ജൂലൈ 25, 2008...7:08 am

മനോരമയുടെ വാണം മേലോട്ടോ കീഴോട്ടോ

Jump to Comments

കുമ്പസാരക്കൂട്ടില്‍ നില്‍ക്കുമ്പോഴും ദൈവംതമ്പുരാനെ എങ്ങനെ പറ്റിക്കാം എന്നു ചിന്തിക്കുന്ന പാപിയെപ്പോലെയാണ്‌ മലയാള മനോരമ. ജനങ്ങളെ കബളിപ്പിക്കാന്‍ എന്തു വേഷവും കെട്ടും. `പാപം’ ചെയ്യുന്നവരെ ശിക്ഷിക്കാനായി മനോരമ മുഖപ്രസംഗ പേജില്‍ ഒരു മുഖപ്രസംഗ ദണ്‌ഡ്‌ കരുതിവെച്ചിട്ടുണ്ട്‌. പൊലീസിന്റെ ലാത്തി പോലെയാണത്‌. എക്കാലത്തും ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടിക്കു ചതുര്‍ത്ഥിയായവരെ തെരഞ്ഞുപിടിച്ചാണല്ലോ ആ ദണ്‌ഡുകൊണ്ട്‌ പൊലീസ്‌ തല്ലുന്നത്‌. ആളുമാറി പോകാതിരിക്കാന്‍ മുഖം നോക്കി തന്നെ തല്ലും. മുഖപ്രസംഗ ദണ്‌ഡുകൊണ്ടുള്ള ഏറ്റവും ഒടുവിലത്തെ തല്ല്‌ (വി എസ്‌: ആ വാണം വേണ്ടിയിരുന്നോ?-2008 ജൂലൈ 14) മനോരമയ്‌ക്ക്‌ ഇഷ്‌ടമില്ലാത്ത മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ പിടലിക്കാണ്‌. ഉടുതുണിയില്ലാതെ പാടിയാടി നടന്ന സ്‌ത്രീ, മേല്‍മുണ്ടില്ലാതെ നടക്കുന്ന സ്‌ത്രീയെ നോക്കി പുലഭ്യം വിളിക്കുന്നതിനെയാണ്‌ ഈ മുഖപ്രസംഗം അനുസ്‌മരിപ്പിക്കുന്നത്‌. ഓരോ ദിവസവും വി എസ്‌ അച്യുതാനന്ദനെതിരെ ഒരു വാര്‍ത്തയെങ്കിലും ചമയ്‌ക്കണമെന്നത്‌ മനോരമ പത്രാധിപര്‍ സ്വന്തം ലേഖകര്‍ക്ക്‌ കൊടുത്തിരിക്കുന്ന ക്വട്ടേഷനാണ്‌.

അമേരിക്കന്‍ പ്രസിഡന്റ്‌ ബുഷിന്റെ അഭീഷ്‌ടത്തിനു തുള്ളാത്ത ഇന്ത്യയിലെ ഇടതുപക്ഷ നേതാക്കളെ ഒന്നൊന്നായി വന്‍കിട മാധ്യമങ്ങള്‍ വേട്ടയാടുന്ന കാലമാണല്ലോ ഇത്‌. അണ്ണാറക്കണ്ണനും തന്നാലായത്‌ എന്ന ചൊല്ലു പോലെ മലയാള മനോരമയും ബുഷിനു വേണ്ടി ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നു. കോടികളുടെ കൈമാറ്റത്തിലൂടെ ആണവകരാര്‍ നിലപാടില്‍ കരണം മറിയാന്‍ ചില പാര്‍ട്ടികള്‍ കരുവാക്കിയത്‌ മുന്‍ രാഷ്‌ട്രപതി അബ്‌ദുള്‍ കലാമിനെയായിരുന്നല്ലോ. കലാം ബഹിരാകാശ ശാസ്‌ത്രത്തിലല്ലാതെ ആണവ ശാസ്‌ത്രത്തില്‍ വിദഗ്‌ധനല്ലെന്ന്‌ വി എസ്‌ സൂചിപ്പിച്ചതിനെ പിടിച്ചാണ്‌ മനോരമ മുഖപ്രസംഗത്തിലൂടെ ആക്രമണം.

വി എസ്‌ ഈ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഉപയോഗിച്ചത്‌ സാധാരണക്കാരുടെ ഭാഷയാണ്‌: “ മേലോട്ട്‌ വാണം വിടുന്ന ആള്‍ മാത്രമാണ്‌ കലാം” എന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചതു മനോരമയ്‌ക്കു അസഭ്യം വിളിയായിട്ടാണ്‌ തോന്നിയത്‌. `വാണം’ എന്ന പ്രയോഗം മനോരമയുടെ നിഘണ്ടുവില്‍ അസഭ്യമാണത്രെ. റോക്കറ്റിന്‌ മലയാളികളുടെ മനസില്‍ പതിഞ്ഞ പേര്‌ വാണം എന്നാണെന്ന്‌ മനോരമ പത്രാധിപര്‍ക്കും അറിയാത്തതല്ല. മലയാള മനോരമ എന്ന പേര്‌ വീണുകിട്ടിയത്‌ കേരളവര്‍മ്മ വലിയ കോയി തമ്പുരാന്റെ തിരുനാവില്‍ നിന്നായിരുന്നല്ലോ! അത്തരത്തില്‍ ഒരു പേര്‌ വാണത്തിന്‌ വി എസ്‌ അച്യുതാനന്ദന്‍ മനോരമ കോയിതമ്പുരാന്‍മാരില്‍ നിന്ന്‌ വാങ്ങി വച്ചിട്ട്‌ വിമര്‍ശിച്ചിരുന്നെങ്കില്‍ മനോരമ കോപിക്കില്ലായിരുന്നു. മിസൈലുകളെ നയിച്ചു കൊണ്ടു പോകുന്ന റോക്കറ്റുകളെ എന്തു പേരിട്ടു വിളിക്കണമെന്ന്‌ മുഖ്യമന്ത്രി മനോരമ പത്രാധിപരോട്‌ ആദ്യം ചോദിക്കണമായിരുന്നു! ചൈനക്കാര്‍ പണ്ടു കാര്‍ഡ്‌ബോര്‍ഡ്‌ നാളികളില്‍ വെടിമരുന്നു നിറച്ചു വിട്ടിരുന്ന സാധനത്തിന്റെ പേര്‌ എന്തെന്ന്‌ മനോരമയോട്‌ ചോദിച്ചിരുന്നുവെങ്കില്‍ ജോര്‍ജ്ജ്‌ ബുഷ്‌, മുലായംസിംഗ്‌ യാദവിനെ അബ്‌ദുള്‍കലാമിനെ കാണാന്‍ വിട്ടതുപോലെ ആരെയെങ്കിലും കലാമിന്റെ അടുത്തയച്ചു വി എസ്‌ അച്യുതാനന്ദനെ മനോരമ സഹായിച്ചേനെ! എല്ലാവരും പരസ്‌പരം ഉപദേശിക്കുന്ന കാലമാണല്ലോ ഇത്‌.

