ജൂലൈ 18, 2008...7:31 am

കരുണാകരന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍

Jump to Comments

കെ കരുണാകരന്റെ അധീശത്വം കേരളത്തിലെ കോണ്‍ഗ്രസില്‍ തിരിച്ചുവരികയാണോ? കരുണാകരന്റെ സ്വാധീനശക്തിക്ക്‌ ക്ഷതം സംഭവിച്ചിച്ചുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും എതിരെ കോണ്‍ഗ്രസില്‍ ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുന്ന വിദ്വേഷം കരുണാകരനുതുണയായിരിക്കുകയാണ്‌. എതിര്‍ശബ്‌ദങ്ങളുടെ നാവായിമാറുകയാണ്‌ കരുണാകരന്‍. കെ പി സി സി നേതൃനിരയില്‍, അല്‌പം വൈകിയാണെങ്കിലും സ്വന്തം അനുയായികളെ അനായാസം പുനഃപ്രതിഷ്‌ഠിക്കാന്‍ കഴിഞ്ഞതും കരുണാകരന്‌ കരുത്തായി. താന്‍ ഇപ്പോഴും അസംതൃപ്‌തനാണെന്ന്‌ അദ്ദേഹം പറയുമ്പോള്‍ അതിനര്‍ത്ഥം കൂടുതല്‍ സ്ഥാനമാനങ്ങള്‍ തന്റെ അനുയായികള്‍ക്കായി വാങ്ങിച്ചെടുക്കും എന്നുതന്നെയാണ്‌. കുറഞ്ഞത്‌ രണ്ട്‌ ഡി സി സി പ്രസിഡന്റുമാരുള്‍പ്പെടെ ഇനിയും ചില സ്ഥാനമാനങ്ങള്‍കൂടി കരുണാകരന്റെ വിശ്വസ്‌തരെ കാത്തിരിക്കുന്നുണ്ടെന്നത്‌ തീര്‍ച്ച.
കരുണാകരന്‍ തിരിച്ചുവന്നത്‌ കോണ്‍ഗ്രസിലെ സമാധാനം നഷ്‌ടപ്പെടുത്തുന്നുവെന്ന പരാതിയുമായി പലവട്ടം ഉമ്മന്‍ചാണ്ടിയും കൂട്ടരും ഹൈക്കമാന്റിനെ സമീപിച്ചതാണ്‌. സോണിയാ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയുമൊക്കെ കണ്ട്‌ കരുണാകരന്‍ എന്ന `അപകടത്തെ’ക്കുറിച്ച്‌ വിശദമായ ക്ലാസുകളും നല്‍കി. അതൊന്നും വേണ്ടത്ര ഫലം കണ്ടില്ലെന്നു മാത്രമല്ല, സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെ അതൃപ്‌തിയുള്ളവര്‍ കെ കരുണാകരനു പിന്നില്‍ സ്വയമേധയാ അണിനിരക്കുന്ന കാഴ്‌ചയാണ്‌ പിന്നീട്‌ കണ്ടത്‌. എല്ലാം കണ്ടും കേട്ടും മനസിലാക്കിയും ലീഡര്‍ ക്ഷമയോടെ കാത്തിരിക്കുന്നത്‌ തന്നോടൊപ്പം എന്‍ സി പി വിട്ടുവന്നവര്‍ക്ക്‌ നല്‍കേണ്ട ഭാരവാഹിത്വങ്ങളുടെ പട്ടികയ്‌ക്ക്‌ ഹൈക്കമാന്റ്‌ അംഗീകാരം നല്‍കുന്നതിനു വേണ്ടിയായിരുന്നു.
