പശ്ചിമബംഗാളും തസ്ലീമയും

വംഗദേശത്തിന്റെ ചതി
ഇസ്ലാം മതമൗലികവാദികളുടെ വധഭീഷണി ഉയര്‍ന്നപ്പോള്‍ തസ്ലീമ നസ്രീന്‌ അഭയമേകാന്‍ രംഗത്തുവന്നത്‌ പശ്ചിമബംഗാളാണ്‌. ഹൈന്ദവ തീവ്രവാദികളില്‍ നിന്ന്‌ രക്ഷതേടിയ ഗുജറാത്തിലെ കുത്തബുദ്ദീന്‍ അന്‍സാരിക്കും വംഗദേശത്ത്‌ ഇടമുണ്ടായിരുന്നു. വോട്ടുരാഷ്‌ട്രീയത്തിന്റെ ചെറിയചതുരത്തില്‍ നോക്കികാണേണ്ടവയല്ല ബംഗാളില്‍ നടന്നിരുന്ന ഇത്തരം സംഭവങ്ങള്‍. അഭയാര്‍ഥിക്ക്‌ ഇടം നല്‍കുകയും ഇരയെ വേട്ടക്കാരനില്‍ നിന്ന്‌ രക്ഷിക്കുകയും ചെയ്യുക എന്ന മഹത്തായ ഇടതുപക്ഷ സംസ്‌കാരത്തിന്റെ ഭാഗമായാണ്‌ അതിനെ കാണേണ്ടത്‌.

കുറച്ചുപേരുടെ അപ്രിയം ഉണ്ടാകുമെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഈ സാഹസത്തിന്‌ തുടര്‍ച്ചയായി മുപ്പത്‌ വര്‍ഷം സംസ്ഥാനം ഭരിക്കുന്ന കമ്യൂണിസ്റ്റ്‌ സര്‍ക്കാരുകള്‍ മുതിര്‍ന്നത്‌. ചെറിയ എതിര്‍പ്പുകളെ മാനവികതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രത്യയശാസ്‌ത്രം ഉപയോഗിച്ച്‌ അവര്‍ നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ എതിര്‍പ്പുള്ളവര്‍ പോലും അതു പ്രകടിപ്പിക്കാന്‍ മടിച്ചിരുന്നു.


ജാതീയതയും മതമൗലികവാദവും ശക്തമായ സ്വാധീനം ചെലുത്താറുള്ള വടക്കേ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പശ്ചിമബംഗാള്‍ വേറിട്ട സാന്നിധ്യമായിരുന്നു. മതതീവ്രവാദികളുടെ ഒരു സ്വാധീനത്തിനും വഴങ്ങാത്ത നിശ്ചയദാര്‍ഢ്യം ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ മതേതര ജനാധിപത്യ വിശ്വാസികളുടെയാകെ മനസിലെ വിഗ്രഹങ്ങളെ തച്ചുടച്ച്‌ പ്രശസ്‌ത എഴുത്തുകാരി തസ്ലീമ നസ്രീന്‍ കൊല്‍ക്കത്തയില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. ഏതു പ്രതിസന്ധിയിലും ഉലയരുതാത്ത ഇടതുപക്ഷം മതമൗലികവാദികളായ ആള്‍ക്കൂട്ടത്തിന്റെ ആക്രമണങ്ങള്‍ക്കു പിന്നില്‍ പകച്ചുപോകുന്നതും അഭയം നല്‍കിയ തസ്ലീമയെ ആട്ടിപ്പായിക്കുന്നതും ഞെട്ടലോടെ മാത്രമെ കാണാന്‍ സാധിക്കൂ.


നവംബര്‍ 21 ന്‌ ആള്‍ ഇന്ത്യ മൈനോറിറ്റി ഫോറവും ഫുള്‍ഫുറാ ഷെരീഫ്‌ മുസാദെദ്ദിയ ആനത്ത്‌ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച മൂന്നു മണിക്കൂര്‍ ബന്ദ്‌ കൊല്‍ക്കത്തയില്‍ കലാപമായി മാറുകയുണ്ടായി. നന്ദ്രിഗ്രാം പ്ലക്കാര്‍ഡുകള്‍ക്കു മറവില്‍ തസ്ലീമയെ നാടുകടത്തുക, വിസ റദ്ദു ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ്‌ ഇക്കൂട്ടര്‍ കൊല്‍ക്കത്തയെ കലാപഭൂമിയാക്കിയത്‌.

