അമേരിക്കയുടെ യുദ്ധവെറിയുടെയും അധിനിവേശത്തിന്റെയും ചോരക്കൊതിയുടെയും അഞ്ചാണ്ടുകള്‍ പൂര്‍ത്തിയാവുകയാണ്. ഇറാഖില്‍ 2003 മാര്‍ച്ച് ഇരുപതിനാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രധാന സഖ്യകക്ഷികളുടെയും സേന ഇറാഖിനെ അക്രമിക്കാന്‍ ആരംഭിച്ചത്. 2003 മെയ് ഒന്നിന് ബാഗ്‌ദാദില്‍ അധികാരം പിടിച്ചെടുത്ത അധിനിവേശസേന, ഡിസംബര്‍ 13ന് ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ പിടികൂടുകയും ആജ്ഞാനുവര്‍ത്തികളുടെ പാവസര്‍ക്കാരിനെ അവരോധിക്കുകയും ചെയ്‌തു. 2006 ഡിസംബര്‍ 30ന് പുലര്‍ച്ചെ അമേരിക്കന്‍ പാവക്കോടതിയുടെ വിധി പ്രകാരം സദ്ദാം രക്തസാക്ഷിത്വം വരിച്ചു.
അമേരിക്കന്‍ ജനതയെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച് ഇറാഖ് യുദ്ധത്തിന് അരങ്ങൊരുക്കിയ ജോര്‍ജ്ജ് ബുഷിന്റെ ഭരണകൂടം ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്. അധിനിവേശത്തിന് കാരണമായി പറഞ്ഞിരുന്ന ഇറാഖിന്റെ കൈയ്യിലെ വിനാശകാരികളായ ആയുധങ്ങള്‍ യാങ്കിപ്പടയ്‌ക്ക് ഇനിയും കണ്ടെത്താനായിട്ടില്ല. സാമൂഹികമായും രാഷ്‌ട്രീയമായും സാമ്പത്തികമായും ഇറാഖും അഫ്‌ഗാനിസ്ഥാനുമെല്ലാം അമേരിക്കയെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നു. സുഖലോലുപതയുടെ ആലസ്യത്തിലെന്ന് മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്ന അമേരിക്കന്‍ തെരുവുകള്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്‍ കൊണ്ട് ഇപ്പോള്‍ പ്രകമ്പനം കൊള്ളുന്നു.
ഇറാഖിന്റെ ദൈന്യത ലോകമനഃസാക്ഷിയെയെന്നതുപോലെ അമേരിക്കന്‍ ജനതയേയും ബാധിക്കുന്നു. ഇറാഖില്‍ നിന്നുയരുന്ന നിലവിളികള്‍ അമേരിക്കയിലെ സാധാരണക്കാരെ നിരന്തരം വേട്ടയാടുന്നു. ഇതിനു പുറമെ ബാഗ്‌ദാദില്‍ നിന്നെത്തുന്ന വിമാനങ്ങളില്‍ തുടര്‍ച്ചയായി എത്തിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ സൈനികരുടെ മൃതദേഹങ്ങള്‍ അവരുടെ ഉറക്കം കെടുത്തുന്നുണ്ട്. ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതിനെക്കുറിച്ച് സി ബി എസ് ടെലിവിഷന്‍ നടത്തിയ പഠനം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. 45 സംസ്ഥാനങ്ങളില്‍ നിന്നു ശേഖരിച്ച വിപുലമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2005ല്‍ മാത്രം സൈന്യത്തില്‍ സേവനം അനുഷ്‌ഠിച്ച 6256 പേരെങ്കിലും ആത്മഹത്യ ചെയ്‌തുവെന്നാണ് ചാനല്‍ കണ്ടെത്തിയത്. അതായത് ആഴ്‌ചയില്‍ 120 പേര്‍ വീതം. ഭൂരിഭാഗവും 20നും 24നും ഇടയില്‍ പ്രായമുള്ളവര്‍. ഒരു തരം ഭ്രാന്തമായ നിസംഗതയിലേക്ക് രാജ്യം വഴുതിപ്പോകുന്നു. ചുരുക്കത്തില്‍ അമേരിക്കയുടെ സാമൂഹികാന്തരീക്ഷത്തില്‍ ഇറാഖ് യുദ്ധം വരുത്തി വെച്ചിരിക്കുന്ന പ്രത്യാഘാതങ്ങള്‍ ചെറുതല്ല എന്നു സാരം.