കരുണാകര വിരോധം ആളിക്കത്തിക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഹൈക്കമാന്റിനു മുന്നില്‍ കാത്തുകെട്ടിക്കിടന്നപ്പോള്‍, ദില്ലിയിലെത്തിയ കരുണാകരനെ അദ്ദേഹം താമസിക്കുന്നിടത്തു ചെന്നു കാണുകയായിരുന്നു രാഹുല്‍ഗാന്ധി. തന്റെയൊപ്പം എന്‍ സി പി വിട്ടുവന്നവര്‍ക്ക്‌ ലഭിക്കേണ്ട സ്ഥാനമാനങ്ങളുടെ പട്ടിക അദ്ദേഹം രാഹുലിന്‌ കൈമാറി. ഇതൊടെയാണ്‌ അതുവരെ കരുണാകരനെതിരെ പരസ്യമായും രഹസ്യമായും നിലപാടെടുത്തിരുന്നവര്‍ പതുക്കെപതുക്കെ അദ്ദേഹത്തിന്റെ ചുറ്റും തിക്കിത്തിരക്കാന്‍ തുടങ്ങിയത്‌. ആരൊക്കെ എത്രയൊക്കെ ശ്രമിച്ചാലും കരുണാകരന്‍ നല്‍കിയ പട്ടികയുടെ തൊണ്ണൂറ്‌ ശതമാനവും അംഗീകരിക്കപ്പെടുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ അടക്കം പറയുന്നുണ്ട്‌.
ഒരു കെ പി സി സി വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം, രണ്ട്‌ ജനറല്‍ സെക്രട്ടറിമാര്‍, ഒരു ജോയിന്റ്‌ സെക്രട്ടറി, എട്ട്‌ കെ പി സി സി നിര്‍വാഹക സമിതിയംഗങ്ങള്‍, അഞ്ച്‌ എ ഐ സി സി അംഗങ്ങള്‍, രണ്ട്‌ ഡി സി സി പ്രസിഡന്റുമാര്‍, ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റികളിലെ പ്രാതിനിധ്യം ഇത്രയും മതിയാവും കെ കരുണാകരന്‍ എന്ന രാഷ്‌ട്രീയ ഭീഷ്‌മാചാര്യര്‍ക്ക്‌ നിര്‍ത്തിയേടയത്തു നിന്നു തുടങ്ങാന്‍. അത്‌ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും സൃഷ്‌ടിക്കാന്‍ പോകുന്ന തലവേദന ചെറുതായിരിക്കില്ല.
കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ ഭരണപക്ഷത്തെ നേതാക്കളുമായുള്ള ഒത്തുകളിയും അവിശുദ്ധകൂട്ടുകെട്ടുകളും കീഴ്‌ഘടകങ്ങളെ നിരാശരാക്കിത്തുടങ്ങിയതോടെ സംഘടനാപരമായി കോണ്‍ഗ്രസ്‌ ദുര്‍ബലപ്പെട്ട ഘട്ടത്തിലാണ്‌ കരുണാകരന്‍ തിരിച്ചുവന്നത്‌. ഈ സമയം സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനം തലസ്ഥാനം കേന്ദ്രീകരിച്ചുകൊണ്ടു മാത്രമായി ചുരുങ്ങിക്കഴിഞ്ഞിരുന്നു. ചുരുക്കം ചിലതൊഴികെ ഡി സി സികള്‍ ഏറെക്കുറെ നിര്‍ജ്ജീവമായി. പ്രസ്‌താവനകളിലും പത്രസമ്മേളനങ്ങളിലും ടെലിവിഷന്‍ ചര്‍ച്ചകളിലും ജീവിക്കുന്ന ഒരുപറ്റം നേതാക്കളാണ്‌ കോണ്‍ഗ്രസ്‌ എന്ന നിലയിലെത്തി കാര്യങ്ങള്‍. സ്വാഭാവികമായും അണികള്‍ നിരാശരും മൗനികളുമായി. ഒരുസമരവും താഴേത്തട്ടിലേക്ക്‌ എത്തുന്നില്ല. ഇതൊന്നും ചെയ്യുന്നതുകൊണ്ട്‌ ഒരു കാര്യവുമില്ല എന്ന വാദവും ബലപ്പെട്ടു. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഒരിക്കലും നേതൃത്വത്തിലേക്ക്‌ എത്തിപ്പെടാനും കഴിയാതെയായി.