നന്ദിഗ്രാമിന്റെ ഊര്‍ജമാണ്‌ മുസ്ലീം മതമൗലികവാദികളെ പൊടുന്നനെ തസ്ലീമക്കെതിരെ തിരിയാന്‍ ധൈര്യപ്പെടുത്തിയത്‌. കാലങ്ങളായി തസ്ലീമ ബംഗാളിലുണ്ട്‌. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്കപ്പുറത്ത്‌ സംഘടിതമായ പ്രക്ഷോഭത്തിന്‌ ബംഗാളില്‍ ഇടമുണ്ടായിരുന്നില്ല. എന്നാല്‍ നന്ദ്രിഗ്രാം സംഭവത്തില്‍ പ്രതിരോധത്തിലായ സംസ്ഥാന സര്‍ക്കാരിന്റേയും ഇടതുമുന്നണിയുടേയും നിസ്സഹായത പരമാവധി ചൂഷണം ചെയ്‌തും നന്ദിഗ്രാമിന്റെ മറവില്‍ വളര്‍ത്തിയെടുത്ത അപകടകരമായ മതവിഭാഗീയ ചിന്താഗതി ഫലപ്രദമായി ഉപയോഗിച്ചുമാണ്‌ തസ്ലീമയ്‌ക്കെതിരായ മുദ്രാവാക്യങ്ങള്‍ കൊല്‍ക്കത്തയില്‍ മുഴങ്ങിയത്‌. അത്ഭുതകരമായ വസ്‌തുത കൊല്‍ക്കത്ത കലാപത്തെ നേരിടാന്‍ കെല്‍പില്ലാതെ ബംഗാള്‍ സര്‍ക്കാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി എന്നതാണ്‌. ഇതിന്റെ ഉദാഹരമാണ്‌ കേന്ദ്രത്തോട്‌ ഉടന്‍ പട്ടാളത്തെ ആവശ്യപ്പെട്ട ബംഗാള്‍ മുഖ്യമന്ത്രിയുടെ നടപടി.
കേരളമെന്നതുപോലെ മതസൗഹാര്‍ദത്തിന്റെ ഉദാത്തപ്രതീകമായിരുന്നു ബംഗാള്‍.

വേട്ടയാടപ്പെടുന്നവര്‍ക്കുള്ള അഭയസ്ഥാനമായി ഇടതുപക്ഷത്തിനു കീഴിലുള്ള ഈ സംസ്ഥാനം ചരിത്രത്തില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ അഭയാര്‍ഥികളായെത്തിയ ഇരകളെ വേട്ടക്കാരന്റെ സമീപത്തേക്ക്‌ ആട്ടിയോടിക്കുന്ന ചതിയന്‍മതേ ഭീരുക്കളോ ആയാണ്‌ ഇപ്പോള്‍ ബംഗാള്‍ ലോകമനസാക്ഷിക്കുമുന്നില്‍ നില്‍ക്കുന്നത്‌.