2007 ഒക്‌ടോബര്‍ 27ന് യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി പതിനായിരങ്ങളാണ് അമേരിക്കന്‍ നഗരവീഥികളില്‍ നിറഞ്ഞത്. ഇറാഖ് യുദ്ധത്തിന് അനുമതി നല്‍കിയ അമേരിക്കന്‍ സെനറ്റിലെ വോട്ടിംഗിന്റെ അഞ്ചാം വാര്‍ഷികമായിരുന്നു അന്ന്. സ്വന്തം രാജ്യത്തിന്റെ യുദ്ധവെറിയും, അതിന്റെ പ്രത്യാഘാതങ്ങളും മനസിലാക്കി തെരുവുകള്‍ കൈയ്യടക്കിയ അവര്‍ നിരത്തുകളില്‍ കിടന്നും ബുഷിനെ രാക്ഷസനായി ചിത്രീകരിക്കുന്ന ബാനറുകളും പോസ്റ്ററുകളുമേന്തിയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. സ്വാഭാവികമായും അധിനിവേശത്തിന്റെ അഞ്ചാം വാര്‍ഷികമായ മാര്‍ച്ച് 20നും സ്വന്തം രാജ്യത്തിന്റെ നെറികേടുകള്‍ക്കും യുദ്ധക്കൊതിക്കുമെതിരായ ശക്തമായ ജനകീയ രോഷം ഉയര്‍ന്നു.
II
ലോകത്താകെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ സൈനിക ആവശ്യങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയുടെ 55 ശതമാനം വരുന്നതാണ് അമേരിക്കയുടെ സൈനിക ബജറ്റ്. വിവിധ രാജ്യങ്ങളില്‍ നടത്തുന്ന അധിനിവേശങ്ങള്‍ വരുത്തിവെക്കുന്ന നാശനഷ്‌ടങ്ങള്‍, ഇസ്രായേലിനെപ്പോലുള്ള അധിനിവേശ കൂട്ടാളികള്‍ക്കായി നല്‍കേണ്ടി വരുന്ന സഹായം, സി ഐ എ പ്രവര്‍ത്തനത്തിന് വേണ്ടി വരുന്ന ധനം എന്നിങ്ങനെയുള്ള `അദൃശ്യബജറ്റിനു’ പുറമെയാണ് ജി ഡി പിയില്‍ നിന്ന് സൈനികചിലവിന് ഇത്രവലിയ തുക നീക്കി വെക്കുന്നത്.
ഇറാഖ് യുദ്ധത്തിനായി 1.2 ട്രില്ല്യണ്‍ ഡോളര്‍ ചിലവഴിച്ചു എന്നാണ് 2007ല്‍ പുറത്തു വന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. യുദ്ധം നഷ്‌ടക്കച്ചവടമായെന്ന തിരിച്ചറിവില്‍ ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈനികരെ വന്‍തോതില്‍ പിന്‍വലിക്കുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ഗേറ്റ്‌സിന് 2007 സെപ്‌തംബറില്‍ പറയേണ്ടി വന്നത്. ഒരു ലക്ഷം പേരെയെങ്കിലും പിന്‍വലിക്കേണ്ടി വരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
സാമ്പത്തിക നോബല്‍ സമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിസും വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്‌ഞയായ ലിന്‍ഡ് ബില്‍മിസും ചേര്‍ന്നെഴുതിയ ദി ത്രീ ട്രില്യണ്‍ ഡോളര്‍ വാര്‍ (The three trillion dollar war) (മൂന്ന് ലക്ഷം കോടി ഡോളര്‍ യുദ്ധം) എന്ന പുസ്‌തകം ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും യുദ്ധം അമേരിക്കന്‍ സമ്പദ്‌ഘടനക്കു വരുത്തി വച്ചിരിക്കുന്ന നാശനഷ്‌ടങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളാണ് യുദ്ധച്ചിലവുകളെ സംബന്ധിച്ച് പെന്റഗണ്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നതെന്ന് പുസ്‌തകം സമര്‍ത്ഥിക്കുന്നു.
