ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും ഒരു ചേരിയിലും രണ്ട് ബോര്‍ഡംഗങ്ങള്‍ മറുചേരിയിലും നിന്നുകൊണ്ട് നടത്തുന്ന ചക്കളത്തിപോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുകയാണ്. പട്ടികജാതിക്കാരനെയും വനിതയെയും ബോര്‍ഡംഗങ്ങളാക്കിയതാണ് തനിക്ക് പറ്റിയ തെറ്റെന്ന് മന്ത്രിയും സമനില തെറ്റിയ ഒരാള്‍ ദേവസ്വം മന്ത്രിയായതാണ് ഈ പ്രതിസന്ധിക്കെല്ലാം കാരണമെന്ന് ബോര്‍ഡംഗങ്ങളും പരസ്യമായി വിഴുപ്പലക്കുന്നു. ഈ പശ്ചാത്തലത്തില്‍ ബോര്‍ഡിലെ സി പി ഐ പ്രതിനിധിയായ പി നാരായണനുമായി നടത്തിയ അഭിമുഖം
രൂപീകരിച്ചതുമുതല്‍ വിവാദങ്ങളാണല്ലോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍?
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഒരുപാട് അധികാരങ്ങളും അവകാശങ്ങളും ഉണ്ടെന്നാണ് ദേവസ്വംമന്ത്രി ജി സുധാകരന്റെ ധാരണ. അതൊരു സ്വതന്ത്ര അധികാരങ്ങളുള്ള ബോര്‍ഡാണെന്ന് അദ്ദേഹത്തിന് അറിഞ്ഞുകൂട. അത് മന്ത്രി പഠിക്കാഞ്ഞിട്ടാണോ അതോ പഠിച്ചിട്ട് ഞങ്ങള്‍ക്കൊന്നുമറിയുന്നില്ലെന്ന് നടിക്കുകയാണോ എന്നറിയില്ല. അദ്ദേഹം ഇടതുപക്ഷത്തിന്റെ മന്ത്രിയാണെന്ന് മറ്റുള്ളവര്‍ പറയുമ്പോഴാണ് നമ്മളറിയുന്നത്. ഇടതുപക്ഷത്തിന്റെയാണോ യു ഡി എഫിന്റെയാണോ അതിനപ്പുറത്തു വല്ലതുമാണോ എന്നതാണ് എന്റെ സംശയം. ഇതുതന്നെയാണ് ദേവസ്വം ബോര്‍ഡിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അടിസ്ഥാനകാരണം.
മറ്റു ദേവസ്വം ബോര്‍ഡുകള്‍ വിവാദമുക്തമാണല്ലോ, അതും ജി സുധാകരന്റെ കീഴിലല്ലേ?
തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ സ്വതന്ത്ര ബോഡിയാണ്. അതേസമയം ഗുരുവായൂര്‍ ബോര്‍ഡ് എന്നു പറയുന്നത് ഗുരുവായൂര്‍ ക്ഷേത്രം മാത്രമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ 1200ഓളം ക്ഷേത്രങ്ങളുണ്ട്. കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴില്‍ ഏതാണ്ട് 310 ക്ഷേത്രങ്ങളുമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിസ്ഥാന രേഖകള്‍ പരിശോധിച്ചാല്‍ രാജാവില്‍ നിന്ന് അധികാരം ബോര്‍ഡിനാണ് കൈമാറിയിരിക്കുന്നത് എന്ന് മനസിലാവും. രേഖയില്‍ തൊട്ട് ആര്‍ക്കും കളിക്കാനാവില്ല. അതിലെ തീരുമാനമാണ് ബോര്‍ഡില്‍ മൂന്നംഗങ്ങള്‍ ഉണ്ടാവുക എന്നത്. ഇതില്‍ മാറ്റം വരുത്താന്‍ രാഷ്‌ട്രപതി വിചാരിക്കണം. മന്ത്രി സുധാകരന്റെ ഈ ആവശ്യം ജസ്റ്റിസ് പരിപൂര്‍ണന്‍ തള്ളി. എന്നാല്‍ അതിബുദ്ധി ഉപയോഗിച്ച് ഘടനയില്‍ മാറ്റം വരുത്തട്ടെ എന്ന് സുധാകരന്‍ ചോദിച്ചു. ഒരു പട്ടികജാതിക്കാരനെയും വനിതയെയും കൂടി വെച്ചാല്‍ ഗുപ്‌തനെ ഉപയോഗിച്ച് ഇദ്ദേഹത്തിന് റിമോട്ട് കണ്‍ട്രോള്‍ കാര്യങ്ങള്‍ നടത്താം എന്നാണു കരുതിയത്. അതാണ് അടുത്തിടെ പട്ടികജാതിക്കാരനെയും സ്‌ത്രീയെയും വെച്ചത് തനിക്ക് വിനയായി എന്നു സുധാകരന്‍ പറഞ്ഞത്. സുധാകരനറിയാം ഇതൊരു സ്വര്‍ണ്ണഖനിയാണെന്ന്. ഇതിനകത്തുനിന്നും ഒരുപാടു കാശ് നേരത്തെ മറ്റുള്ളവര്‍ അടിച്ചെടുത്തിട്ടുണ്ട്. അതുപോലെ തനിക്കും മേടിക്കാമെന്നോ ഇല്ലെങ്കില്‍ തന്റെ പാര്‍ട്ടിക്കു മേടിക്കാമെന്നോ ഒരു ധാരണയുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഈ ശ്രമം നടത്തിയത്. എന്നാല്‍ ആജ്ഞാനുവര്‍ത്തികളല്ലാത്ത ഇങ്ങനെയൊരു പട്ടികജാതിക്കാരനെയും വനിതയെയും സുധാകരന്‍ സ്വപ്‌നത്തില്‍ പ്രതീക്ഷിച്ചില്ല.