സിംഗൂരും നന്ദിഗ്രാമും മാത്രമാണ്‌ സര്‍ക്കാരേതര സമരസംഘടനകള്‍ക്കും മതമൗലിക തീവ്രവാദികള്‍ക്കും മാവോ നക്‌സല്‍ തീവ്രവാദികള്‍ക്കും ബംഗാളിന്റെ മണ്ണില്‍ ചുവടുറപ്പിക്കാന്‍ ഇടം നല്‍കിയത്‌. ആ അല്‍പമണ്ണില്‍ ഉറച്ചുനിന്നാണ്‌ അരാഷ്‌ട്രീയവും മതവികാരങ്ങളാല്‍ പ്രക്ഷുബ്‌ധവുമായ ജനക്കൂട്ടത്തെ ഇക്കൂട്ടര്‍ രൂപപ്പെടുത്തിയത്‌. നിലപാടുകളിലെ കാര്‍ക്കശ്യമല്ല, വിട്ടുവീഴ്‌ചകളും സമവായങ്ങളുമാണ്‌ സിപിഎമ്മിലെ പുത്തന്‍കൂറ്റുകാര്‍ക്ക്‌ പ്രിയങ്കരം.
ഇടതുപക്ഷത്തിന്റെ കരുത്തും നട്ടെല്ലും ആത്മാഭിമാനവും പണയപ്പെടുത്തിയാണ്‌ ഇടതു മുന്നണി കണ്‍വീനര്‍ ബിമന്‍ബസു ബംഗാള്‍ വിട്ടുപോകണമെന്ന്‌ തസ്ലീമയോട്‌(പിന്നീട്‌ മലക്കം മറിഞ്ഞെങ്കിലും)ആവശ്യപ്പെട്ടത്‌. ലോകമെമ്പാടും ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന, വികാരമായി കൊണ്ടുനടക്കുന്ന, പ്രത്യാശയോടെ നോക്കിക്കാണുന്ന ജനസഹസ്രങ്ങള്‍ ഹൃദയവേദനയോടെയാണ്‌ ആ ആവശ്യത്തെ കേട്ടത്‌. തുടര്‍ന്ന്‌ ബംഗാള്‍ പോലീസ്‌ തസ്ലീമയെ രാജസ്ഥാനിലെ ജയ്‌പൂരില്‍ കൊണ്ടുവിട്ടു. ആള്‍ ഇന്ത്യ മില്ലി കൗണ്‍സിലിന്റെ കണ്ണുരുട്ടലില്‍ മുട്ടുവിറച്ച രാജസ്ഥാന്‍ സര്‍ക്കാര്‍ അവരെ രായ്‌ക്കുരാമാനം ദല്‍ഹിയിലെത്തിച്ചു. തനിക്ക്‌ കൊല്‍ക്കത്തിയലേക്ക്‌ മടങ്ങണമെന്നാണ്‌ തസ്ലീമ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. വരാം, ആരും തടയുന്നില്ലെന്ന്‌ ബുദ്ധദേവും. ദല്‍ഹിയിലെത്തിയ അവര്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഏതോ അജ്ഞാത കേന്ദ്രത്തിലാണത്രേ.

തസ്ലീമലയെ രാജ്യത്തു നിന്ന്‌ പുറത്താക്കണമെന്ന്‌ `സെക്കുലര്‍’ പാര്‍ട്ടിയും കേന്ദ്രമന്ത്രിസഭയിലെ പങ്കാളിയുമായ മുസ്ലീം ലീഗ്‌ പ്രഖ്യാപിച്ചു. കോണ്‍ഗ്രസാവട്ടെ തസ്ലീമയുടെ സംരക്ഷകരാവാന്‍ മത്സരം തുടങ്ങി. പ്രഖ്യാപനങ്ങളുടെ പെരുമഴയും പെയ്‌തിറങ്ങി. എം എഫ്‌ ഹുസൈനെ ഇന്ത്യയില്‍ നിന്ന്‌ കെട്ടുകെട്ടിച്ച ബി ജെ പിയാവട്ടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി തൊണ്ടപൊട്ടിച്ചു.

പലായനത്തിന്റെ പുതിയ ആധ്യായം
നിരന്തരമായ വേട്ടയാടലുകളുടെ നാടുകടത്തലുകളുടെ ആട്ടിപ്പായിക്കലുകളുടെ അധ്യായങ്ങളാണ്‌ തസ്ലീമാ നസ്രീന്‍ എന്ന ബംഗ്ലാദേശുകാരിയുടെ ജീവിതമാകെ. എഴുതിയ കൃതിയില്‍ പ്രവാചക നിന്ദയുണ്ടെന്ന്‌ ആരോപിച്ച്‌ തസ്ലീമയെ വധിക്കാന്‍ 13 വര്‍ഷം മുമ്പാണ്‌ ഫത്‌വ പുറപ്പെടുവിച്ചത്‌. അന്നുതുടങ്ങിയ പ്രവാസമാണ്‌ എങ്കിലും ജന്മനാടിനോട്‌ അടുത്തുകിടക്കുന്ന അല്ലെങ്കില്‍ ഒരു പക്ഷെ ജന്മനാടിന്റെ ഭാഗമായ പശ്ചിമബംഗാളില്‍ അഭയം ലഭിച്ചപ്പോള്‍ അവര്‍ക്ക്‌ നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു. പശ്ചാത്യരാജ്യങ്ങളിലെവിടെ വേണമെങ്കിലും കുടിയേറാന്‍ അവസരമുണ്ടായിട്ടും വംഗദേശം തെരഞ്ഞെടുത്തത്‌ സ്വന്തം നാടിനോടുള്ള അദമ്യമായ ഗൃഹാതുരത ഒന്നുകൊണ്ടു മാത്രമായിരിക്കണം.