ചിലവിട്ട തുകയുടെയും ലഭിച്ച ഫലത്തിന്റെയും അടിസ്ഥാനത്തില്‍ ഇറാഖ്, അഫ്‌ഗാനിസ്ഥാന്‍ യുദ്ധം തികഞ്ഞ പരാജയമായിരുന്നുവെന്നാണ് പുസ്‌തകം വാദിക്കുന്നത്. രണ്ടു ബുഷുമാരും അവരുടെ ഉപദേശകരും വിചാരിച്ചതുപോലെ ചിലവു കുറഞ്ഞതും എളുപ്പം തീര്‍ക്കാവുന്നതുമായിരുന്നില്ല ഇത്. ഇപ്പോള്‍ തന്നെ ഇറാഖ് യുദ്ധത്തിനു ചിലവാക്കിയിരിക്കുന്നത് 12 വര്‍ഷം നീണ്ടു നിന്ന വിയറ്റ്‌നാം യുദ്ധത്തിനു ചിലവായതിനേക്കാള്‍ കൂടുതലും കൊറിയന്‍ യുദ്ധത്തിന് ചിലവായതിന്റെ ഇരട്ടിയും ആണ്.
അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും ചിലവേറിയ യുദ്ധം രണ്ടാം ലോകമഹായുദ്ധം ആയിരുന്നു. 16.3 മില്യണ്‍ യു എസ് ട്രൂപ്പുകള്‍ക്ക് നാല് വര്‍ഷം കൊണ്ട് ചിലവാക്കിയതു അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ ആണ്. അതേസമയം ഇറാഖില്‍ ഒരു ട്രൂപ്പിനു മാത്രം ചിലവ് പ്രതിമാസം നാല് ലക്ഷം യു എസ് ഡോളര്‍ ആണ്. ഓരോ അമേരിക്കക്കാരനും ഇത് വഹിക്കേണ്ടി വരുന്നു എന്ന തിരിച്ചറിവിന്റെ നടുക്കത്തിലാണ് ജനങ്ങള്‍. ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും യുദ്ധത്തിനുള്ള കൂടുതല്‍ തുകയും അമേരിക്ക കടമെടുത്തിരിക്കുകയാണ്. അതത്രയും നികുതി രൂപത്തില്‍ പിരിച്ചെടുക്കുക അസാധ്യമാണെന്ന് ജോസഫ് സ്റ്റിഗ്ലിസും ലിന്‍ഡ് ബില്‍മിസും പറയുന്നു. അതായത് അടുത്ത തലമുറ പോലും ഈ യുദ്ധങ്ങളുടെ ഭാരം തലയിലേറ്റേണ്ടി വരും എന്നുസാരം.
യുദ്ധത്തിനു ബജറ്റില്‍ അനുവദിച്ച തുക തികയാതെ വരുമെന്നും അധിക തുക ഇന്ധന വരുമാനം വര്‍ദ്ധിപ്പിച്ച് ഈടാക്കേണ്ടി വരുമെന്നും അമേരിക്കന്‍ ഉന്നത പ്രതിരോധ സാമ്പത്തിക ഉദ്യോഗസ്ഥര്‍ തുറന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇറാഖ് യുദ്ധത്തിന് 2008ല്‍ പ്രതിമാസം 12.5 ബില്യണ്‍ അമേരിക്കന്‍ ഖജനാവില്‍ നിന്ന് ചിലവഴിക്കേണ്ടി വരും. അഫ്‌ഗാനിസ്ഥാനിലും കൂടെ ഉള്‍പ്പെടെ 16 ബില്യണ്‍ ഡോളര്‍ ചിലവ് വരും. ഇത് അമേരിക്കയുടെ വാര്‍ഷിക ബജറ്റിന് തുല്യമാണ്. കണക്കില്‍പെടാത്ത ചിലവുകള്‍ വേറെയും ഉണ്ട്. അതൊന്നും ഔദ്യോഗിക കണക്കില്‍ ഇല്ല.
