മുല്ലപ്പെരിയാര്‍ വ്യവഹാരം ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍

ഓസ്‌ട്രേലിയയിലെ ഓള്‍ഡ്‌ വിക്‌ടോറിയ ഡാമും കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാമും തമ്മില്‍ നിരവധി വിഷയങ്ങളില്‍ (നിര്‍മ്മിച്ച കാലഘട്ടവും നിര്‍മ്മാണ സങ്കേതങ്ങളും ഉള്‍പ്പെടെ) സമാനതകളുണ്ട്‌. മുല്ലപ്പെരിയാറില്‍ കണ്ടെത്തിയ തരത്തിലുള്ള വിള്ളലുകള്‍ 1964ല്‍ തന്നെ വിക്‌ടോറിയ ഡാമിലും കണ്ടെത്തിയിരുന്നു. അധികൃതര്‍ ഈ വിള്ളലുകള്‍ മറികടക്കുന്നതിന്‌ കോണ്‍ക്രീറ്റ്‌ സ്ലാബുകള്‍ ഉപയോഗിച്ച്‌ ഡാം ശക്തിപ്പെടുത്താന്‍ ശ്രമിച്ചു.

ഇതാണ്‌ മുല്ലപ്പെരിയാറിലും ചെയ്‌തത്‌. എന്നാല്‍ 1988ല്‍ നടത്തിയ പഠനത്തിലൂടെ ഈ ശക്തികൂട്ടലൊന്നും ഉപകാരപ്പെട്ടില്ലെന്നും ഓള്‍ഡ്‌ വിക്‌ടോറിയ ഡാം സുരക്ഷാ നിലവാരം പുലര്‍ത്തുന്നില്ലെന്നും മനസിലാക്കിയ അധികാരികള്‍ 1990 ഏപ്രിലില്‍ ഈ ഡാമിനെ ഡീ കമ്മീഷന്‍ ചെയ്‌തു. ജനങ്ങളുടെ സുരക്ഷയെക്കരുതിയായിരുന്നു ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്‌. സമാനമായ സ്ഥിതിവിശേഷമാണ്‌ മുല്ലപ്പെരിയാറിലും നിലനില്‍ക്കുന്നതെങ്കിലും കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണി സര്‍ക്കാരുകള്‍ അതേക്കുറിച്ച്‌ നിലവിളിച്ചും പരിതപിച്ചും കാലം കഴിക്കുകയായിരുന്നു ഇതുവരെ.

എന്നാല്‍ വി എസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ വിഷയത്തില്‍ കേരളത്തിനനുകൂലമായ നേരിയ തീരുമാനമെങ്കിലും കേന്ദ്രസര്‍ക്കാരിന്റെയോ സുപ്രീം കോടതിയുടെയോ ഭാഗത്തു നിന്ന്‌ നേടിയെടുക്കാനായിരിക്കുന്നു. കുറ്റപ്പെടുത്തലുകളോ ആരോപണ പ്രത്യാരോപണങ്ങളോ നിസംഗതയോ അല്ല ഇത്തരമൊരു വിഷയത്തില്‍ ഭരണകൂടത്തിനു വേണ്ടതെന്നും പ്രവര്‍ത്തിക്കുക എന്നതു മാത്രമാണെന്നും കേരളത്തിലെ പുതിയ സര്‍ക്കാര്‍ തെളിയിക്കുന്നു. ഇനിയൊരിക്കലും തുറക്കാനാവില്ലെന്നു കരുതിയ കേസാണ്‌ സുപ്രീം കോടതി വീണ്ടും പരിഗണനക്കെടുക്കുന്നത്‌.

ഇനിയൊരിക്കലും കേള്‍ക്കില്ലെന്ന്‌ പറഞ്ഞ വാദമാണ്‌ അവര്‍ കേള്‍ക്കാനൊരുങ്ങുന്നത്‌. ഒരു ചര്‍ച്ചക്കും വരില്ലെന്ന്‌ പറഞ്ഞ തമിഴ്‌നാടുമായാണ്‌ കേരളം പലവട്ടം ചര്‍ച്ചകള്‍ നടത്തിയത്‌. രാഷ്‌ട്രീയ ഇഛാശക്തിയും ആത്മാര്‍ഥതയും ഉണ്ടെങ്കില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാകും എന്നതിന്റെ ഉദാഹരണമാണ്‌ മുല്ലപ്പെരിയാര്‍ ഡാമിന്റെ വിഷയത്തില്‍ ഈ സര്‍ക്കാരിന്റെ നടപടികള്‍.