ഇന്ത്യയിലെയും പുറത്തെയും വിവിധ ഇസ്ലാമിക ഫാസിസ്റ്റ്‌ സംഘടനകള്‍ തസ്ലീമയുടെ തലയ്‌ക്ക്‌ ഇട്ടിരിക്കുന്ന വില രേഖപ്പെടുത്താനാവുന്നതിലും അധികമാണ്‌. 2007 മാര്‍ച്ചില്‍ ഇന്ത്യയുടെ മതേതരഭരണഘടന അനുസരിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട ഉത്തര്‍പ്രദേശിലെ മന്ത്രി യാക്കൂബ്‌ ഖുറേഷി മാത്രം അവരുടെ തലയ്‌ക്ക്‌ അഞ്ച്‌ ലക്ഷം രൂപയാണ്‌ വിലയിട്ടത്‌.
2007 ഓഗസ്റ്റ്‌ ഒമ്പതാം തീയതി ഹൈദരാബാദ്‌ പ്രസ്‌ക്ലബില്‍ ഒരു പുസ്‌തക പ്രകാശന ചടങ്ങിനിടെ തസ്ലീമ അക്രമിക്കപ്പെട്ടു. മജ്‌ലിസ്‌ ഇത്തെഹാബുള്‍ മുസ്ലീമിന്‍ എന്ന സംഘടനയാണ്‌ ആക്രമണം നടത്തിയത്‌. തെരഞ്ഞെടുത്ത മൂന്ന്‌ നരേറ്റര്‍ ആക്രമണത്തിന്‌ നേതൃത്വം നല്‍കി.

1962ല്‍ കിഴക്കന്‍ പാകിസ്‌താനിലെ മൈമെന്‍സിംഗ്‌ എന്ന മുസ്ലീം കുടുംബത്തിലാണ്‌ തസ്ലീമയുടെ ജനനം. 1971ല്‍ രാഷ്‌ട്രവിഭജനത്തോടെ ഈ പ്രദേശം ബംഗ്ലാദേശിലായി. മതപരമായി കടുത്ത യാഥാസ്‌ഥിതികമായ ചുറ്റുപാടിലാണ്‌ അവര്‍ വളര്‍ന്നത്‌. കുട്ടിക്കാലം മുതലെ ശാസ്‌ത്രവിഷയങ്ങളേക്കാള്‍ കവിതകളുടെയും കഥകളുടെയും ലോകമായിരുന്നു തസ്ലീമയ്‌ക്ക്‌ പ്രിയപ്പെട്ടത്‌. സാഹിത്യ മാസികകളില്‍ കവിതകള്‍ എഴുതിക്കൊണ്ട്‌ 15ാം വയസിലാണ്‌ അവര്‍ സാഹിത്യ ലോകത്ത്‌ സജീവമായത്‌.

1978 മുതല്‍ 83 കാലഘട്ടത്തില്‍ സെന്‍ജുതി എന്ന സാഹിത്യ മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. 1984ല്‍ മെഡിക്കല്‍ ബിരുദം നേടി. മെഡിക്കല്‍ കോളേജിലെ പഠനകാലത്ത്‌ സാംസ്‌കാരിക സാഹിത്യ മണ്‌ഡലങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. മെഡിക്കല്‍ ബിരുദം നേടിയശേഷം എട്ടുവര്‍ഷത്തോളം സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തിച്ചു. 1986ല്‍ ആദ്യ പുസ്‌തകം പ്രസിദ്ധീകരിച്ചു. പിന്നീട്‌ സ്‌ത്രീപക്ഷ നിലപാടുകളുമായി അവര്‍ വാര്‍ത്താമാധ്യമങ്ങളില്‍ കോളമെഴുത്തുകാരിയായി. സ്‌ത്രീകളെ അടിച്ചമര്‍ത്തുന്ന മതസാമുദായിക സമ്പ്രദായങ്ങളെയും സാംസ്‌കാരികതയെയും അവര്‍ ചോദ്യം ചെയ്‌തു. ശക്തമായ ഭാഷയും അചഞ്ചലമായ നിലപാടുകളും അവര്‍ക്ക്‌ വായനക്കാരേക്കാളേറെ ശത്രുക്കളെയാണ്‌ സൃഷ്‌ടിച്ചത്‌.