ബഹുമാനം എന്നത്‌ അമേരിക്ക നല്‍കുന്ന പണം കൊണ്ടു വിലയ്‌ക്കു വാങ്ങാവുന്നതാണോ? കലാം ആയാലും മറ്റാരായാലും ബഹുമാനം സ്വന്തം ചെയ്‌തികളില്‍ നിന്നാണ്‌ ആര്‍ജ്ജിക്കുന്നത്‌. ആ ബഹുമാനത്തില്‍ വി എസ്‌ അച്യുതാനന്ദന്റെ വാക്കുകളില്‍ എന്തെങ്കിലും ഇടിവുണ്ടായതായി സാമാന്യബുദ്ധിയുള്ള ആരും പറയില്ല. വി എസ്‌ സ്വന്തം ശൈലിയില്‍ നടത്തിയ ആ പരാമര്‍ശം കുറിക്കുകൊണ്ടു എന്നതാണ്‌ മനോരമയുടെ ബേജാര്‍ കാണിക്കുന്നത്‌.

ഇതൊരു വിവാദമാക്കി ഊതിവീര്‍പ്പിക്കാന്‍ മനോരമ ഏതറ്റംവരെ പോകും എന്നതിനു തെളിവാണ്‌ മുഖപ്രസംഗത്തില്‍ “രാഷ്‌ട്രീയമായി അന്ധത ബാധിച്ചവര്‍ക്കു മാത്രമെ ഇന്ത്യയുടെ മിസൈല്‍ നായകനെ വെടിക്കെട്ടുകാരനായി കാണാന്‍ കഴിയൂ” എന്ന നിന്ദാസ്‌തുതി. വി എസ്‌ അച്യുതാനന്ദന്‍ കലാമിനെ വെടിക്കെട്ടുകാരന്‍ എന്നു എവിടെയും പരാമര്‍ശിച്ചിട്ടില്ല. റോക്കറ്റ്‌ വിക്ഷേപിക്കുന്നയാള്‍ എന്ന വി എസിന്റെ പ്രയോഗത്തില്‍ മനോരമ വിഷം കലര്‍ത്തി വെടിക്കെട്ടുകാരനെന്നാക്കി! മനോരമയുടെ സ്വഭാവശുദ്ധി ഇതില്‍ നിന്നുതന്നെ തിരിച്ചറിയാം. യഥാര്‍ത്ഥത്തില്‍ കലാമിനെ വെടിക്കെട്ടുകാരനാക്കി നിന്ദിക്കുന്നത്‌ മനോരമയാണ്‌. മലയാളത്തിലോ മറ്റേതെങ്കിലും ഭാഷയിലോ ഉള്ള ഒരു മാധ്യമവും അച്യുതാനന്ദന്റെ ഈ പരാമര്‍ശത്തില്‍ ഇത്തരം കഥകള്‍ ചമക്കാന്‍ മെനക്കെട്ടിട്ടില്ല എന്നതും ഓര്‍ക്കണം. എന്താ, ആ മാധ്യമങ്ങള്‍ക്കൊന്നും ഇല്ലാത്ത കലാം പ്രേമം മനോരമയ്‌ക്കുണ്ടാകാന്‍?

“വി എസ്‌ അച്യുതാനന്ദന്‍ പണ്ട്‌ തയ്യല്‍ക്കാരനായിരുന്നപ്പോള്‍ കുപ്പായത്തിന്റെ പോക്കറ്റടിക്കാന്‍ പോലും അറിയില്ലായിരുന്നുവെന്ന്‌” ബി ജെ പി നേതാവ്‌ സി കെ പത്മനാഭന്‍ പരിഹസിച്ചിരുന്നത്‌ മനോരമയ്‌ക്ക്‌ സഭ്യവും ഹൃദ്യവുമായതുകൊണ്ടാണോ മുഖപ്രസംഗത്തില്‍ അതേക്കുറിച്ച്‌ പരാമര്‍ശിക്കാതിരുന്നത്‌. അതോ അതുകേട്ട്‌ മനോരമ പത്രാധിപരുടെ മനസ്സ്‌ ആനന്ദതുന്ദിലമായോ? ചിലപ്പോള്‍ പത്മനാഭന്‍ പറഞ്ഞതു ശരിയുമായിരിക്കാം. അച്യുതാനന്ദന്‍ തന്നെ സമ്മതിച്ചുവെന്നും വരാം. പക്ഷെ അച്യുതാനന്ദന്റെയും പത്മനാഭന്റെയും താരതമ്യങ്ങള്‍ തമ്മില്‍ മൗലികമായ ഒരു വ്യത്യാസമുണ്ട്‌. അച്യുതാനന്ദന്‍, കലാമിനെക്കുറിച്ച്‌ പറഞ്ഞത്‌ ജനങ്ങളോട്‌ പറയാവുന്ന കാര്യമാണ്‌. പത്മനാഭന്‍ പറഞ്ഞതാകട്ടെ അച്യുതാനന്ദനെ മാത്രം കേള്‍പ്പിക്കാവുന്നതും.

അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന നിരുത്തരവാദിത്തപരമായ എത്രയെത്ര പരാമര്‍ശങ്ങള്‍ക്കു നേരെയാണ്‌ മനോരമ കണ്ണടച്ചിട്ടുള്ളത്‌? കണ്ണടച്ചുകൊണ്ടിരിക്കുന്നത്‌. “കോടതികള്‍ അടച്ചുപൂട്ടി നിങ്ങളുടെ ഇഷ്‌ടം പോലെ പ്രവര്‍ത്തിച്ചുകൊള്ളുക” എന്ന്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ തുറന്ന കോടതിയില്‍ പറഞ്ഞത്‌ അനുചിതമായി പോയി എന്ന്‌ ഇന്ത്യയിലെ മാധ്യമ ലോകവും നിയമപണ്‌ഡിതരും ചൂണ്ടിക്കാണിച്ചപ്പോള്‍ മനോരമയെ അക്കൂട്ടത്തില്‍ കണ്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ “വി എസ്‌ അച്യുതാനന്ദന്‍ ഒരു പുരാവസ്‌തു ആണെന്ന്‌” കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമതി അംഗം വീരപ്പമൊയ്‌ലി അധിക്ഷേപിച്ചപ്പോള്‍ കോള്‍മയിര്‍ കൊണ്ട പത്രമാണ്‌ മനോരമ.

“മുഖ്യമന്ത്രിയുടെ പ്രസ്‌താവന കേരളത്തിനു മാത്രമല്ല നാഗരിക ലോകത്തിനു തന്നെ അപമാനമായിപ്പോയി” എന്നാണ്‌ മനോരമ പരിതപിക്കുന്നത്‌. വി എസ്‌ അച്യുതാനന്ദനെ പോലുള്ളവരെ സദാചാര ബോധം പഠിപ്പിക്കാന്‍ എന്താണാവോ മനോരമയുടെ യോഗ്യത?
“സംഘര്‍ഷ സാഹചര്യങ്ങളില്‍ പോലും വേദനിപ്പിക്കുന്നതോ പരിഹസിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ നേതാക്കളും പൊതുപ്രവര്‍ത്തകരുമൊക്കെ ശ്രദ്ധിച്ചിരുന്ന ഒരു കാലത്തിന്റെ” നഷ്‌ടബോധം മനോരമയുടെ മുഖപ്രസംഗത്തില്‍ തികട്ടിവരുന്നുണ്ട്‌. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷകാലം എന്നു വിശേഷിപ്പിക്കാവുന്നത്‌ ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടമായിരുന്നു എന്നതില്‍ മനോരമക്കും തര്‍ക്കമുണ്ടാകില്ലല്ലോ.

സ്വാതന്ത്ര്യപ്രക്ഷോഭത്തെ മാത്രമല്ല, അതിന്റെ മുന്‍നിര ദേശീയ നേതാക്കള്‍ക്കും, സാമ്രാജ്യത്വത്തിനും രാജവാഴ്‌ചക്കും എതിരെ തൂലിക പടവാളാക്കിയ പത്രാധിപന്‍മാര്‍ക്കും നേരെ മലയാള മനോരമ നടത്തിയ പുലഭ്യം വിളി മുഖപ്രസംഗം എഴുത്തുകാരന്‌ ഓര്‍മ്മയുണ്ടോ എന്നറിയില്ല. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവും ആയ മഹാത്മാ ഗാന്ധിയെ, എം കെ ഗാന്ധിയെന്നും മിസ്റ്റര്‍ ഗാന്ധിയെന്നും മാത്രം എഴുതി പരിഹസിച്ച പത്രമാണ്‌ മനോരമ. മനോരമയ്‌ക്ക്‌ മഹാത്മജിയോട്‌ ഇല്ലാതിരുന്ന ബഹുമാനം ഇപ്പോള്‍ മുന്‍രാഷ്‌ട്രപതി അബ്‌ദുള്‍കലാമിനോട്‌ തോന്നാന്‍ കാരണം മുലായം സിംഗ്‌ `സിന്‍ഡ്രോം’ ആണോ? “മഹാത്മ, പണ്‌ഡിറ്റ്‌ എന്നെല്ലാം സ്ഥാനപ്പേരു നല്‍കുന്ന സമ്പ്രദായത്തെ ജവഹര്‍ലാല്‍ നെഹ്രുവും എതിര്‍ത്തിരുന്നെന്ന്‌ “പില്‍ക്കാലത്ത്‌ മനോരമ പത്രാധിപര്‍ മാമ്മന്‍ മാപ്പിള (ഇപ്പോഴത്തെ പത്രാധിപര്‍ കെ എം മാത്യുവിന്റെ പിതാവ്‌) കുമ്പസരിച്ചതുകൊണ്ട്‌ ഈ കറ കഴുകിക്കളയാനാകില്ലല്ലോ. (മലയാള മനോരമ ഷഷ്‌ടിപൂര്‍ത്തി സ്‌മാരക ഗ്രന്ഥം-പേജ്‌ 164) ഈ പത്രമാണ്‌ അബ്‌ദുള്‍കലാമിനെ പോലുള്ള പ്രഗത്ഭന്‍മാരോട്‌ വി എസ്‌ അച്യുതാനന്ദന്‍ എങ്ങിനെ പെരുമാറണമെന്ന്‌ പഠിപ്പിക്കുന്നത്‌! തെക്കേ ആഫ്രിക്കയില്‍ നിന്നു തിരിച്ചെത്തിയ മഹാത്മാഗാന്ധിയെ “അന്തിക്രിസ്‌തു” എന്നു വിളിച്ചു മനോരമ അധിക്ഷേപിച്ചത്‌ പരിഹസിക്കലായിരുന്നില്ലേ?

