക്ക്‌ നിക്ഷിപ്‌തമാക്കിയിരുന്ന മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ സേവി മനോ മാത്യു എന്ന വ്യക്തിക്ക്‌ പതിച്ചുകൊടുക്കാന്‍ ആദ്യം യു ഡി എഫ്‌ സര്‍ക്കാരും തുടര്‍ന്ന്‌ എല്‍ ഡി എഫ്‌ സര്‍ക്കാരും നടത്തിയ നീക്കങ്ങള്‍ പുറത്തായത്‌ ഇസ്രോ(ഐഎസ്‌ആര്‍ഒ)യുമായി സേവി ഭൂമി വില്‌ക്കാനുണ്ടാക്കിയ കരാറിലെ ദുരൂഹതകള്‍ അനാവരണം ചെയ്യപ്പെട്ടപ്പോഴാണ്‌.
പതിവുപോലെ രാഷ്‌ട്രീയമായി കുറ്റകരമായ നിശബ്‌ദത പാലിക്കുകയും നിയമസഭയ്‌ക്കകത്ത്‌ വെറുതെ കോലാഹലം സൃഷ്‌ടിക്കുകയും പ്രസ്‌താവനകളിറക്കി സംതൃപ്‌തിയടയുകയുമായിരുന്നു പ്രതിപക്ഷം ചെയ്‌തത്‌.

അനധികൃത ഭൂമി ഇടപാടുകള്‍ക്കെതിരായ ജനരോഷത്തെ അവര്‍ മനഃപൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്‌നം പരിഹരിക്കാന്‍ വനംമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ പാരിസ്ഥിതിക ദുര്‍ബല പ്രദേശം എന്നത്‌ ഡീനോട്ടിഫൈ ചെയ്‌തു കൊടുത്തത്‌. (എച്ച്‌ എം ടി ഭൂമിയിടപാടില്‍ മന്ത്രി എളമരം കരീം വിളിച്ചു ചേര്‍ത്ത യോഗത്തിനു സമാനം). യോഗത്തില്‍ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരവകാശവും സേവിക്കില്ലെന്ന്‌ കൊല്ലം സതേണ്‍ സര്‍ക്കിള്‍ കണ്‍സര്‍വേറ്ററായ കെ ജെ വര്‍ഗീസ്‌ വ്യക്തമാക്കിയിട്ടും വനംമന്ത്രി കേട്ടഭാവം കാണിച്ചില്ല.

വ്യക്തമായും സേവിക്കനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു യോഗമെന്ന്‌ മിനിറ്റ്‌സ്‌ പരിശോധിക്കുന്ന ആര്‍ക്കും മനസിലാവും. തുടര്‍ന്ന്‌ ശരവേഗത്തിലാണ്‌ വനംവകുപ്പിന്റെ വിവിധതലങ്ങള്‍ സേവി മനോമാത്യുവിന്‌ വേണ്ടി പ്രവര്‍ത്തിച്ചത്‌. ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമി ഡീനോട്ടിഫൈ ചെയ്‌ത്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. വിവാദത്തിന്റെ ഒരുഘട്ടത്തില്‍ വനംമന്ത്രിയുടെ `പോഴത്തര’ങ്ങള്‍ സഹിക്കവയ്യാതെ മുഖ്യമന്ത്രിക്ക്‌ അദ്ദേഹത്തെ പരസ്യമായി ശാസിക്കേണ്ടി വന്നു എന്നതും ചരിത്രം.

വിവാദം കോടതിയുടെ പരിഗണനയിലാണെങ്കിലും മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ ഭൂമിയില്‍ തന്നെ നിര്‍ദിഷ്‌ട സ്‌പേസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥാപിക്കാന്‍ ഇസ്രോയിലെ ഒരുപറ്റം ഉദ്യോഗസ്ഥര്‍ ഇപ്പോഴും പഠിച്ച പണി പതിനെട്ടും നോക്കിവരികയാണ്‌. ഭൂമി സേവിയുടെ കൈകളിലെത്തിക്കാനുള്ള ശ്രമങ്ങളാണ്‌ രാഷ്‌ട്രീയതലത്തിലും ഉദ്യോഗതലത്തിലും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്‌. വനംമന്ത്രി ബിനോയ്‌ വിശ്വത്തെയും ഇന്ത്യയുടെ അഭിമാനസ്‌തംഭമായ ഇസ്രൊയിലെ ഉദ്യോഗസ്ഥരെയും വ്യക്തമായും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ ഭൂമിയിടപാടിലെ ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നു സാരം. വിവാദം കത്തിനിന്ന കാലത്തും ഇസ്രോയിലെ ഉദ്യോഗസ്ഥരുടെ നിലപാടിലെ ദുരൂഹത അനാവരണം ചെയ്യുന്നതിന്‌ മാധ്യമങ്ങളടക്കം ശ്രമിച്ചില്ല.