1992ല്‍ `നിര്‍ബചിതോ കോളം’ (selected coloums) എന്ന പുസ്‌തകത്തിന്‌ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ആനന്ദ പുരസ്‌കാരം അവരെ തേടിയെത്തി. 1990കളുടെ ആരംഭത്തോടെയാണ്‌ ഇസ്ലാമിക മതമൗലികവാദികള്‍ തസ്ലീമക്കെതിരെ പ്രചരണം ആരംഭിക്കുന്നത്‌. അവരുടെ കോളങ്ങള്‍ നിര്‍ത്തുന്നതിന്‌ പത്രസ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും എഡിറ്റര്‍മാര്‍ക്കും മേല്‍ സമ്മര്‍ദ്ദമുണ്ടായി. അസഹിഷ്‌ണുത വളര്‍ന്ന്‌ വളര്‍ന്ന്‌ പലതവണ പൊതുവേദികളില്‍ അക്രമിക്കപ്പെടുന്ന സ്ഥിതി വരെ സംജാതമായി. ഏറെ ഇഷ്‌ടപ്പെട്ടിരുന്ന പുസ്‌തകപ്രദര്‍ശന വേദികളില്‍ പോലും പങ്കെടുക്കാനാവാത്ത അവസ്ഥയായി തസ്ലീമയ്‌ക്ക്‌ ബംഗാളില്‍. 1993ല്‍ ഇസ്ലാം സോള്‍ജിയേഴ്‌സ്‌ ഇസ്ലാമിക തീവ്രവാദി സംഘടന ഇവരുടെ തലയ്‌ക്ക്‌ വിലയിട്ടുകൊണ്ട്‌ ഒരു ഫത്വ പുറപ്പെടുവിച്ചു.

ഇക്കാലയളവില്‍ ധാക്ക മെഡിക്കല്‍ കോളേജില്‍ ഡോക്‌ടറായി ജോലി നോക്കിക്കൊണ്ടിരുന്ന തസ്ലീമയോട്‌ എഴുത്തു നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ജോലി നഷ്‌ടപ്പെടുമെന്ന്‌ ഭീഷണിപ്പെടുത്തി. ഈ സമയത്തെല്ലാം ബംഗ്ലാദേശിലെയും പശ്ചിമബംഗാളിലെയും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്‌തകങ്ങള്‍ തസ്ലീമയുടേതായിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.
1994ല്‍ `ലജ്ജ’ എന്ന നോവല്‍ പ്രസിദ്ധീകരിച്ചതോടെ അവര്‍ക്ക്‌ ജന്മദേശം വിടേണ്ടി വന്നു. ഈ സമയത്ത്‌ സര്‍ക്കാര്‍ ലജ്ജ നിരോധിച്ചു. ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയതായി കാണിച്ച്‌ തസ്ലീമയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചു. സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന വിവിധ രാജ്യങ്ങളും സാഹിത്യകാരന്‍മാരും ബുദ്ധിജീവികളും തസ്ലീമയ്‌ക്കു വേണ്ടി ശബ്‌ദമുയര്‍ത്തി. കടുത്ത സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന്‌ രാജ്യം വിട്ടുപോകാമെന്ന ഉറപ്പില്‍ അവര്‍ക്ക്‌ ജാമ്യം അനുവദിക്കപ്പെട്ടു.

ആദ്യം ഇന്ത്യയിലും പിന്നീട്‌ സ്വീഡനിലുമായി അഭയം തേടിയ അവര്‍ 1998ല്‍ രോഗം മൂത്ത്‌ ഗുരുതരാവസ്ഥയിലായ മാതാവിനെ കാണാന്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ബംഗ്ലാദേശിലെത്തി. ഒരു സ്‌ത്രീക്ക്‌ ലഭിക്കേണ്ട കേവലമായ മനുഷ്യാവകാശങ്ങള്‍ പോലും ചവുട്ടിമെതിക്കപ്പെട്ട കാഴ്‌ചകളായിരുന്നു ബംഗ്ലാദേശില്‍ കണ്ടത്‌. മതമൗലികവാദികള്‍ തസ്ലീമയുടെ രക്തത്തിനു വേണ്ടി മുറവിളികൂട്ടി.