രാജവാഴ്‌ചക്കെതിരെ തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെപ്പോലുള്ള ധീരരെ മനോരമ എത്ര വിഷലിപ്‌തഭാഷയിലാണ്‌ ആക്രമിച്ച്‌ രാജവാഴ്‌ചയുടെ പ്രീതി സമ്പാദിച്ചത്‌. എന്നാല്‍ രാജവാഴ്‌ച കടപുഴകിയപ്പോള്‍, കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞ സ്വദേശാഭിമാനിയോടുള്ള ആരാധനയാല്‍ മനോരമ പുളകച്ചാര്‍ത്തണിഞ്ഞു. സ്വദേശാഭിമാനിയെ നാടുകടത്തിയപ്പോള്‍ ഹാലേലുയ്യാ പാടിയ മനോരമ അദ്ദേഹം മരിച്ചു 38 വര്‍ഷം കഴിഞ്ഞപ്പോള്‍ ജനകീയ ഭരണത്തില്‍ കണ്ണൂരിലെ പയ്യാമ്പലം കടപ്പുറത്തെ ശവകുടീരത്തില്‍ നിന്ന്‌ ചിതാഭസ്‌മം തിരുവനന്തപുരത്ത്‌ കൊണ്ടു വന്നപ്പോള്‍ നാണമില്ലാതെ കാര്യസ്ഥ വേഷമിട്ട്‌ ഞെളിഞ്ഞ്‌ മുഖം രക്ഷിക്കാന്‍ ശ്രമിച്ചു.
`വേദനിപ്പിക്കുന്നതോ പരിഹസിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച്‌ ഇപ്പോള്‍’ വി എസ്‌ അച്യുതാനന്ദനു വേദോപദേശം നല്‍കുന്ന മനോരമയ്‌ക്കു സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ വിധവ ബി കല്യാണിയമ്മ മനോരമയുടെ അധിപരോട്‌ നടത്തിയ യാചന മറക്കാനാകുമോ: “മണ്ണോടു മണ്ണായ ഭൗതികാവശിഷ്‌ടങ്ങള്‍ അശുദ്ധ ഹസ്‌തങ്ങള്‍ സ്‌പര്‍ശിക്കരുതേ” എന്നായിരുന്നു കല്യാണിയമ്മ യാചിച്ചത്‌.

കാലത്തിനൊത്തു കോലം കെട്ടാന്‍ നിപുണരായ മനോരമയുടെ പുതിയ സാരഥികള്‍ രണ്ടു വര്‍ഷം മുമ്പ്‌ സ്വദേശാഭിമാനി പുരസ്‌കാരം തന്നെ കൈക്കലാക്കി, നിര്‍ഭയത്വത്തിന്റെ തീപ്പന്തമായിരുന്ന സ്വദേശാഭിമാനിയെ ഒരുവട്ടം കൂടി അശുദ്ധമാക്കി. ഈ ബഹുമതി കെ എം മാത്യുവിന്‌ നല്‍കിക്കൊണ്ട്‌ `മുഖം നോക്കാതെ വിമര്‍ശിക്കുന്ന ഏതു വേദിയിലും സ്വാഭിപ്രായം വെട്ടിത്തുറന്നു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്നയാള്‍’ എന്ന്‌ ദേശാഭിമാനി (മുഖപ്രസംഗം 2008 ജൂലൈ 14) ഇപ്പോള്‍ വിശേഷിപ്പിക്കുന്ന സുകുമാര്‍ അഴീക്കോടിന്റെ മനോരമ സ്‌തുതിവചനങ്ങള്‍ ഒരു ക്വട്ടേഷന്‍ കരാറിന്റെ പൂര്‍ത്തീകരണം മാത്രമായിരുന്നു. മനോരമയെ വാഴ്‌ത്തിയതിലൂടെ സ്വദേശാഭിമാനിയേയും ചരിത്രത്തേയും ക്രൂരമായി നിന്ദിക്കുകയായിരുന്നു അഴീക്കോട്‌ ചെയ്‌തത്‌. “ നാവു പിഴച്ചാല്‍ ക്ഷമ ചോദിക്കുന്ന ഒരു കാലമുണ്ടായിരുന്നു” എന്നു മനോരമ വി എസ്‌ അച്യുതാനന്ദനെ ഈ മുഖപ്രസംഗത്തില്‍ ഓര്‍മ്മിപ്പിക്കുന്നത്‌ മനോരമയുടെ പിറവിക്കും മുമ്പുള്ള കാലമായിരിക്കാനേ തരമുള്ളൂ. മഹാത്മാ ഗാന്ധിയോടോ സ്വദേശാഭിമാനിയോടോ മനോരമ ക്ഷമ ചോദിച്ചിട്ടില്ല. ക്ഷമചോദിച്ചത്‌ രാജവാഴ്‌ചയോടു മാത്രമാണ്‌.