എന്തുകൊണ്ടാണ് എല്ലാ കുറ്റവും മന്ത്രിയില്‍മാത്രം ചാരുന്നത്?
സുധാകരനും ഞാനും ഒമ്പതാം നിയമസഭയില്‍ ഒരുമിച്ച് ഇരുന്നിട്ടുള്ളവരാണ്. അന്ന് ഞാന്‍ അയാളോടു ഒരുപാടു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അയാള്‍ എന്നോടും പറഞ്ഞിട്ടുണ്ട്. പക്ഷെ അയാള്‍ മന്ത്രിയായ ശേഷം പഴയ നിലവാരമെല്ലാം കളഞ്ഞു. മന്ത്രിസഭയില്‍ ചെന്നു കയറിയപ്പോള്‍ അയാളെന്തോ വലിയ പ്രമാണി ആയതു പോലെയാണ്. ഞാന്‍ നോക്കിയിട്ട് ഒരു പ്രമാണിത്വവും കാണുന്നില്ല. ആരും ആരേക്കാളും വലുതൊന്നുമല്ല. എല്ലാവരും പൊതുപ്രവര്‍ത്തകരായി വന്ന് എളിയരീതിയില്‍ പ്രവര്‍ത്തിച്ചാണ് മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും അംഗവുമൊക്കെ, എന്തിന് രാഷ്‌ട്രപതിപോലും ആവുന്നത്. ചിലര്‍ക്ക് അധികാര സ്ഥാനങ്ങളിലേക്ക് എത്തിപ്പെടുമ്പോള്‍ കണ്ണിലെ കാഴ്‌ചകള്‍ മാറിപ്പോകുന്നു.
അധികാരമേറ്റശേഷം ഇടയാനുള്ള ആദ്യത്തെ കാരണം എന്തായിരുന്നു?
ആദ്യയോഗം കൂടാന്‍ വന്നപ്പോള്‍ മരാമത്ത്, ധനം, കള്‍ച്ചര്‍ എന്നീ മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റികളുടെയും ചെയര്‍മാന്‍ സ്ഥാനം തനിക്കു നല്‍കണമെന്ന് ഗുപ്‌തന്‍ പറഞ്ഞു. മന്ത്രി പറഞ്ഞിട്ടുണ്ടെന്നാണതിന് കാരണം പറഞ്ഞത്. അങ്ങിനെ പറയാന്‍ മന്ത്രിക്ക് എന്താണ് അവകാശമെന്ന് ഞാന്‍ ചോദിച്ചു. ഇതിന് തൊട്ടുമുമ്പ് കൊച്ചി ദേവസ്വം ബോര്‍ഡില്‍ അങ്ങിനെയല്ലല്ലോ നടപ്പിലാക്കിയത്. മന്ത്രിപറഞ്ഞതൊന്നുമല്ല ഇവിടെ. ഇത് സ്വതന്ത്രബോഡിയാണ്. നമുക്ക് മൂന്നു പേര്‍ക്കുമല്ലാതെ ഇവിടെ മറ്റാര്‍ക്കും ഇടപെടാന്‍ അവകാശമില്ല. അതുകൊണ്ട് ഞാന്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. തുടര്‍ന്ന് കള്‍ച്ചറല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം സുമതിക്കുട്ടിയമ്മക്കും മരാമത്തിന്റെ സ്ഥാനം എനിക്കും ലഭിച്ചു. അപ്പോള്‍ ചെയര്‍മാന് മറ്റു രണ്ടു കമ്മിറ്റികളിലും അംഗമാവണമെന്നായി. അതു സമ്മതിച്ചില്ല. രണ്ടു കമ്മിറ്റികളില്‍ വനിതാമെമ്പര്‍ അംഗമായി. ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ മന്ത്രിയോട് എന്തുപറയുമെന്ന് അദ്ദേഹം ചോദിക്കുന്നുണ്ടായിരുന്നു. മന്ത്രിയുടെ അവകാശത്തെക്കുറിച്ചാണ് ഗുപ്‌തന്‍ അപ്പോള്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞു. വീടു പണിയുന്ന ആശാരിക്ക് പണി കഴിഞ്ഞ ശേഷം വടക്കും പുറത്ത് ഊണുകൊടുക്കുന്ന പോലെ എന്നു കരുതിയാല്‍ മതിയെന്ന്. മന്ത്രിക്ക് പരിയമ്പറത്ത് ഊണ് എന്ന് നാരായണന്‍ പറഞ്ഞതായി `മംഗള’ത്തില്‍ ആറുകോളം വാര്‍ത്ത വന്നു. ഇതിന്റെ പ്രകോപനത്തില്‍ തനിക്ക് അധികാരം ഉണ്ടോ എന്നു കാണിച്ചുതരുന്നതിനായിട്ടാണ് മുറി പൂട്ടിയിടല്‍ വിവാദം ഉണ്ടായത്. മൂന്ന് പേര് ചേര്‍ന്ന് യോഗം വിളിച്ചാല്‍ പ്രസിഡന്റിന് അസൗകര്യമുണ്ടെങ്കില്‍ സീനിയര്‍ മെമ്പര്‍ക്ക് യോഗം വിളിക്കാം. അധികാരം കാട്ടാനായാണ് ഗുപ്‌തന്‍ വരാതിരുന്നത്. അന്ന് രാവിലെ `കൈരളി’യില്‍ നിന്ന് ഒരാള്‍ വിളിച്ചു ചോദിച്ചു. ഇന്ന് ബോര്‍ഡ് യോഗം ഉണ്ടോയെന്ന്. ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ വരുമ്പോള്‍ എന്റെയും സുമതിക്കുട്ടിയുടെയും മുറിപൂട്ടി ബോര്‍ഡും എടുത്ത് ആരോ പോയി. ആരാ മുറി പൂട്ടിയതെന്ന് അസിസ്റ്റന്റ് സെക്രട്ടറിയോട് ഞാന്‍ ചോദിച്ചു. പ്രസിഡന്റാണെന്ന് മറുപടി കിട്ടി. തുടര്‍ന്ന് ഞാന്‍ അവിടെ കുത്തിയിരുന്നു. അതെല്ലാം എല്ലാവരും കണ്ടതാണ്. അത്രയും സുധാകരന്‍ പ്രതീക്ഷിച്ചില്ല. മുറിപൂട്ടിയിരിക്കുന്നതു കണ്ടു ഞാന്‍ തിരിച്ചുപോയാല്‍ എനിക്ക് ഒരു വിലയുമുണ്ടാവില്ല. അതായിരുന്നു മന്ത്രിയുടെയും മറ്റും ഉദ്ദേശവും വസ്‌തുതയും. എനിക്കധികാരം ഇല്ലെന്ന് വരുത്താന്‍ മന്ത്രി സുധാകരന്റെ പണിയാണിതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നേരത്തെ സ്റ്റാന്റിംഗ് കമ്മിറ്റി കാര്യം ചര്‍ച്ച ചെയ്യാന്‍ വൈക്കം വിശ്വന്‍ എകെജി സെന്ററില്‍ യോഗം വിളിച്ചു. ആദ്യം പ്രസിഡന്റിനോട് കാര്യങ്ങള്‍ പറയാന്‍ പറഞ്ഞു. പിന്നെ എന്നോടാവശ്യപ്പെട്ടു. ഞാന്‍ നടന്നതെല്ലാം തുറന്നുപറഞ്ഞു. ഞാന്‍ പറഞ്ഞത് സുമതിക്കുട്ടിയമ്മ നൂറ് ശതമാനം പിന്താങ്ങി. ഇതുകേട്ട ഗുപ്‌തന്‍ താനും 110 ശതമാനം യോജിക്കുന്നതായി പറഞ്ഞു. അവിടെ ഉണ്ടായിരുന്ന ടി ജെ ചന്ദ്രചൂഡന്‍ പിന്നെ ആരാണ് പ്രശ്‌നം ഞങ്ങളാണോ എന്നു കളി പറയുകകൂടി ചെയ്‌തു. മന്ത്രിയും മന്ത്രിയുടെ പി എസുമാണ് കുഴപ്പക്കാരെന്ന് ഞാന്‍ പറഞ്ഞു. ഇതിനു ശേഷം ഞാന്‍ അരവണ എടുത്തുകൊണ്ടുപോയി എന്ന് സുധാകരന്‍ ആരോപിച്ചു. ബില്ലുകാണിച്ചപ്പോള്‍ പിന്നെ മിണ്ടാട്ടമില്ല. കാറിന്റെ കാര്യത്തിലും ഇതൊക്കെത്തന്നെയാണ് സംഭവിച്ചത്.
അരവണകരാറില്‍ എന്താണ് സംഭവിച്ചത്?
അരവണയുടെ ഫയല്‍ മന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫീസുകളിലാണ് വെച്ചുതാമസിപ്പിച്ചത്. ബി ഒ ടി കരാറില്‍ എട്ടു വര്‍ഷം നടത്തിക്കൊണ്ടിരുന്നവരാണ് പഞ്ചമി പായ്‌ക്ക്. പുതിയ ബോര്‍ഡ് വന്ന് നോക്കുമ്പോള്‍ ഒരുമാസമുണ്ട്. പഴയ കക്ഷിക്ക് തന്നെ കരാര്‍ കൊടുക്കണമെന്ന നിലപാടാണ് മന്ത്രിയും മന്ത്രിയുടെ ഓഫീസും കൈക്കൊണ്ടത്. രാജശേഖരന്‍ എന്ന മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പിന്നില്‍ പലകളികള്‍ക്കും ചുക്കാന്‍ പിടിച്ചത്. പലപ്പോഴായി ഒന്നര കോടിയുടെ ബാധ്യത ബോര്‍ഡിനുണ്ടാക്കിയതിനാല്‍ പഞ്ചമിയെ കരിമ്പട്ടികയില്‍ പെടുത്തിയതാണ്. ബാക്കിയുള്ളവരുടെ ടെണ്ടര്‍ പരിശോധിച്ചുകഴിഞ്ഞപ്പോള്‍ ഏറ്റവും കുറഞ്ഞ തുകക്കാരന്‍ ആലപ്പുഴയിലെ ഷാനവാസ് ആയിരുന്നു. ആ ഷാനവാസിന് കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചു. ഷാനവാസിന് കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചത് ബോര്‍ഡ് മാത്രമല്ല. വിജിലന്‍സ് എസ് പി, ചീഫ് എഞ്ചിനീയര്‍, ഞങ്ങളുടെ നിയമ ഓഫീസര്‍ പിന്നെ കമ്മീഷണര്‍ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെല്ലാം പങ്കെടുത്ത യോഗമാണ്. ഇതിന്റെ മിനുട്‌സ് വേണമെങ്കില്‍ പരിശോധിക്കാവുന്നതാണ്. ഏറ്റവും താഴ്‌ന്ന ക്വട്ടേഷന്‍ ഷാനവാസിന് 5.90രൂപയ്‌ക്കാണ് കൊടുത്തത്. 1998-2007 വരെ പത്ത് രൂപയ്‌ക്ക് ഒരു കണ്ടൈനര്‍ അരവണയാണ് കൊടുത്തുകൊണ്ടിരുന്നത്. ഒരു കോടി കണ്ടൈനര്‍ അരവണ പെട്ടന്ന് ഉണ്ടാക്കാനാണ് തീരുമാനിച്ചത്. ആദ്യം കണക്ക് പരിശോധിച്ചപ്പോള്‍ 4.10 കോടി ലാഭം ഷാനവാസിന് കരാര്‍ കൊടുത്താല്‍ ഉണ്ടാവുമെന്നാണ് കണ്ടത്. അത് ഞങ്ങള്‍ കൊടുത്തത് ഹൈക്കോടതിയുടെ അനുമതിയോടെയാണ് നടപ്പാക്കിയത്. ടെണ്ടറില്‍ പങ്കെടുത്തവരെല്ലാം ഹൈക്കോടതിയില്‍ പോവുകയും ചെയ്‌തു. നാനാവശങ്ങളും ഹൈക്കോടതി പരിശോധിച്ച് വിധി വന്നത് 25 ദിവസം കഴിഞ്ഞിട്ടാണ്. പിന്നെ ഞങ്ങള്‍ നേരിട്ട് തുലാം ഒന്നിന് അരവണ ഉണ്ടാക്കി. ആ അരവണ ഉണ്ടാക്കിയപ്പോ അവിടുത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൃത്യമായ ഒരു ധാരണയുമില്ല. എക്‌സിക്യൂട്ടീവ് ഓഫീസറോട് മുന്‍വര്‍ഷത്തേത് പോലെ 20 കൂട്ട് അവരവണ തന്നെ ഉണ്ടാക്കാന്‍ പറഞ്ഞു. അതു തികഞ്ഞില്ല. 40 ഉണ്ടാക്കാന്‍ പറഞ്ഞു. അതും തികഞ്ഞില്ല. പിന്നെ 75 ഉണ്ടാക്കാന്‍ പറഞ്ഞു. അത് ഉണ്ടാക്കിയപ്പോള്‍ രണ്ടുകോടി രൂപ തുലാമാസത്തെ കച്ചവടത്തില്‍ മാത്രം ബോര്‍ഡിന് ലാഭമുണ്ടായി (ഷാനവാസിന് കൊടുത്തതുകൊണ്ട്). അതുകൊണ്ടാണ് ഷാനവാസ് എന്ന ഈ കോണ്‍ട്രാക്‌ടറെ ഒഴിവാക്കാന്‍ വേണ്ടി പഴയ പഞ്ചമി രംഗത്തിറങ്ങിയത്. ചില ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനിന്നു. അവര്‍ അതിന്റെ പ്ലാന്റ് കേടാക്കി. സമയത്ത് റണ്ണിംഗ് കണ്ടീഷന്‍ അല്ലാതെ വന്നു. പുതിയ ആള്‍ക്ക് കൊടുത്തപ്പോള്‍, കണ്ടൈനര്‍ കിട്ടാത്ത അവസ്ഥയായി. അരവണക്ക് ക്ഷാമമുണ്ടായിട്ടില്ല. കണ്ടൈനര്‍ കിട്ടാനില്ല. അഞ്ചെട്ടുമാസം മുമ്പ് 10-15 ലക്ഷം കണ്ടൈനര്‍ ഈ സീസണ്‍ സമയം ആവുന്നതിന് മുമ്പ് സ്റ്റോക്കു ചെയ്യും. പിന്നെ ദിവസവും ആവശ്യത്തിനുണ്ടാകും. സ്റ്റോക്ക് കൂടുകയും കുറയുകയും ചെയ്‌തുകൊണ്ടേയിരിക്കും. ഒരു ക്ഷാമവുമില്ലാതെ എല്ലാവര്‍ക്കും കിട്ടും. കിട്ടാതെ വരുന്ന പ്രശ്‌നമില്ല. എന്നാല്‍ ഈ പ്രാവശ്യം അരവണയുടെ വിഷയത്തില്‍ അരവണ ഉണ്ട്. കണ്ടൈയ്‌നര്‍ ഇല്ലാ എന്ന സ്ഥിതി വന്നു.
ഗോകുലം ഗോപാലനു വേണ്ടി മന്ത്രിയും പ്രസിഡന്റും കരുക്കള്‍ നീക്കിയതായി ആരോപണം ഉണ്ടല്ലോ?
പഞ്ചമി പായ്‌ക്കുകാരാണ് ഗോകുലം ഗോപാലന് പിന്നില്‍. അവര്‍ക്ക് കാശില്ലാതെ വന്നപ്പോള്‍ ഗോകുലം ഗോപാലനെ ഇതില്‍ കൊണ്ടുവന്നു. അവസാനം പഞ്ചമിയെ കരിമ്പട്ടികയില്‍ പെടുത്തിയപ്പോള്‍ ഗോകുലം ഗോപാലനെ പരിഗണിക്കാന്‍ കഴിയാതെ വന്നു. ഗോകുലം ഗോപാലന്‍ ഉള്‍പ്പെട്ട പഞ്ചമി പായ്‌ക്കിന് കരാര്‍ കൊടുക്കാനായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. അത് കൊടുക്കാന്‍ പറ്റില്ല. പ്രസിഡന്റിന്റെയും മന്ത്രിയുടെയും നിലപാട് ഇതുതന്നെയായിരുന്നു.
ഇക്കാര്യം മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിരുന്നോ ?
പലതവണ കമ്മീഷണറോടും സെക്രട്ടറിയോടും പറഞ്ഞിട്ടുണ്ട്. നമ്മള്‍ അഴിമതി തുടച്ചുനീക്കാന്‍ ശ്രമിച്ചതിനാണ് ഈ ആരോപണങ്ങളെല്ലാം കേള്‍ക്കേണ്ടി വന്നത്.