വാളെടുത്തവനൊക്കെ വെളിച്ചപ്പാടാവുന്ന സമകാലിക കോണ്‍ഗ്രസ്‌ ചിത്രത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ ജൂലൈ ഏഴാം തിയ്യതി സെക്രട്ടറിയേറ്റിനു മുന്നിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ റിലേ നിരാഹാര പന്തലിലെത്തിയ സാക്ഷാല്‍ കെ കരുണാകരന്‌ നേരിടേണ്ടി വന്ന അപമാനം. ആര്‍ക്കും എന്തു തീരുമാനവുമെടുക്കാനാവുന്ന സ്ഥിതിയാണ്‌ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത്‌. കെ പി സി സിയുടെ നേതൃത്വം അത്ര ദുര്‍ബലമെന്നു സാരം. ഇതിനെല്ലാം പുറമെയാണ്‌ സജീവമായ കുതികാല്‍വെട്ട്‌്‌. വിലക്കയറ്റത്തിനെതിരെ രമേശ്‌ ചെന്നിത്തല നിരാഹാരം കിടന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ആളുകള്‍ വിട്ടുനിന്നതു മാത്രം മതി ഇതിന്റെ വ്യാപ്‌തി മനസിലാക്കാന്‍. മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ വിവാദത്തിലും ഉമ്മന്‍ചാണ്ടി രമേശ്‌ ചെന്നിത്തലയെ വെട്ടിലാക്കി. നിയമസഭയ്‌ക്കകത്ത്‌ കോളിളക്കമുണ്ടാക്കി സമരം സഭയ്‌ക്കു പുറത്തു തുടരുമെന്ന്‌ പ്രഖ്യാപിച്ച്‌ ഉമ്മന്‍ചാണ്ടി വിദേശപര്യടനത്തിനു പോയി. രമേശ്‌ ചെന്നിത്തല പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും സമരം ക്ലച്ചുപിടിച്ചില്ല, പൊതുസമൂഹത്തിനു മുന്നില്‍ അപഹാസ്യനാവുകയും ചെയ്‌തു.
കോടിയേരി ബാലകൃഷ്‌ണന്റെ മകന്റെ ആര്‍ഭാട വിവാഹം വിവാദമായപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ രംഗത്തുവന്നിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ സംസ്ഥാന പ്രസിഡന്റ്‌ ടി സിദ്ധിഖ്‌ ഇതുസംബന്ധിച്ച്‌ പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. സേവി മനോ മാത്യുവുമായുള്ള കോടിയേരിയുടെ ബന്ധം അന്വേഷിക്കണമെന്നും വിവാഹത്തലേന്നത്തെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ആരൊക്കെയാണെന്നു വെളിപ്പെടുത്തണമെന്നുമൊക്കെ ആവശ്യപ്പെടുകയും ചെയ്‌തു. അന്ന്‌ കെ പി സി സി ഉന്നതതലയോഗം നടക്കുന്ന ദിവസവുമായിരുന്നു. പത്രസമ്മേളനം കഴിഞ്ഞ്‌ പടിയിറങ്ങിയ സിദ്ധിഖിന്‌ ഇന്ദിരാഭവനില്‍ നിന്ന്‌ ഒരു ഫോണ്‍ സന്ദേശം. ചില ഒഴുക്കന്‍ പ്രസ്‌താവനകള്‍ നടത്തി യൂത്ത്‌ കോണ്‍ഗ്രസ്‌ പൊടുന്നനെ തലയൂരി. പിന്നീട്‌ ഈ പ്രശ്‌നം എടുത്തുപിടിച്ച്‌ യൂത്ത്‌ ലീഗും യുവമോര്‍ച്ചയുമൊക്കെ വാര്‍ത്തകളില്‍ നിറയുമ്പോള്‍ പരിഹാസ്യമായ മൗനം പാലിക്കേണ്ടി വന്നു യൂത്ത്‌ കോണ്‍ഗ്രസിന്‌. പുതിയ സര്‍ക്കാര്‍ വന്നശേഷം ലാവ്‌ലിന്‍ വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാനുള്ള ശ്രമം ആര്യാടന്‍ മുഹമ്മദ്‌ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ട്‌ തടഞ്ഞിരുന്നു എന്നു പറഞ്ഞാല്‍ കോണ്‍ഗ്രസ്‌ എത്തിപ്പെട്ടിരിക്കുന്ന ജീര്‍ണ്ണതയുടെ പൂര്‍ണ്ണരൂപം വെളിവാകും.