ജനാധിപത്യ ഭരണ സംവിധാനം രൂപം കൊണ്ട ശേഷവും മനോരമയുടെ “വേദനിപ്പിക്കുന്നതോ പരിഹസിക്കുന്നതോ” ആയ ആക്രമണങ്ങള്‍ക്കിരയായത്‌ എ കെ ജിയെയും ഇ എം എസിനെയും പോലുള്ള ജനനേതാക്കളായിരുന്നു. ശ്രീ നാരായണ ഗുരുവിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനായ ഇ എം എസിനെ മനോരമയോളം പരിഹസിച്ച ഒരു മാധ്യമവും ഇന്ത്യയിലില്ല തന്നെ.

മനോരമയിലെ, ഇ എം എസിന്റെ കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ സ്വഭാവം നിരീക്ഷിച്ചാല്‍, തലച്ചോറിന്റെ ഒരു ഭാഗം മനോരമയുടെ കൊടുവാള്‍കൊണ്ട്‌ വെട്ടിമുറിച്ചുമാറ്റിയതു കാണാം. യുക്തിചിന്തയിലും ബുദ്ധിശക്തിയിലും കേരളം കണ്ട ഏറ്റവും വലിയ ക്രാന്തദര്‍ശിയായിരുന്ന ഇ എം എസിന്റെ തലയില്‍ മനോരമയുടെ കൊടുവാള്‍ കൊണ്ടുള്ള ഈ പരാക്രമം കേരളം ക്ഷമാപൂര്‍വ്വം സഹിച്ചു. ഇ എം എസിനെതിരായ വേട്ടയാടല്‍ അദ്ദേഹത്തിന്റെ മരണശേഷവും മനോരമ അവസാനിപ്പിച്ചില്ല. ഒറ്റ ഉദാഹരണം മാത്രം. കേരളത്തിന്റെ വിപ്ലവമനസുകളില്‍ ഒരിക്കലും കെടാത്ത തീനാളമായ പുന്നപ്രയിലെ ഐതിഹാസിക സമരം നടന്ന ദിവസം ഇ എം എസ്‌ അതില്‍ ആവേശം കൊള്ളാതെ പുന്നപ്രയിലെ നമ്പൂതിരിമാരുടെ യോഗക്ഷേമ സഭയുടെ യോഗത്തില്‍ പങ്കെടുത്തു എന്ന പച്ചക്കള്ളം അച്ചടിക്കാന്‍ മലയാളമനോരമക്കും, ആ കുടുംബത്തിന്റെ മറ്റൊരു പ്രസിദ്ധീകരണമായ ഭാഷാപോഷിണിക്കും മാത്രമെ ധൈര്യമുണ്ടായുള്ളൂ.

പുന്നപ്ര വയലാര്‍ സമരം നടക്കുന്ന കാലത്ത്‌ പുന്നപ്രയില്‍ ഏതെങ്കിലും നമ്പൂതിരി കുടുംബമോ യോഗക്ഷേമ സഭയുടെ യൂണിറ്റോ ഇല്ലെന്നിരിക്കെ മലബാറില്‍ ഉള്ള ഇ എം എസ്‌ പുന്നപ്രയില്‍ എത്തി എന്നെഴുതുന്നതിലെ സാമര്‍ ത്ഥ്യത്തെ എങ്ങിനെ വിശേഷിപ്പിക്കണം? മനോരമ ആരോപിക്കുന്ന ദിവസം ഇ എം എസ്‌ പുന്നപ്ര സന്ദര്‍ശിച്ചിട്ടില്ലെന്നും ഇന്നത്തെ മലപ്പുറം ജില്ലയിലെ പുന്നപ്പാല എന്ന സ്ഥലത്തായിരുന്നു അന്ന്‌ ഇ എം എസ്‌ എന്നും സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടും എന്തേ മനോരമ ഈ നിമിഷം വരെ ആ അസത്യം തിരുത്തുന്നില്ല? യോഗക്ഷേമസഭയുടെ മാസികയില്‍ ഇ എം എസ്സിന്റെതായി അച്ചടിച്ചുവന്ന പ്രസംഗത്തില്‍ സ്ഥലനാമം പുന്നപ്പാലയെന്നത്‌ പുന്നപ്ല എന്നു അക്ഷരപിശകായി അച്ചടിച്ചിരുന്നത്‌ കരുവാക്കിയാണ്‌ മനോരമ ഈ വിഷസൂചി കുത്തിയിറക്കിയത്‌. നിരവധി ചരിത്ര ഗവേഷകര്‍ ഈ സത്യം രേഖകളോടെ പുറത്തുകൊണ്ടുവന്നിട്ടും മനോരമ തെറ്റുതിരുത്തുന്നില്ല. “നാവു പിഴച്ചാല്‍ ക്ഷമചോദിക്കുന്നതിനുള്ള മഹാമനസ്‌കതയെക്കുറിച്ച്‌” വി എസ്‌ അച്യുതാനന്ദനെ പഠിപ്പിക്കുന്ന മനോരമ മലര്‍ന്ന്‌ കിടന്ന്‌ മേല്‍പ്പോട്ട്‌ തുപ്പുകയാണിവിടെ.