യുദ്ധം നടത്തിക്കൊണ്ടു പോകുന്നതിനു ചിലവായതും ഇപ്പോള്‍ ചിലവാക്കുന്നതും ഭാവിയില്‍ ആവശ്യമായേക്കാവുന്ന തുകയെക്കുറിച്ചും നാം ചര്‍ച്ച നടത്തിയാല്‍ കിട്ടുന്ന തുക മൂന്ന് ട്രില്യണ്‍ യു എസ് ഡോളറിനേക്കാളും കൂടുതല്‍ ആണെന്ന് പുസ്‌തകത്തില്‍ പറയുന്നു. അതാണ് പുസ്‌തകത്തിന്റെ തലക്കെട്ടായും ഉപയോഗിച്ചിരിക്കുന്നത്. അമേരിക്കക്കു മാത്രം വരുന്ന ചിലവാണിത്. യുദ്ധത്തിന്റെ ആദ്യം സാങ്കേതികമായും രാഷ്‌ട്രീയമായും സൈനികമായും ബ്രിട്ടണ്‍ സഹായിച്ചിരുന്നു. പിന്നെ പതുക്കെ പതുക്കെ അവര്‍ എല്ലാ ഉത്തരവാദിത്തവും അമേരിക്കയുടെ തലയില്‍ തന്നെ കെട്ടിവെച്ചു. കണക്കുകള്‍ പ്രകാരം 2010 ഓടെ അമേരിക്കയുടെ ഇറാഖ്-അഫ്‌ഗാനിസ്ഥാന്‍ യുദ്ധ ബജറ്റ് 18 ബില്യണ്‍ ഡോളര്‍ ആയി ഉയരും. അതിന്റെ കൂടെ സാമൂഹിക ചിലവുകൂടി കൂട്ടുകയാണെങ്കില്‍ ഇത് 20 ബില്യണ്‍ ഡോളര്‍ ആയി ഉയരും.
ഊതിവീര്‍പ്പിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥയാണ് അമേരിക്കയുടേതെന്നാണ് വിഖ്യാത സാമ്പത്തിക വിദഗ്‌ധര്‍ പണ്ടേ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു ദശകങ്ങളായി അമേരിക്കയില്‍ വ്യാവസായിക ഉത്‌പാദനം ഗണ്യമായി കുറഞ്ഞു. ഊഹക്കച്ചവടവും അനിയന്ത്രിതമായ വായ്‌പകളുമൊക്കെയായി സുഖലോലുപരായ ഉപഭോക്തൃസമൂഹമാണ് അമേരിക്കയിലേത്. ക്രൈഡിറ്റ് കാര്‍ഡ്, പണയം എന്നിവയിലൂടെ സൃഷ്‌ടിക്കപ്പെട്ട അമേരിക്കന്‍ ജനതയുടെ കടം ഏകദേശം 10 ട്രല്യന്‍ ഡോളറാണ്. കുത്തകകളുടെയും സര്‍ക്കാരിന്റെയും കടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ അമേരിക്കയുടെ കടം 37 ട്രില്യണ്‍ ഡോളറാകും. ഇത് അമേരിക്കയുടെ ജി ഡി പിയുടെ നാലു മടങ്ങാണ്. ഒരു വശത്ത് ആഭ്യന്തരകടം കുന്നുകൂടുമ്പോള്‍ മറുവശത്ത് ഐ എം എഫ്, ലോക ബാങ്ക്, അധിനിവേശം, വ്യാപാരക്കരാറുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ തങ്ങള്‍ക്കു നേരിട്ടിരിക്കുന്ന നഷ്‌ടം നികത്തുകയാണ് അമേരിക്കന്‍ സര്‍ക്കാരുകള്‍ ചെയ്‌തു പോരുന്നത്. അസ്ഥിരമായ സാമ്പത്തിക സാഹചര്യത്തില്‍ ഇറാഖ് അധിനിവേശത്തിന്റെ അനന്തരഫലമായി സാമ്പത്തിക അധികഭാരം തങ്ങളുടെ തലയില്‍ വന്നുപെടുമെന്ന ഭയം അമേരിക്കന്‍ പൗരന്‍മാരുടെ മനസിനെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്.