പ്രതിപക്ഷത്തായ ശേഷം കോണ്‍ഗ്രസ്‌ ഏറ്റെടുത്ത സമരങ്ങളുടെ സ്ഥിതി അതിദയനീയമാണ്‌. ആര്‍ക്കെതിരെയാണോ സമരം ചെയ്യുന്നത്‌ ആത്യന്തികമായി അത്‌ അവര്‍ക്കായിരിക്കും ഗുണം ചെയ്യുക. വിഷയം വ്യക്തമായി പഠിക്കാതെയും കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കാനോടുകയും ചെയ്യുന്ന അപക്വരായ നേതാക്കളുടെ കൂട്ടമാണ്‌ ഇന്ന്‌ കേരളത്തിലെ കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന രോഗം. സംസ്ഥാന മന്ത്രിമാര്‍ ദിനേന മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത്‌ കോണ്‍ഗ്രസുകാര്‍ തങ്ങള്‍ക്കെതിരെ സമരം ചെയ്യണേ എന്നാണ്‌. അങ്ങിനെ സമരം ചെയ്‌താല്‍ അതോടെ ആ വിഷയം ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെടുകയും എത്ര കൊടിയ കൊള്ളരുതായ്‌മയായാലും അത്‌ ജനങ്ങള്‍ സഹിക്കുകയും ചെയ്യും.
കേരള സര്‍വ്വകലാശാല അസിസ്റ്റന്റ്‌ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന്‌ കാണിച്ച്‌ തുടങ്ങിവെച്ച സമരത്തില്‍ നിന്ന്‌ തലയൂരാനാണ്‌ പാഠപുസ്‌തകവിവാദത്തിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസും കെ എസ്‌ യുവുമെല്ലാം എടുത്തുചാടിയത്‌. വിഷയം പഠിക്കാതെ സാമുദായിക സംഘടനകള്‍ പറഞ്ഞുവന്നത്‌ മാത്രം ആവര്‍ത്തിച്ച്‌ സമരരംഗത്തേക്ക്‌ വന്നത്‌ ഒടുവില്‍ ഊരാക്കുടുക്കായ അവസ്ഥയാണ്‌ കോണ്‍ഗ്രസ്‌ സംഘടനകള്‍ക്ക്‌. പുസ്‌തകത്തിന്റെ പൊതുനിലവാരമാണ്‌ ക്യാമ്പൈനായി ഉയര്‍ത്തിപ്പിടിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ പൊതുസമൂഹം സമരത്തിന്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുമായിരുന്നു. മതമില്ലാത്ത ജീവനു പിറകേ പോയി പുലിവാലു പിടിച്ച അവസ്ഥയിലാണ്‌ കെ എസ്‌ യുവും യൂത്ത്‌ കോണ്‍ഗ്രസുമെല്ലാം.