ഭാവിയിലും പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങള്‍ വിറ്റുതുലക്കാനുള്ള നീക്കത്തിന്‌ നിയമസാധുത വരുത്തുക എന്ന ഹിഡന്‍ അജണ്ടകൂടി മെര്‍ക്കിസ്റ്റണ്‍ ഇടപാടിനു പിന്നിലുണ്ടായിരുന്നെന്ന്‌ കരുതേണ്ടിയിരിക്കുന്നു. `ഷേഡി ക്യാരക്‌ടര്‍’ എന്ന്‌ വനംമന്ത്രി തന്നെ വിശേഷിപ്പിച്ച സേവി മനോ മാത്യുവിന്‌ വഴിവിട്ട്‌ സര്‍ക്കാരിന്റെ ഭൂമി കൈവശപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളാകെ കൂട്ടുനിന്നു എന്നതില്‍ ഒരുസംശയവും അവശേഷിക്കുന്നില്ല.

2007 മാര്‍ച്ച്‌ ഏഴിനാണ്‌ ചലച്ചിത്ര നിര്‍മാതാവും വന്‍കിട ബിസിനസുകാരനുമായ സേവി മനോ മാത്യു തന്റെ കൈവശമുള്ള 707 ഏക്കര്‍ വരുന്ന മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റില്‍ നിന്ന്‌ 219 ഏക്കര്‍ ഭൂമി എട്ടുകോടി രൂപയ്‌ക്ക്‌ വില്‍ക്കുന്നതിന്‌ ഇസ്രോയുമായി കരാറില്‍ ഒപ്പുവെച്ചത്‌. ഭൂമി ആവശ്യമുണ്ടെന്നു കാണിച്ച്‌ സര്‍ക്കാരുമായി നടത്തേണ്ട കത്തിടപാടുകളിലും നല്‍കേണ്ട പരസ്യങ്ങളിലുമെല്ലാം ഗുരുതരമായ വീഴചയാണ്‌ ഇസ്രോയുടെ ഭാഗത്തുനിന്നും ഉണ്ടായത്‌. പരസ്യം നല്‍കിയ ശേഷമാണ്‌ സര്‍ക്കാരിനോട്‌ ഭൂമി ആവശ്യപ്പെട്ട്‌ കത്തുനല്‍കിയതെന്ന വെളിപ്പെടുത്തല്‍ ഇസ്രോയെ പ്രതിക്കൂട്ടിലാക്കി.

സര്‍ക്കാരിന്റെ പക്കല്‍ തങ്ങള്‍ക്കു നല്‍കാന്‍ ഭൂമിയില്ലെന്ന കത്ത്‌ കലക്‌ടറേറ്റില്‍ നിന്നും വാങ്ങിച്ചെടുക്കാനും ഇസ്രോ ഉദ്യോഗസ്ഥര്‍ അമിതോത്സാഹം കാണിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യഥാസമയം കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്ന്‌ കാണിച്ച്‌ വിവാദം വഴിതിരിച്ചുവിടാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും (എച്ച്‌ എം ടിയിലേതു പോലെ) നടന്നിരുന്നു. ഇടപാട്‌ പൂര്‍ത്തിയാകും മുമ്പെ ഭൂമിയില്‍ ഹെലിപാഡ്‌ നിര്‍മ്മിക്കാന്‍ ഇസ്രോ കാണിച്ച അമോതോത്സാഹവും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. ചലച്ചിത്ര വികസന കോര്‍പറേഷനിലെ കേരളാ കോണ്‍ഗ്രസ്‌ നോമിനിയായ സേവിയുടെ വീട്ടിലാണ്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ (ഇപ്പോഴും) വാടകയ്‌ക്കു താമസിക്കുന്നതെന്നത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഒരു മറുപടി കൊടുക്കുക