ഷാനാവാസിന് നാലു ദിവസം പോലും കരാറില്‍ തുടരാന്‍ പറ്റിയില്ല. അയാളുടെ കരാര്‍ പോലും അയാള്‍ക്ക് നഷ്‌ടമായി. പിന്നെ അയാള്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. ബിസിനസ് നടന്ന് ലാഭമുണ്ടായാലല്ലേ കൈക്കൂലിയുടെ പ്രശ്‌നം. ഷാനവാസിനോട് ചിലര്‍, ഞങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു.
കീഴ്‌ശാന്തി നിയമനത്തില്‍ അഴിമതി നടന്നതായി മന്ത്രി ആരോപിച്ചല്ലോ?
മന്ത്രിക്ക് ഇതിനെക്കുറിച്ച് ഒരുധാരണയുമില്ല. ശബരിമലയില്‍ ആറു നടകളുണ്ട്. ഇതില്‍ ശാന്തിക്കാരെ ആവശ്യമുണ്ടെങ്കില്‍ വിളിക്കും. അവിടുത്തെ എക്‌സിക്യുട്ടീവ് ഓഫീസറാണ് ആ ചുമതല നിര്‍വഹിക്കുന്നത്. ഇതല്ലാതെ ദേവസ്വം കമ്മീഷണറോ, അംഗങ്ങളോ വിഷയത്തില്‍ ഇടപെടുന്നില്ല.
താല്‍ക്കാലിക നിയമനങ്ങളുടെ കാര്യത്തിലും അഴിമതി ആരോപണം ഉയര്‍ന്നു..
അതെങ്ങനെയാ, സീസണില്‍ ചൂടുവെള്ളം കൊടുക്കാനും തേങ്ങാ പൊതിക്കാനുമൊക്കെ ആളെ ആവശ്യമുണ്ടെന്ന് കമ്മീഷണര്‍ ഒരു നോട്ടിഫിക്കേഷന്‍ ഇറക്കും. അവര്‍ക്ക് കിട്ടുന്നത് ഏറിയാല്‍ ദിവസം 100 -110 രൂപയാണ്. ഇവരില്‍ നിന്ന് ആരാ കൈക്കൂലി മേടിക്കുന്നേ. കൈക്കൂലി എന്നൊക്കെ പറയുമ്പോ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും പ്രസിഡന്റിന്റെയുമൊക്കെ ഒരു നിലവാരം കൂടി പരിഗണിക്കേണ്ടേ. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഇത് ഭ്രാന്താണെന്ന്. നിങ്ങള്‍ അങ്ങിനെത്തന്നെ എഴുതിക്കോ. അല്ലാതെ പിന്നെ എന്തുപറയാനാ.
വെറും ആരോപണമല്ല; വിജിലന്‍സ് എസ് പിയുടെ റിപ്പോര്‍ട്ടാണ്
അയാള്‍ക്കും ഭ്രാന്താണ്. ഞാന്‍ ചോദിക്കട്ടെ. അയാള്‍ മറ്റൊരു ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് വന്നതല്ലേ. ഒരു ഡിപ്പാര്‍ട്ടില്‍ നിന്ന് മറ്റൊന്നിലേക്ക് ഡെപ്യൂട്ടേഷനില്‍ വരുമ്പൊ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അനുമതി വേണം. സര്‍ക്കാര്‍ അലോട്ട്‌ചെയ്‌താല്‍ മാത്രം പോരാ. അലോട്ട് ചെയ്യുന്നവരെ ബോര്‍ഡ് അംഗീകരിക്കുകയും കൂടി വേണം. മാത്രമല്ല ബോര്‍ഡിന്റെ ഒരു കീഴുദ്യോഗസ്ഥന്‍ മാത്രമാണ് എസ് പി. അതുകൊണ്ട് മെമ്പര്‍മാരെക്കുറിച്ച് അന്വേഷിക്കാന്‍ ഇയാള്‍ക്ക് അധികാരമില്ല. അപ്പോ അത് മുഴുവന്‍ ഭ്രാന്താണ്.
ഭ്രാന്തിന്റെ അംശം പ്രസിഡന്റിനുമുണ്ടോ?
ഇത് നിങ്ങള്‍ തന്നെ വിലയിരുത്തൂ. ജാതി പറഞ്ഞ് അധിക്ഷേപിക്കുന്ന സമീപനം പലപ്പോഴും മന്ത്രിയില്‍ നിന്നുണ്ടാവുന്നില്ലേ. സുധാകരന്റെ പറമ്പിലെ കുടികിടപ്പുകാരനല്ല ഞാന്‍. എന്നെയും സുധാകരനെയും മെമ്പറും മന്ത്രിയുമാക്കിയത് ഇടതു പക്ഷ ജനാധിപത്യ മുന്നണിയാണ്. സുമതിക്കുട്ടിയമ്മയെയും നിയമിച്ചത് എല്‍ ഡി എഫ് തന്നെ. അല്ലാതെ സുധാകരന്റെ കുടുംബത്തില്‍ നിന്ന് കൊണ്ടുവന്ന അവകാശം കൊണ്ടൊന്നുമല്ല ഞങ്ങളെ ആക്കിയത്.