മനോരമ വി എസ്‌ അച്യുതാനന്ദനെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുന്ന “മര്യാദയുടെ മാനദണ്ഡങ്ങള്‍” മനോരമക്കും കൂടി ബാധകമാകേണ്ടതില്ലേ? അതോ മനോരമ മാത്രം വിമര്‍ശനങ്ങള്‍ക്ക്‌ അതീതമാണോ? അച്യുതാനന്ദന്റെ പ്രസ്‌താവനയില്‍ ഇല്ലാത്ത അര്‍ത്ഥം കല്‍പിച്ച്‌ മുതലെടുക്കാന്‍ ശ്രമിക്കുന്നത്‌ ആരില്‍നിന്നുള്ള അച്ചാരം വാങ്ങിയിട്ടാണ്‌ എന്നതും വായനക്കാര്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഇ കെ നായനാരെ ഒറ്റതിരിച്ച്‌ മനോരമ വേട്ടയാടിയത്‌ എങ്ങിനെ ജനങ്ങള്‍ക്ക്‌ മറക്കാനാകും. നായനാരെ പോലെ ഒരു ജനനായകനെ കോമാളിയായി ചിത്രീകരിക്കാന്‍ മനോരമയുടെ താളുകള്‍ തുറന്നിട്ടു കൊടുത്തതിന്റെ ഉദാഹരണങ്ങള്‍ നിരത്താന്‍ ആയിരം നാവുള്ള അനന്തനു പോലും കഴിയില്ല. പോളിംഗ്‌ ബൂത്തില്‍ നായനാര്‍ വോട്ട്‌ രേഖപ്പെടുത്തിയപ്പോള്‍ ബാലറ്റ്‌ പരസ്യമായി ഉയര്‍ത്തിപ്പിടിച്ചുവെന്നാരോപിച്ച്‌ മനോരമ ഉയര്‍ത്തിവിട്ട കോലാഹലം എന്തു `മര്യാദയുടെ മാനദണ്ഡങ്ങള്‍’ മുന്‍നിര്‍ത്തിയായിരുന്നു?

മനോരമ തന്നെ നേരിട്ടു പരാതിയുമായി തിരഞ്ഞെടുപ്പുകമ്മീഷനെ സമീപിക്കുക പോലും ചെയ്‌തു. നായനാരുടെ പ്രതിഛായ തകര്‍ക്കാനുള്ള ക്വട്ടേഷന്‍ ആരാണ്‌ മനോരമയ്‌ക്കു നല്‍കിയിരുന്നത്‌? ഇഷ്‌ടമില്ലാത്ത ജനനേതാക്കളെയും പ്രസ്ഥാനങ്ങളെയും പത്രത്താളുകളിലൂടെ തേജോവധം ചെയ്യുകയെന്നത്‌ എക്കാലത്തും ഒരു അനുഷ്‌ഠാനം പോലെ പിന്തുടരുന്ന പത്രവും മനോരമ തന്നെ. വിശ്വപൗരന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഏക മലയാളിയായ വി കെ കൃഷ്‌ണമേനോന്‍ തിരുവനന്തപുരം ലോകസഭാ സീറ്റില്‍ മത്സരിച്ചപ്പോള്‍ മനോരമ അദ്ദേഹത്തിനെതിരെ നടത്തിയ വ്യക്തിഹത്യയും സമാനതകളില്ലാത്തതായിരുന്നു. കൃഷ്‌ണമേനോന്‍ ഇടതുപക്ഷത്തിന്റെ പിന്തുണ സ്വീകരിച്ച്‌ മത്സരിച്ചതായിരുന്നു മനോരമയുടെ കോപത്തിന്‌ കാരണം.

ആണവകരാര്‍ വിഷയത്തില്‍ മന്‍മോഹന്‍സിങിനെതിരെ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌ പ്രയോഗിച്ച ഉപമയെ ചൂണ്ടി അച്യുതാനന്ദനെ രാഷ്‌ട്രീയ മര്യാദ പഠിപ്പിക്കുന്ന മനോരമ അമര്‍സിംഗിന്റെ വിവാദ പ്രസ്‌താവനക്കു നേരെ എന്തുകൊണ്ടാണ്‌ കണ്ണടക്കുന്നത്‌. അച്യുതാനന്ദന്റെ നാവില്‍ നിന്ന്‌ എന്തെങ്കിലും വീണുകിട്ടുമ്പോള്‍ മാത്രം ഭാഷയുടെ സഭ്യതയെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുന്ന മനോരമ മര്യാദയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച പ്രസ്‌താവനയായി അതിനെ കാണാത്തത്‌ എന്തുകൊണ്ടാണ്‌. അതൊന്നും മനോരമക്ക്‌ പരാമര്‍ശ വിഷയം പോലുമല്ല. അമര്‍സിംഗിന്റെ വിവാദ പ്രസ്‌താവനയെ പൂഴ്‌ത്തിയത്‌ തന്നെ മനോരമയുടെ സദാചാര പ്രസംഗത്തിന്റെ മറനീക്കുന്നു. “സോണിയാ ഗാന്ധിയെ പ്രകാശ്‌ കാരാട്ട്‌ കാണാന്‍ പോയാല്‍ അത്‌ ആദ്യരാത്രി ആഘോഷിക്കാന്‍, ഞാന്‍ പോയാല്‍ അത്‌ അവരെ ആക്രമിക്കാന്‍” എന്നാണ്‌ ടെലിവിഷന്‍ ക്യാമറകള്‍ക്കുമുമ്പില്‍ ഒരു മറയുമില്ലാതെ അമര്‍സിംഗ്‌ വിളമ്പിയത്‌. മനോരമക്ക്‌ അമര്‍സിംഗ്‌ ഇപ്പോള്‍ മാലാഖയാണ്‌!

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മനോരമയുടെ പ്രധാന ഇര വി എസ്‌ അച്യുതാനന്ദനാണ്‌. 1959 ലെ വിമോചന സമരകാലത്ത്‌ ഇ എം എസ്‌ മന്ത്രിസഭയെ അട്ടിമറിക്കാന്‍ കേരളത്തില്‍ അമേരിക്കന്‍ ഡോളര്‍ കീശയിലാക്കിയവരുടെ പട്ടിക അച്യുതാനന്ദന്‍ നിരത്തിയതോടെയാണ്‌ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെക്കൂടി തേജോവധം ചെയ്യാന്‍ മനോരമ രംഗത്തിറങ്ങിയത്‌. ഒരു സഹജീവിയായ മാതൃഭൂമിയുടെ പത്രാധിപര്‍ക്ക്‌ നേരെ `ഏടോ ഗോപാലകൃഷ്‌ണാ, നിന്റെ കളി ഞങ്ങളോട്‌ വേണ്ടാ’ എന്ന്‌ ഒരു പൊതുയോഗത്തില്‍ പരസ്യമായി പിണറായി വിജയന്‍ ആക്രോശിക്കുന്നത്‌ ടെലിവിഷന്‍ ചാനലുകളില്‍ കണ്ട്‌ ജനങ്ങള്‍ ഞെട്ടിത്തരിച്ചിട്ടും മനോരമക്ക്‌ `സ്വന്തം സ്ഥാനത്തിനും പദവിക്കും യോജിക്കാത്ത വാക്കായി’ തോന്നുകയോ മാധ്യമങ്ങള്‍ക്കു നേരെയുള്ള ഈ ഭീഷണി മുളയിലെ നുള്ളണമെന്ന്‌ അവര്‍ എഴുതുകയോ ചെയ്‌തില്ല എന്നത്‌ അര്‍ത്ഥവത്താണ്‌.

12അഭിപ്രായങ്ങള്‍

  • ഞാനെന്തേ താങ്കളുടെ ബ്ലോഗ് നേരത്തേ കണ്ടില്ല?!

    നല്ല വിശകലനം; അഭിനന്ദനങ്ങള്‍…

  • ജനാധിപത്യപരമായി ജയിച്ചു വന്ന ഇ എം എസ്സ് സര്‍ക്കാരിനെ പണ്ട് സി ഐ എ-യുടെ കാശ് വാങ്ങി മറിച്ചിടാന്‍ നോക്കിയ മനോരമയുള്‍പടെയുള്ള മാദ്ധ്യമങ്ങളില്‍ നിന്നും അധികമൊന്നും മര്യാദ പ്രതീക്ഷിക്കരുത്.

  • “അമേരിക്കന്‍ പ്രസിഡന്റ്‌ ബുഷിന്റെ അഭീഷ്‌ടത്തിനു തുള്ളാത്ത ഇന്ത്യയിലെ ഇടതുപക്ഷ നേതാക്കളെ ഒന്നൊന്നായി വന്‍കിട മാധ്യമങ്ങള്‍ വേട്ടയാടുന്ന കാലമാണല്ലോ ഇത്‌. ”

    oo, so i guess left is not supporting china in this matter!!!

    first u read ur own post and then compare it to Manorama editorial and i think that may open up ur eyes a bit…

    PS: am not a manorama/ congress supporter, but i dont support left either. they just keep on telling some outdated ideals again and again..

  • മനോരമയോടു വലിയ പ്രതിപത്തിയൊന്നുമില്ലെന്നു ആദ്യമെ പറഞു കൊള്ളട്ടെ. എങ്കിലും മുന്‍പ്രസിഡന്റ് കൂടിയായിരുന്ന ഒരാളുടെ അഭിപ്രായത്തിനു മറുപടി പറയുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രിക്കു അല്‍പ്പം കൂടി മാന്യത ആവാമായിരുന്നു. സാക്ഷര കേര‍ളത്തിന്റെ മുഖ്യമന്ത്രിക്കു എ.പി.ജെയുടെ അറിവിനെയും, നാടുനന്നാവണം എന്നുള്ള ആഗ്രഹത്തേയുമെങ്കിലും മാനിക്കാമായിരുന്നു.

  • നല്ല ലേഖനം.

    മനോരമ ചാഞ്ഞോ ചെരിഞ്ഞോ വിടട്ടെ.

    കലാമെന്ന “വാണം വിടലു”കാരെനെയും അച്യുതാനന്ദനെയും ചേര്‍ത്തു നിര്‍ത്തി “ചൂസ് യുവര്‍ ഫേവറിറ്റ് പേര്‍സണ്‍ ഫ്രം ദീസ് റ്റൂ” എന്ന് ഒരു ശരാശരി ഭാരതീയനോടു ചോദിക്കുന്നുവെന്നു കരുതുക – ആരാവും തിരഞ്ഞെടുക്കപ്പെടുക?

    ഞാനാണെങ്കില്‍ തിരഞ്ഞെടുക്കുക കലാമിനെയാവും.

  • തനഷേ…

    മലയാള മനോരമയങ്കിലും ഇങ്ങനെ പ്രതികരിച്ചത്തില്‍ സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍. ലോകം മുഴുവന്‍ ഉള്ള ശാസ്ത്രകജ്ഞര്‍ ബഹുമാനിക്കുന്ന ഡോക്ട. എ. പി. ജെ. അബ്ദുള്‍ കലാം എന്ന മഹത് പുരുഷനെ പറ്റി 100% സാക്ഷരതകൈവരിച്ച സാക്ഷര കേരളത്തിന്റെ മുഖ്യമന്ത്രി ഇങ്ങനെ ഒരു ഡബിള്‍ മീനിങ് പ്രസ്താവന നടത്തിയത് തികച്ചും പരിതാപകരമായിപോയി. സ്വന്തം നാവുതന്നെ അദ്ദേഹത്തിന്റെ ശത്രു എന്ന പ്രസ്താവന ഒരിക്കല്‍കൂടി അന്വര്‍ത്ഥമാക്കി. റോക്കറ്റ് എന്നോ, മിസൈല്‍ എന്നോ കേട്ടാല്‍ ഇന്ന് കേരളത്തിലെ സാധാരണക്കാരന് മനസ്സിലാവില്ല എന്ന് തനേഷും പറയുന്നത് ഖേദകരമാണ്. റോക്കറ്റിനും മിസൈലിനും സാക്ഷര കേരളം “വാണം” എന്നാണ് പറയുന്നത് എന്നത് വെറും ന്യായീകരണം മാത്രമാണന്ന് തിരിച്ചറിയാന്‍ മാത്രം സാക്ഷരത കേരളത്തിലെ സാധാരണക്കാരനുണ്ട് എന്ന് അറിയുക. വീണിടത്ത് കിടന്ന് ഉരുണ്ടാല്‍ ദേഹത്ത് ചെളിപറ്റിക്കാമന്നേ ഉള്ളൂ. എന്നും വികസനത്തോട് മുഖം തിരിച്ചുനിന്നിട്ടേയുള്ളൂ കേരളത്തിലെ കമ്മ്യൂണിസം. പണ്ട് ട്രാക്ടര്‍ വന്നപ്പോഴും, കമ്പ്യൂട്ടറൈസേഷന്‍ വന്നപ്പോഴും എന്തിന് ഐ. ടി വ്യവസായത്തോടുപോലും എതിരുനിന്ന ഈ ജനസേവകന്‍ നാടിനെയോ, ജനങ്ങളെയോ അതോ സ്വന്തം പാര്‍ട്ടിയേയോ-സേവിക്കുന്നത്?