ഏഴാംക്ലാസിലെ പാഠപുസ്‌തകത്തിനെതിരെ നടന്ന സമരം പരാജയപ്പെട്ടതായി കഴിഞ്ഞയാഴ്‌ച ചേര്‍ന്ന കെ എസ്‌ യു സംസ്ഥാനസമിതി യോഗം തന്നെ വിലയിരുത്തുകയുണ്ടായി. ജനവികാരം പാഠപുസ്‌തകത്തിന്‌ അനുകൂലമാണെന്നും ഇനി അക്രമസമരങ്ങള്‍ വേണ്ടെന്നും യോഗത്തില്‍ തീരുമാനമായി. വിവിധമത സാമുദായിക സംഘടനകളുടെ സമരവിഷയത്തില്‍ കയറിപ്പിടിച്ചതാണ്‌ സമരം പരാജയപ്പെടാനുണ്ടായ കാരണമെന്നാണ്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്‌. സമരം തുടങ്ങിയ സമയത്ത്‌ പുസ്‌തകം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന രമേശ്‌ ചെന്നിത്തലയുടെ പ്രസ്‌താവനയാണ്‌ ഇത്തരമൊരു ദുര്‍ഘടസന്ധിയില്‍ കോണ്‍ഗ്രസിനെ എത്തിച്ചത്‌. കെ പി സി സിയുടെ ചെലവില്‍ എം എ ബേബി ഖ്യാതി നേടി എന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളില്‍ ചിലര്‍തന്നെ പാഠപുസ്‌തക സമരത്തെക്കുറിച്ചു പറയുന്നത്‌.
സമകാലിക കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിന്റെ ഈ ദുരവസ്ഥ കെ കരുണാകരനെന്ന അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കെല്‍പ്പുള്ള, ആശ്രിതവത്സലനായ രക്ഷകനിലേക്ക്‌ പഴയ പകയെല്ലാം മാറ്റിവെച്ച്‌ നേതാക്കളെ അടുപ്പിക്കുന്നു. അടുത്ത പുനഃസംഘടനയില്‍ കെ പി സി സി പ്രസിഡന്റായി രമേശ്‌ ചെന്നിത്തലയുണ്ടാവില്ല എന്ന കാര്യം ഉറപ്പാണ്‌. ഹൈക്കമാന്റിന്‌ ഇക്കാര്യത്തില്‍ രണ്ടുപക്ഷമില്ല. ഒരു പക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ഈ സ്ഥാനമാറ്റം സംഭവിച്ചേക്കാം. കരുണാകരന്റെ ആശീര്‍വാദത്തോടെ പത്തനംതിട്ടയിലോ മറ്റോ ഒരു പാര്‍ലിമെന്റ്‌ സീറ്റ്‌ തരപ്പെടുത്തി ദില്ലിക്ക്‌ പറക്കാനാണ്‌ രമേശിന്റെ ശ്രമം. കെ പി സി സി പ്രസിഡന്റാവാന്‍ ആഞ്ഞുപിടിച്ചുകൊണ്ടിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, ജി കാര്‍ത്തികേയന്‍, വി എം സുധീരന്‍, എം എം ജേക്കബ്‌ തുടങ്ങിയവരെല്ലാം കെ കരുണാകരനെ മാത്രം മനസില്‍ ധ്യാനിച്ചാണ്‌ ഇപ്പോള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നത്‌.
കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമാകാനുള്ള ഉമ്മന്‍ചാണ്ടിയുടെ മോഹങ്ങള്‍ക്ക്‌ നിയമസഭാ തെരഞ്ഞെടുപ്പോടെ തന്നെ തിരശ്ശീല വീണിരുന്നു. തുടര്‍ന്ന്‌ പ്രതിപക്ഷനിരയുടെ നിയമസഭയ്‌ക്കകത്തെയും പുറത്തെയും ദയനീയമായ പ്രകടനത്തിന്റെ ഉത്തരവാദിത്തം കൂടിയാകുമ്പോള്‍ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിലെ ഏറ്റവും ദുര്‍ബലനായ നേതാവായി ഉമ്മന്‍ചാണ്ടി മാറിക്കൊണ്ടിരിക്കുകയാണ്‌. വിശ്വാസ്യത നഷ്‌ടപ്പെട്ടു എന്നതിനു പുറമെ അദ്ദേഹം എപ്പോഴും പാര്‍ട്ടിക്കകത്തെ ഒരു ചെറിയ ന്യൂനപക്ഷത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന ധാരണ പരന്നു.