സി പി ഐ പോലും വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്നു തോന്നുന്നുണ്ടോ..
ചന്ദ്രന്‍സഖാവ് പറഞ്ഞല്ലോ, പിന്നെ ഈ വഴിയേ പോകുന്നവര്‍ എന്തെല്ലാം കിടന്ന് പറയുന്നു. കൈയ്യും കലാശവും കാട്ടും, ചെവിയില്‍ ചെമ്പരത്തി വച്ച് നടക്കും. അവന്റെ സ്വഭാവ രീതി അങ്ങനെ ആയിപ്പോയി. പിന്നെ അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ?
ബോര്‍ഡിനെ ശുദ്ധീകരിക്കുകയാണെന്നാണ് സുധാകരന്‍ പറയുന്നത്..
എന്ത് ശുദ്ധീകരണം. അധികാരമില്ലാത്തിടത്ത് എന്ത് ശുദ്ധികരണം നടത്താനാണ്. നിങ്ങളുടെ വീട്ടില്‍ വന്നിട്ട് ഞാന്‍ ശുദ്ധീകരണം നടത്തും എന്നൊക്കെ പറയുന്നതില്‍ എന്താണ് അര്‍ത്ഥം. നിങ്ങള്‍ ഞാന്‍ പറയുന്നതുപോലെ ജീവിക്കണം എന്നു പറയുന്നതില്‍ എന്താണ് അര്‍ത്ഥം. ഇത് ഇറാഖില്‍ അമേരിക്ക കാണിച്ച പോലത്തെ പണിയല്ലേ? അതെന്ത് മര്യാദ. ഇതേ സുധാകരന്‍ അമേരിക്കക്കെതിരെയല്ലേ സംസാരിക്കുന്നത് (ചിരിക്കുന്നു)
കക്കുന്നുണ്ട്. കാര്യം നടക്കുന്നില്ല. അങ്ങനെയാണോ ഈ ബോര്‍ഡ് ?
നട്ടെല്ലുണ്ടെങ്കില്‍ മന്ത്രി അതു തെളിയിക്കട്ടെ. മന്ത്രി ഉള്‍പ്പെടെ ഞങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തട്ടെ. മന്ത്രിയും മന്ത്രിയുടെ ഓഫീസും അന്വേഷണ പരിധിയില്‍ വരണം. ഞാന്‍ തെറ്റുകാരനാണെങ്കില്‍ എന്റെ പേരില്‍ നടപടി സ്വീകരിക്കട്ടെ. ഇത് അതൊന്നുമല്ല. മന്ത്രിയാണെങ്കില്‍ മന്ത്രി രാജിവെക്കട്ടെ. നമ്മളിതിനൊക്കെ തയാറാകുന്നുണ്ട്. അല്ലാതെ വെറുതേ വിളിച്ചു തട്ടിയിട്ട് കാര്യമില്ല. ഞാനാണ് മന്ത്രി സുധാകരന്റെ സ്ഥാനത്തെങ്കില്‍ ഈ മൂന്ന് ബോര്‍ഡംഗങ്ങളെ വിളിച്ചുകൂട്ടി എന്താണ് നിങ്ങള്‍ തമ്മിലുള്ള പ്രശ്‌നം എന്ന് ചോദിച്ച് ഇടപെടും. എന്റെ മക്കള്‍ കൊള്ളില്ലെങ്കില്‍ ഞാന്‍ നാല്‍ക്കവലിയില്‍ നിന്നു പ്രസംഗിച്ച് കുടുംബത്തിന് അപമാനമുണ്ടാക്കുകയല്ല. എന്റെ മക്കള്‍ ആരുപറഞ്ഞാല്‍ അനുസരിക്കുമോ, അവരുമായി മുന്നോട്ടുകൊണ്ടുപോകാന്‍ അവസരം ഉണ്ടാക്കണം. അതൊക്കെയാണ് ഒരു ഭരണാധികാരിയുടെ ലക്ഷണം. കഴിഞ്ഞ ബോര്‍ഡാണ് ഇപ്പോഴും ഭരണത്തിലിരിക്കുന്നതെന്നാണ് സുധാകരന്റെ മനസില്‍ എന്നാണു തോന്നുന്നത്.
ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടുമെന്നാണ് മന്ത്രിയുടെ ഭീഷണി?
രാമന്‍ നായരുടേ ബോര്‍ഡിനെ പിരിച്ചുവിട്ടതുപോലെ ഇതിനെ പിരിച്ചുവിടാനാവില്ല. രാമന്‍നായരുടെ ബോര്‍ഡിനെതിരെ ഭരണ പ്രതിപക്ഷങ്ങളും ജനങ്ങളും കോടതിപോലും തിരഞ്ഞിരുന്നു. അഴിമതി അവിടെ പ്രഥമദൃഷ്‌ട്യാബോധ്യപ്പെട്ടു. അങ്ങിനെ പിരിച്ചുവിടാനാണ് മന്ത്രി ആഗ്രഹിക്കുന്നത്. അതിന് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. എന്നാല്‍ അങ്ങിനെ ചെയ്യാനാവില്ല. കാരണം ഒരു നിയമനം പോലും ഞങ്ങള്‍ വന്നതിനു ശേഷം നടന്നിട്ടില്ല. കഴിഞ്ഞ തവണ തന്നെ ഭരണപ്രതിപക്ഷങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ്. നാലുവര്‍ഷമുള്ളത് രണ്ടുവര്‍ഷമായി ചുരുക്കിക്കൊണ്ട് പിരിച്ചുവിടുകയായിരുന്നു. സംസ്ഥാനത്തെ 150 ഓളം ബോര്‍ഡുകളെ ഒരു നിമിഷം കൊണ്ട് സംസ്ഥാന സര്‍ക്കാറിന് പിരിച്ചുവിടാം. ഒരു ഓര്‍ഡിനന്‍സ് മതി. എന്നാല്‍ അത് തിരുവിതാംകൂര്‍ – ദേവസ്വം ബോര്‍ഡില്‍ നടക്കില്ല. തിരു-കൊച്ചി ബോര്‍ഡിന് സ്വയംഭരണാധികാരമുണ്ട്. പിന്നെ എന്തൊക്കെയാണ് മന്ത്രി പറയാത്തത്. എല്ലാ കാര്യങ്ങളും മന്ത്രിതന്നെയല്ലേ മാറ്റി പറയുന്നത്. അടിസ്ഥാനമുള്ള ഏതെങ്കിലും ഒരുകാര്യമുണ്ടോ. പിന്നെ പറഞ്ഞകാര്യങ്ങള്‍ തന്നെ രണ്ടുദിവസം കഴിഞ്ഞാല്‍ പറയും ഞാന്‍ അങ്ങിനെ പറഞ്ഞിട്ടില്ല എന്ന്. അതാ ഞാന്‍ ചെമ്പരത്തിപ്പൂവിന്റെ കഥപറഞ്ഞത്. ശബരിമലയില്‍ മുഴുവന്‍ അഴിമതിയാണ്. അവിടെ ഒരു പണിയും നടക്കുന്നില്ല. എന്നൊക്കെ പറഞ്ഞു. ശബരിമല സന്ദര്‍ശിച്ചപ്പോള്‍ ഇത്രയും നല്ല ബോര്‍ഡ് 10-25 വര്‍ഷത്തിനിടെ ഉണ്ടായിട്ടില്ല എന്നാണ് മന്ത്രി തന്നെ പറഞ്ഞത്.
സ്‌ത്രീ പ്രവേശത്തെ സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പരികൊള്ളുകയാണല്ലോ?
ആചാരങ്ങള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കും കോട്ടം തട്ടാതിരിക്കണം. കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടാവണം. എന്നാല്‍ തന്ത്രിയും മറ്റു ബുദ്ധി ജീവികളുമൊക്കെ ആലോചന നടത്തി ഏകാഭിപ്രായത്തില്‍ എത്തിയ ശേഷം മതി എന്നാണ് ബോര്‍ഡിന്റെ അഭിപ്രായം.
പ്രത്യേകിച്ച് അമ്മമാരുടെയും സഹോദരിമാരുടെയും മാനം സംരക്ഷിക്കാനാവുമെന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ മാത്രം തീരുമാനമെടുക്കുക. പറയാതിരുന്നത് ഒരു ബലഹീനത. ആയതുകൊണ്ടാണ് ഇത്രയെങ്കിലും പറഞ്ഞത്.
(www.janashakthionline.com)
1 അഭിപ്രായം
മാര്‍ച്ച് 3, 2008 -ല്‍ 8:44 am
അമ്മമാരുടെയും സഹോദരിമാരുടെയും മാനം സംരക്ഷിക്കാനാവുമെന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ മാത്രം തീരുമാനമെടുക്കുക.