  • വി എസ്‌ അച്യുതാനന്ദന്‍ കലാമിനെ വെടിക്കെട്ടുകാരന്‍ എന്നു എവിടെയും പരാമര്‍ശിച്ചിട്ടില്ല. റോക്കറ്റ്‌ വിക്ഷേപിക്കുന്നയാള്‍ എന്ന വി എസിന്റെ പ്രയോഗത്തില്‍ മനോരമ വിഷം കലര്‍ത്തി വെടിക്കെട്ടുകാരനെന്നാക്കി! (from article)

    “ബാസ്റ്റര്‍ഡ്” എന്ന് വിളിച്ചിട്ട് ഞാന്‍ തന്തക്കുപിറക്കാത്തവന്‍ എന്ന് പറഞ്ഞിട്ടില്ല എന്നു പറയുമ്പോലെ ആണല്ലോ തനേഷേ..

    വി എസ്‌ ഈ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഉപയോഗിച്ചത്‌ സാധാരണക്കാരുടെ ഭാഷയാണ്‌: “ മേലോട്ട്‌ വാണം വിടുന്ന ആള്‍ മാത്രമാണ്‌ കലാം” എന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചതു മനോരമയ്‌ക്കു അസഭ്യം വിളിയായിട്ടാണ്‌ തോന്നിയത്‌ (from article)
    He can use these type of “common language” if he is a common man. But he is in a responsible position. He is the Chief minister of Kerala. So he should use polite language. If he used this langauage as a common man, the common meaning for “Vaanam” u should know. First u ask what is the meaning of Vaanam to any common persons. Then u can understand, this is the most irresponsible language ever spoken in the history of politics, from a person who is holding a responsible position.

  • ലോകത്തങ്ങോളമിങ്ങോളമുള്ള 36ല്‍ പരം യൂണിവേഴ്സിറ്റികള്‍ ഡോക്ടറേറ്റ് നല്‍കി ആദരിച്ച “വാണം വിടാന്‍ മത്രമറിയാവുന്ന” ഡോക്ട്. കലാമിനെയും, ശ്രീ. അച്ചുതാനന്ദനെയും ചേര്‍ത്തുനിര്‍ത്തി ഇന്ത്യയിലെ സാധാരണക്കരനുള്‍പ്പടെയുള്ള 100 കോടിയിലധികം വരുന്ന ഭാരതീയനോട് “ആരയാണ് നിങ്ങള്‍ക്ക് വേണ്ടത് എന്ന് ചോദിച്ചാല്‍” ഞങ്ങളുടെ കലാമിനെ എന്നാവും ഉത്തരം എന്നതില്‍ രണ്ടഭിപ്രായം ഉണ്ടാവുമോ തനേഷ്? ഇല്ല എന്നാണ് എന്റെ അഭിപ്രായം.

  • തനേഷ്‌ തമ്പി

    അബ്ദുള്‍ കലാമിന്റെ കഴിവിനെക്കുറിച്ചോ അദ്ദേഹത്തിന്റെ അറിവിനെക്കുറിച്ചോ യാതൊരു സംശയവും എനിക്കില്ല എന്നു വിനീതമായി പറയട്ടെ. എന്നാല്‍ ആണവകരാറിന്റെ അവസാനവാക്ക്‌ കലാം ആണെന്ന വാദത്തോട്‌ ശക്തമായി വിയോജിക്കുന്നു. ആണവരംഗത്തെ പന്ത്രണ്ടോളം പ്രഗത്ഭ ശാസ്‌ത്രജ്ഞര്‍ കരാറുമായി മുന്നോട്ടുപോകരുതെന്ന്‌ കാര്യകാരണസഹിതം സര്‍ക്കാരിന്‌ കത്തെഴുതിയിരുന്നത്‌ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. ആകെ ഒരു അബ്ദുള്‍കലാം മാത്രമാണ്‌ ഇന്ത്യയുടെ സമ്പത്തെന്ന വാദം പൊള്ളത്തരമാണ്‌.
    വി എസിനെ ന്യായീകരിക്കലല്ല എന്റെ ഉദ്ദേശം മറിച്ച്‌ മനോരമയുടെ അര്‍ഹതയെ ചോദ്യം ചെയ്യുക എന്നതാണ്‌.

  • abdhul kallam alla avasanvakku .but kalaminne polle oral vende…aruverum aru undu eppol undengil munpottu varatte ….kalam thirichu varanam …..ellengil pakaram oral thulinaya aal all adthinekkal kazhivulla oral…..

  • indiail oru scientist mathramalla ullathu kazhivulla ayirakkanakkinu scientistkalil oral mathramanu kalam.pinne manoramayude paramparyam savathine polum veruthe vidath kachavada pathra dharmamanalloo


ഒരു മറുപടി കൊടുക്കുക