ഇതിനെല്ലാമിടെ തന്ത്രപരവും ശക്തവുമായ കരുക്കള്‍ നീക്കുന്നത്‌ വയലാര്‍ രവിയാണ്‌. കരുണാകരനുമായി ഏറെക്കുറെ നല്ലബന്ധം പുലര്‍ത്തുന്ന അദ്ദേഹം എ കെ ആന്റണിയുള്‍പ്പെടെയുള്ള ഇതരനേതാക്കളുമായും രമ്യതയിലാണ്‌്‌. എന്‍ എസ്‌ എസ്‌, എസ്‌ എന്‍ ഡി പി, ലീഗ്‌, വിവിധ ക്രൈസ്‌തബിഷപ്പുമാര്‍ എന്നിവരുടേയും നല്ലപുസ്‌തകത്തില്‍ ഇടംനേടി. വിവിധ ഗ്രൂപ്പുകളെ തനിക്ക്‌ അനുകൂലമാക്കുകയും പൊതുവില്‍ ഗ്രൂപ്പ്‌ രാഷ്‌ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്യുന്നു. കേരളരാഷ്‌ട്രീയത്തില്‍ ശക്തമായ ഒരിടപെടല്‍ നടത്താനുള്ള മണ്ണൊരുക്കലായാണ്‌ ഈ നീക്കങ്ങളെ വിലയിരുത്തുന്നത്‌. ഒരു പക്ഷെ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്നു നയിക്കുന്നത്‌ ഉമ്മന്‍ചാണ്ടിക്കു പകരമായി രവി ആയാലും അത്ഭുതപ്പെടാനില്ല. ഭാവിയില്‍ കെ മുരളീധരനെ കോണ്‍ഗ്രസില്‍ കൊണ്ടുവരുന്നതിനും രവി കരുണാകരനെ സഹായിച്ചേക്കും.
സംസ്ഥാന നേതൃത്വത്തില്‍ അര്‍ഹമായ ഇടംകിട്ടാത്ത അസംതൃപ്‌തരുടെ എണ്ണം ദിനംപ്രതി വളരെ കൂടിക്കൊണ്ടിരിക്കുകയാണ്‌. എല്ലാ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റുമാരും സ്ഥാനമൊഴിയുമ്പോള്‍ കെ പി സി സി യുടെ ജനറല്‍ സെക്രട്ടറിമാരാവുക എന്നതാണ്‌ കോണ്‍ഗ്രസില്‍ കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന രീതി. എന്നാല്‍ കെ പി അനില്‍കുമാര്‍ എന്ന മുന്‍ പ്രസിഡന്റിനെ ഒരുതരത്തിലും ജനറല്‍ സെക്രട്ടറിയാക്കില്ലെന്ന വാശിയിലാണ്‌ രമേശ്‌ ചെന്നിത്തല. പല മുതിര്‍ന്ന നേതാക്കളും ശുപാര്‍ശയുമായി ചെന്നിട്ടും വഴങ്ങാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഇങ്ങനെയുള്ള വലിയൊരു വിഭാഗം തങ്ങളുടെ മുന്‍വൈരങ്ങളെല്ലാം മാറ്റിവെച്ച്‌ കരുണാകരനൊപ്പം നിന്നാലും അത്ഭുതപ്പെടേണ്ടതില്ല.
ജനങ്ങളുമായി ഒരു തരത്തിലും ബന്ധമില്ലാത്ത നേതാക്കളാണ്‌ കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടേയും ഏറ്റവും വലിയ ശാപം. ഇതിന്‌ ഉദാഹരണമാണ്‌ പുനഃസംഘടനയിലൂടെ നേതൃത്വത്തിലെത്തിയ യൂത്ത്‌ കോണ്‍ഗ്രസിന്റെ ഭാരവാഹികള്‍. താഴെത്തട്ടില്‍ നിന്നു വളര്‍ന്നുവന്ന ഒരാളും ഇന്ന്‌ സംസ്ഥാന നേതൃത്വത്തിലില്ല. തിരുവനന്തപുരത്തും ദില്ലിയിലും ഏതെങ്കിലും മുതിര്‍ന്ന നേതാവിന്റെ ഉപജാപസംഘത്തില്‍ അംഗമായി റിക്രൂട്ട്‌ ചെയ്യപ്പെട്ടവരാണ്‌ ഏറെയും. യൂത്ത്‌ കോണ്‍ഗ്രസില്‍ എത്ര ജനറല്‍ സെക്രട്ടറിമാരുണ്ട്‌ എന്നോ, അവരുടെ പേരെന്ത്‌ എന്നോ പ്രവര്‍ത്തകര്‍ക്കറിയില്ല.
സമകാലിക സാഹചര്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ കെ കരുണാകരന്‍ കോണ്‍ഗ്രസിനകത്ത്‌ ശക്തനാവുകയും അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വിദൂരഭാവിയില്‍ത്തന്നെ സംഘടനയുടെ നിയന്ത്രണം തന്റെ ഇഷ്‌ടം അറിഞ്ഞു പ്രവര്‍ത്തിക്കുന്നവരുടെ കൈകളിലെത്തിക്കുകയും ചെയ്യുമെന്നും വേണം കരുതാന്‍. നിലവിലുള്ള ചെറുഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ ഫലപ്രദമായി ഉപയോഗിച്ച്‌ ശത്രുപക്ഷത്തെ കരുത്തനായ ഉമ്മന്‍ചാണ്ടിയെ തളയ്‌ക്കാനും പത്മജയെയും മുരളീധരനെയുമൊക്കെ കോണ്‍ഗ്രസില്‍ സജീവമാക്കാനും അദ്ദേഹത്തിനായേക്കും.

5അഭിപ്രായങ്ങള്‍

  • തനേഷ്‌ തമ്പി

    കെ കരുണാകരന്റെ അധീശത്വം കേരളത്തിലെ കോണ്‍ഗ്രസില്‍ തിരിച്ചുവരികയാണോ? കരുണാകരന്റെ സ്വാധീനശക്തിക്ക്‌ ക്ഷതം സംഭവിച്ചിച്ചുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും എതിരെ കോണ്‍ഗ്രസില്‍ ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുന്ന വിദ്വേഷം കരുണാകരനുതുണയായിരിക്കുകയാണ്‌.

  • തോമാച്ചന്‍™

    ആ കുരുത്തംകെട്ട ചെക്കനെ എവിടെയെങ്കിലും ഒന്നു കയറ്റി ഇരുത്തി യിട്ട് വേണം കിളവനു ചാവാന്‍.

  • “ചെക്കനും തന്തയും അവരുടെ പാട്ടിന് പോട്ടെ.”വിട്ടേക്ക്.

  • ഒരു വ്യക്കതമായ കഴ്ചപ്പാ‍ട് ഉള്ള ഒരു ലേഖനം. കുറെ നാളുകള്‍ മുന്ബ് ഒരു പത്രപ്രവര്‍ത്തകനുമായി സംസാരിച്ചപ്പോള്‍ കേട്ട അതേ ആരോപണങ്ങളും ആശയങ്ങളും. സംസ്ഥാന നേത്രുത്വത്തില്‍l എത്തിയ ഒരു മുന്‍-(ഇപ്പോള്‍ രാഷ്ടീയ വിരോധി) പ്രവര്‍ത്തകന്‍ എന്ന നിലയിലും ഇവന്മാരുടെയെല്ലാം സ്വഭാവവും ഉള്ളിലിരിപ്പും ശരിക്ക് അറിയാം.

  • കൊള്ളാം അണ്ണാച്ചി, നന്നായിട്ടുണ്ട് കേട്ടോ ! കോൺഗ്രസ്സിന്റെ ഉള്ളിലെ നീർച്ചാലിലൂടെ ഒരു സഞ്ചാരം, ദാഹിച്ചു വലഞ്ഞ കോൺഗ്രസ്സ്കാരെ ഈ നീർച്ചാലിൽ കാണം അധികാരം എന്ന ദാഹജലത്തിനായി മുറുമുറുക്കുന്നവർ
    വീ.കെ.ബാല


ഒരു മറുപടി കൊടുക്കുക