വിഭാഗീയതയും വിഴുപ്പലക്കും വിവാദങ്ങളും മാത്രം മുഖ്യധാരാ മാധ്യമങ്ങളുടെ ഇഷ്‌ടവിഷയങ്ങളാവുമ്പോള്‍ സര്‍ക്കാരിന്റെ ചെറുതെങ്കിലും ഏറെ ശ്രദ്ധേയമായ ഈ നേട്ടം വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. വികസനത്തിന്‌ സര്‍ക്കാര്‍ എതിരുനില്‍ക്കുന്നുവെന്നും സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമല്ലെന്നും വിലപിക്കുന്ന മാധ്യമങ്ങള്‍ വിമര്‍ശനത്തോടൊപ്പം നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ തുനിയുന്നില്ല. എവിടെയും വിവാദങ്ങളിലാണ്‌ അവരുടെ നോട്ടം. എന്നാല്‍ അങ്ങനെ മൂടിവെക്കേണ്ട നേട്ടമല്ല മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‌ ഉണ്ടായിരിക്കുന്നത്‌.

വിക്‌ടോറിയാ ഡാമിന്റെയും, സുരക്ഷിതമെന്ന്‌ വിദഗ്‌ധര്‍ വിധിയെഴുതി ആഴ്‌ചകള്‍ക്കകം പൊട്ടിത്തകര്‍ന്ന ഡാമുകളുടെയും ചരിത്രവുമായാണ്‌ പുതിയ സര്‍ക്കാര്‍ തമിഴ്‌നാടിനെയും കേന്ദ്ര സര്‍ക്കാരിനെയും സുപ്രീം കോടതിയെയും സമീപിച്ചത്‌. സാങ്കേതികതകള്‍ക്കും കണക്കുപുസ്‌തകങ്ങള്‍ക്കും അപ്പുറത്ത്‌ ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള ഭീഷണിയെക്കുറിച്ചാണ്‌ കേരളം സംസാരിച്ചത്‌. ഡാം പൊട്ടിയാല്‍ നശിക്കാന്‍ പോകുന്ന അഞ്ചു ജില്ലകള്‍, 35 ലക്ഷം ജനങ്ങള്‍, അവരുടെ സ്വത്ത്‌…ഇത്‌ തന്ത്രപരമായ ഒരു സമീപനം ആയിരുന്നു.

അതിന്റെ പരിണിതിയാണ്‌ മുല്ലപ്പെരിയാര്‍ ജനകീയ പ്രശ്‌നമായും ദേശീയ പ്രശ്‌നമായും വളര്‍ന്നുവന്നത്‌. വിഷയത്തിന്റെ ഗൗരവം എല്ലാവരെയും ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തിനായി. കേരളവും തമിഴ്‌നാടും തമ്മില്‍ മുഖ്യമന്ത്രി തലത്തിലും മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമെല്ലാം തുടരെത്തുടരെ ചര്‍ച്ചകള്‍ നടന്നു. രണ്ടു മാസത്തിനകം തന്നെ വീണ്ടും ഇരുസംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്താമെന്ന്‌ തമിഴ്‌നാട്‌ സമ്മതിച്ചിട്ടുണ്ടെന്നുള്ളതാണ്‌ അവസാനത്തെ വാര്‍ത്ത.

ഭരണപരവും ഉദ്യോഗസ്ഥ തലത്തിലുമുണ്ടായ കെടുകാര്യസ്ഥതയുടെയും രാഷ്‌ട്രീയ ഇഛാശക്തിയില്ലായ്‌മയുടെയും അനന്തരഫലമായാണ്‌ കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ കോടതികളില്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങിയത്‌. അന്ന്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രശ്‌നം ജനകീയവത്‌കരിക്കുന്നതിനും മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും പ്രധാന പങ്കുവഹിച്ച ആളാണ്‌ പ്രതിപക്ഷ നേതാവായിരുന്ന വി എസ്‌ അച്യുതാനന്ദന്‍. കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കുന്നതിനായി ഒറ്റക്കും അന്നത്തെ ജലവിഭവ മന്ത്രിമാര്‍ക്കൊപ്പവും പലതവണ മുല്ലപ്പെരിയാര്‍ ഡാം അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.