III
ഒരു സ്വതന്ത്ര രാജ്യത്തിന്റെ പരാമാധികാരത്തിനു മേല്‍ ലോക പോലീസ് ചമഞ്ഞ് അമേരിക്ക നടത്തുന്ന കൈയ്യേറ്റത്തിന് ശുഷ്‌കമായ ജനപിന്തുണ മാത്രമാണുള്ളതെന്ന് വിവിധ ഏജന്‍സികളും മാധ്യമങ്ങളും നടത്തിയ പഠനങ്ങളിലും സര്‍വേകളിലും തെളിഞ്ഞിട്ടുള്ളതാണ്. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ വളരെ മോശമായ പ്രതിഛായയാണ് ഇറാഖ് യുദ്ധത്തിലൂടെ അമേരിക്കക്ക് ലഭിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുന്നവരാണ് അന്നാട്ടുകാരില്‍ ഏറെയും. ഈ ചിന്തയെ സാധൂകരിക്കുന്ന സര്‍വേ ഫലങ്ങളാണ് ലോകമെമ്പാടു നിന്നും വന്നുകൊണ്ടിരിക്കുന്നത്.
2003 മുതല്‍ വിവിധ കാലഘട്ടങ്ങളില്‍ വിവിധ ഏജന്‍സികള്‍ നടത്തിയിട്ടുള്ള പഠനങ്ങളുടെ ഫലം തെളിയിക്കുന്നത് ഓരോ വര്‍ഷം പിന്നിടുമ്പോഴും അമേരിക്കക്കെതിരായ ജനവികാരം വളരുന്നതായാണ്. ഇറാഖിലെയും അമേരിക്കയിലെയും ജനങ്ങള്‍ക്കിടയില്‍ പോലും തങ്ങള്‍ ചെയ്യുന്നത് ശരിയാണെന്ന് ബോധ്യപ്പെടുത്താന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല.
2007 ജനുവരിയില്‍ ബിബിസി വേള്‍ഡ് സര്‍വീസ് 25 രാജ്യങ്ങളിലെ 26,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 73 ശതമാനം പേരും ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തെ എതിര്‍ത്തു. സെപ്‌തംബറില്‍ വീണ്ടും സര്‍വേ നടത്തിയപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടു പേരും അധിനിവേശത്തിനെതിരായ വികാരമാണ് പ്രകടപ്പിച്ചത്. മാര്‍ച്ച് 2007ല്‍ ബിബിസി 20,000 ഇറാഖികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 78 ശതമാനം പേരും അമേരിക്കയുടെ സാന്നിധ്യത്തിനെതിരെ നിലപാട് സ്വീകരിച്ചു.
ഇറാഖിലെ തങ്ങളുടെ ഇടപെടല്‍ അവിടുത്തെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നതായാണ് അമേരിക്ക പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ വിവിധ ഏജന്‍സികള്‍ ഇറാഖില്‍ നടത്തിയ സര്‍വേകള്‍ വ്യക്തമാക്കുന്നത് മറിച്ചാണ്. അമേരിക്ക അവസാനിപ്പിക്കുമെന്നു പറഞ്ഞ അക്രമങ്ങള്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നതായാണ് സര്‍വേയില്‍ ജനങ്ങള്‍ അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ശക്തികള്‍ സുരക്ഷ മെച്ചപ്പെടുത്തുന്നു എന്നതില്‍ വിശ്വാസമില്ലെന്നാണ് 80 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 2006 സെപ്‌തംബറില്‍ പി ഐ പി എ നടത്തിയ സര്‍വേയില്‍ 78 ശതമാനം പേര്‍ അമേരിക്കന്‍ അധിനിവേശം സംഘര്‍ഷങ്ങള്‍ തടയുകയല്ല കൂടുതല്‍ കൂടുതല്‍ രക്തച്ചൊരിച്ചിലിന് വഴിവെച്ചിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.