യാഥാസ്ഥിതിക മുസ്ലീമായി ജീവിച്ച തസ്ലീമയുടെ മാതാവ്‌ മരിച്ചപ്പോള്‍ അവര്‍ക്ക്‌ ഉചിതമായ ശവസംസ്‌കാരം പോലും നിഷേധിക്കപ്പെട്ടു. ആഴ്‌ചകള്‍ക്കകം രാജ്യം വിട്ടുപോകാന്‍ തസ്ലീമയ്‌ക്കുമേല്‍ സമ്മര്‍ദ്ദമേറി. രോഗാതുരനായ പിതാവിനെ കാണാന്‍ പോലും അവരെ അനുവദിച്ചില്ല.

ബംഗാളിയില്‍ കവിത, ചെറുകഥ, ലേഖനങ്ങള്‍, നോവലുകള്‍ എന്നിങ്ങനെ 28ഓളം പുസ്‌തകങ്ങള്‍ അവര്‍ രചിച്ചു. 20ഓളം വ്യത്യസ്‌ത ഭാഷകളിലേക്ക്‌ അവ വിവര്‍ത്തനം ചെയ്യപ്പെട്ടു. അടുത്ത കാലത്തായി അവരുടെ മൂന്ന്‌ പുസ്‌തകങ്ങള്‍ ബംഗ്ലാദേശ്‌ കോടതി നിരോധിച്ചു. അമര്‍ മെയ്‌ബേല ( My girlhood),ഉതോല്‍ ഹവാ (Wild wind), സെയ്‌ശോഭ്‌ ഓന്തക്കോര്‍ (Those dark days) എന്നിവയാണ്‌ അവ.

അടുത്തകാലത്തായി അവരുടെ അത്മകഥയുടെ മൂന്നാംഭാഗം കോ ( speak up) പുറത്തിറങ്ങിയപ്പോള്‍ അത്‌ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ബംഗ്ലാദേശിലെയും ബംഗാളിലെയും ബുദ്ധിജീവികളും സാഹിത്യകാരന്‍മാരും കോടതിയിലെത്തി. ഇക്കൂട്ടര്‍ കഥാപാത്രങ്ങളായ പല രഹസ്യങ്ങളും പച്ചയായി പുസ്‌തകത്തില്‍ രേഖപ്പെടുത്തിയതാണ്‌ അവരെ പ്രകോപിപ്പിച്ചത്‌. ഇതിനിടെ മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച്‌ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുസ്‌തകം നിരോധിച്ച നടപടിയെ രണ്ടു വര്‍ഷം നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ കോടതി റദ്ദ്‌ ചെയ്‌തു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിജയം എന്നാണ്‌ ഇതേക്കുറിച്ച്‌ തസ്ലീമ പ്രതികരിച്ചത്‌.

അങ്ങനെയങ്ങനെ സംഭവബഹുലമായ ഒരു ജീവിതചരിത്രത്തിലൂടെയാണ്‌ തസ്ലീമ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌. ജന്മനാട്ടിലെ മണ്ണിന്റെ ഗന്ധം ഹൃദയത്തോട്‌ ചേര്‍ത്ത്‌ പിടിക്കാനാഗ്രഹിച്ചുകൊണ്ടാണ്‌ അപമാനങ്ങള്‍ക്കെല്ലാം ഒടുവിലും `കൊല്‍ക്കത്തയിലേക്ക്‌ തന്നെ മടങ്ങണം’ എന്ന്‌ അവര്‍ പറയുന്നത്‌.

Advertisements

3അഭിപ്രായങ്ങള്‍

Filed under വിമര്‍ശനം, വിശകലനം

3 responses to “പശ്ചിമബംഗാളും തസ്ലീമയും

  1. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. തസ്ലിമക്ക് കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിക്കുന്നു.

  2. തനേഷ്‌ തമ്പി

    എഴുത്തുകാരി എന്നതിലുപരി തസ്ലീമ നീതി നിഷേധിക്കപ്പെട്ട്‌ ഇരകളാകുന്ന കോടിക്കണക്കിന്‌ സ്‌ത്രീകളില്‍ ഒന്നാണ്‌

  3. തസ്ലീമയ്ക്ക് അഭയവും ഇന്ത്യന്‍ പൌരത്വവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം . അത് നമ്മുടെ മതേതരമൂല്യങ്ങളെ ബലപ്പെടുത്തും .

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )