മാര്‍ച്ച് 3, 2008...6:27 am

കോട്ടയം സമ്മേളനത്തെ പിടിച്ചുകുലുക്കിയ ഏഴുമിനിറ്റ്‌

Jump to Comments

സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രതിനിധിസഖാക്കള്‍ ഗ്രൂപ്പു ഭേദമെന്യേ വൈകാരികമായി ഏറ്റുവാങ്ങിയതായിരുന്നു വി എസ്‌ നടത്തിയ ഏഴുമിനിട്ടു പ്രസംഗം. പ്രതിനിധി സമ്മേളനത്തില്‍ പതിവില്ലാത്തവിധം മൂന്നുതവണ കൈയടിച്ചാണ്‌ വി എസിന്റെ വാക്കുകളെ കണ്ണൂര്‍ സഖാക്കള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്‌. പിണറായിയുടെ ക്ഷോഭത്തിനുപിന്നില്‍ ഇതും ഒരു ഘടകമായിരുന്നു.
സഖാക്കളെ,
നിങ്ങള്‍ നടത്തിയ ചര്‍ച്ച ഞാനിതുവരെ സശ്രദ്ധം കേള്‍ക്കുകയായിരുന്നു. വിമര്‍ശനങ്ങള്‍ എല്ലാം കേട്ടു. ഞാന്‍ കഴിഞ്ഞ അറുപത്‌ അറുപത്തഞ്ചു കൊല്ലമായി ജയിലിലും ഒളിവിലും കഴിഞ്ഞ കാലയളവില്‍ ഒഴികെ ബ്രാഞ്ചു സമ്മേളനങ്ങള്‍ മുതല്‍ എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌. വിമര്‍ശനങ്ങള്‍ കേള്‍ക്കുകയും അതിനു മറുപടി നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. ജയിലില്‍ ഉള്ളപ്പോള്‍ അവിടത്തെ പാര്‍ട്ടി കമ്മിറ്റിയിലും പങ്കെടുത്ത്‌ വിമര്‍ശനങ്ങള്‍ കേള്‍ക്കുകയും മറുപടി നല്‍കുകയും ഒക്കെ ചെയ്‌തിട്ടുണ്ട്‌. വിമര്‍ശനങ്ങള്‍ എന്നെ തളര്‍ത്തിയിട്ടില്ല. മറിച്ച്‌ കമ്യൂണിസ്റ്റുകാരനെന്ന നിലയില്‍ ശക്തിപ്പെടുത്തുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. അതുപോലെ നിങ്ങള്‍ നടത്തിയ വിമര്‍ശനങ്ങളില്‍ കാമ്പുള്ളവ സ്വീകരിക്കും. എന്റെ സ്ഥാനാര്‍ത്ഥിത്വപ്രശ്‌നത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ക്ക്‌ ജനറല്‍ സെക്രട്ടറി മറുപടി നല്‍കിക്കഴിഞ്ഞു. പാര്‍ട്ടി തീരുമാനമനുസരിച്ച്‌ 1965 ലാണ്‌ ഞാന്‍ ആദ്യം മത്സരിച്ചത്‌. ട്രേഡ്‌ യൂണിയന്‍ രംഗത്തെ എന്റെ ഗുരുനാഥനായ സുഗതന്‍ സാറിനെതിരെ മത്സരിക്കാനാണ്‌ പാര്‍ട്ടി ആവശ്യപ്പെട്ടത്‌. ആ തെരഞ്ഞെടുപ്പില്‍ സുഗതന്‍ സാറിന്‌ കെട്ടിവെച്ച കാശ്‌ നഷ്‌ടപ്പെടുകയും ഞാന്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി യോട്‌ ഇരുന്നൂറില്‍ ചില്വാനം വോട്ടിനു പരാജയപ്പെടുകയും ചെയ്‌തു. പിന്നീട്‌ 67 ല്‍ മത്സരിച്ച്‌ നിയമസഭാംഗമായി. പിന്നീട്‌ ദീര്‍ഘകാലം 80 മുതല്‍ 12 വര്‍ഷക്കാലം, പാര്‍ട്ടി സെക്രട്ടറിയായി പ്രവര്‍ത്തിച്ചശേഷം പാര്‍ലമെന്ററി രംഗത്ത്‌ പ്രവര്‍ത്തിക്കണമെന്ന്‌ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴാണ്‌, 91 ല്‍ മത്സരിച്ചത്‌. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായതുസംബന്ധിച്ച്‌ ജനറല്‍ സെക്രട്ടറി വിശദീകരിച്ചതിനാല്‍ അതേപ്പറ്റി ഞാനൊന്നും പറയുന്നില്ല. എല്ലാ കാലത്തും പാര്‍ട്ടി തീരുമാനമനുസരിച്ചാണ്‌ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്‌. മന്ത്രിമാരുമായി ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന ആക്ഷേപത്തില്‍ ചില ശരിയുണ്ട്‌. അതെല്ലാം പരിഹരിക്കും. ആഗോളവല്‍ക്കരണ-നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും. സോഷ്യലിസം നടപ്പാക്കാതെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കാനാവില്ല. സോഷ്യലിസത്തിലേക്കു മുന്നേറാനുള്ള പോരാട്ടം പാര്‍ട്ടി സഖാക്കളുടെ ഭാഗത്തുനിന്നും തുടര്‍ന്നും ഉണ്ടാകണം.

www.janashakthionline.com

2അഭിപ്രായങ്ങള്‍


ഒരു മറുപടി കൊടുക്കുക