2007 മാര്‍ച്ചില്‍ അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ വാര്‍ത്താ ഏജന്‍സികള്‍ നടത്തിയ സര്‍വേയില്‍ തെളിഞ്ഞത് പത്തില്‍ ഏഴ് ഷിയകളും മിക്കവാറും എല്ലാ സുന്നി അറബുകളും അമേരിക്കന്‍ സൈനിക സാന്നിധ്യം സുരക്ഷ വഷളാക്കുന്നു എന്നു വിശ്വസിക്കുന്നതായാണ്. ആഗസ്‌തില്‍ അതേ ഏജന്‍സി വീണ്ടും സര്‍വേ നടത്തിയപ്പോള്‍ 70 ശതമാനം പേര്‍ അധിനിവേശ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ സുരക്ഷ കഴിഞ്ഞ ആറുമാസത്തിനിടെ മോശമായിട്ടുള്ളതായി അഭിപ്രായപ്പെട്ടു.
ഇറാഖ് യുദ്ധം തുടങ്ങിയ കാലത്തേതില്‍ നിന്ന് വ്യത്യസ്‌തമായി വലിയ രീതിയിലുള്ള എതിര്‍പ്പാണ് അമേരിക്കന്‍ ജനതയില്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ ജനങ്ങള്‍ക്കിടയില്‍ ന്യൂയോര്‍ക്ക് ടൈംസും സി ബി എസും ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വേയില്‍ 62 ശതമാനം പേര്‍ ഇറാഖ് യുദ്ധത്തെ വലിയ തെറ്റായാണ് കണ്ടത്. 59 ശതമാനം ആളുകള്‍ ഈ യുദ്ധം അമേരിക്കക്ക് ഉണ്ടാക്കിയ സാമ്പത്തിക നഷ്‌ടവും ആള്‍നാശവും വളരെ വലുതായി കാണുന്നു. അമേരിക്കന്‍ ജനതയുടെ മൂന്നില്‍ രണ്ടു ഭാഗവും ഇറാഖിലെ സൈനികരുടെ എണ്ണം കുറയ്‌ക്കണമെന്ന അഭിപ്രായമുള്ളവരാണ്. തങ്ങളുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ നിലനില്‍പ്പു തന്നെ അപകടത്തിലാവുമെന്ന ഭീതിയുടെയും അമര്‍ഷത്തിന്റെയും ബഹിര്‍സ്‌ഫുരണമായിരുന്നു ഇറാഖ് യുദ്ധത്തിന് അഞ്ചു വര്‍ഷം തികയുന്ന നാളില്‍ അമേരിക്കയിലുണ്ടായത്. അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലക്ഷക്കണക്കിന് മനുഷ്യസ്‌നേഹികളും സാമ്രാജ്യത്വ വിരുദ്ധരും ലോകമെമ്പാടും തെരുവുകള്‍ കീഴടക്കി.
(ജനശക്തി വാരികയില്‍ പ്രസിദ്ധീകരിച്ചത്)
മാര്‍ച്ച് 27, 2008...11:11 am
ഇറാഖ്: രണ്ടാം ലോകയുദ്ധത്തെ വെല്ലുന്ന യുദ്ധചെലവ്
Jump to Comments
2അഭിപ്രായങ്ങള്‍
മാര്‍ച്ച് 29, 2008 -ല്‍ 2:05 pm
hello
മേയ് 5, 2008 -ല്‍ 11:46 am
very informative….
ഒരു മറുപടി കൊടുക്കുക