തമിഴ്‌നാടിന്റെ വാദങ്ങളിലെ പൊള്ളത്തരങ്ങളെയും കേരളത്തിലെ യു ഡി എഫ്‌ സര്‍ക്കാരിന്റെ കാര്യപ്രാപ്‌തിയില്ലായ്‌മയെയും അദ്ദേഹം നിരന്തരം അക്രമിച്ചിരുന്നു. ഒരു വലിയ രാഷ്‌ട്രീയ സമസ്യയായി മുല്ലപ്പെരിയാര്‍ പ്രശനം മാറി.

മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്‌ പരമാധികാരം സ്ഥാപിച്ചുകിട്ടിയ സാഹചര്യത്തിലായിരുന്നു ഇടതു സര്‍ക്കാരിന്റെ രംഗപ്രവേശനം. ലോക്‌സഭയിലെ മികച്ച പാര്‍ലമെന്റേറിയനായി പേരെടുത്തിരുന്ന എന്‍ കെ പ്രേമചന്ദ്രനായിരുന്നു ജലവിഭവ മന്ത്രി. ഈസമയത്താണ്‌ താന്നിക്കുഴി, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ ഭൂചലനം ഉണ്ടായതും അതിനെ ദേശീയ പ്രാധാന്യമുള്ള വിഷയമാക്കി മാറ്റുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചതും. മുല്ലപ്പെരിയാര്‍ ഡാം വിദഗ്‌ധരെ കൊണ്ട്‌ പരിശോധിപ്പിക്കുകയും അപകടാവസ്ഥയിലാണെന്ന്‌ റിപ്പോര്‍ട്ട്‌ ലഭിക്കുകയും ചെയ്‌തു.

സംഭവബഹുലമായ കാലമായിരുന്നു അത്‌. ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും നടുവിലായി അഞ്ചു ജില്ലകളിലെ ജനങ്ങള്‍. വിദഗ്‌ധസംഘത്തിന്റെ പരിശോധനയില്‍ ഡാമില്‍ വിള്ളലുകള്‍ കണ്ടെത്തി. കേന്ദ്ര സേനയെ വിന്യസിക്കണമെന്ന്‌ തമിഴ്‌നാട്‌ വാശിപിടിച്ചു.

നാവികസേനയെകൊണ്ട്‌ ഡാമിന്റെ ബലക്ഷയം പരിശോധിക്കാനുള്ള കേരളത്തിന്റെ നീക്കം തമിഴ്‌നാട്‌ സര്‍ക്കാര്‍ തടഞ്ഞു. ഇതിനു പുറമെ അതിര്‍ത്തികളില്‍ ഉപരോധം, ബന്ദ്‌, ഹര്‍ത്താല്‍….അതുവരെ ജലം വിട്ടുകൊടുക്കാനുള്ള കേരളത്തിന്റെ താല്‍പര്യമില്ലായ്‌മയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന നിലപാടില്‍ നിന്ന്‌ ദേശിയ മാധ്യമങ്ങള്‍ മാറി. ലക്ഷക്കണക്കിന്‌ വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച്‌ അവര്‍ വാര്‍ത്തകള്‍ നല്‍കി. ഇതിനിടെ മുല്ലപ്പെരിയാറില്‍ കേരളം പോലീസ്‌ സംരക്ഷണം വര്‍ധിപ്പിക്കുകയും ഡാം ഓഫീസ്‌ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി കാര്യക്ഷമമാക്കുകയും ചെയ്‌തു.

കേരളത്തിന്റെ വാദമുഖങ്ങളെ മുഖവിലക്കെടുത്ത സുപ്രീം കോടതി ഒരിക്കല്‍ വിധിപ്രഖ്യാപിച്ച കേസായിരുന്നിട്ടുകൂടി ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്‌ത്‌ പ്രശ്‌നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടു. അതാണ്‌ കേരളം നേടിയ ആദ്യത്തെ വിജയം. നേരത്തെ വിധി പ്രഖ്യാപിച്ച അതേ ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്‌ തന്നെയാണ്‌ ഈ പരാമര്‍ശവും നടത്തിയത്‌. ഈ വ്യത്യാസം മാത്രം പരിശോധിച്ചാല്‍ മതി രണ്ടു സര്‍ക്കാരുകള്‍ തമ്മിലുള്ള ദൂരം അളക്കാന്‍.

മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ മുല്ലപ്പെരിയാറിന്‌ സമാനമായ 37 മറ്റു ഡാമുകളും നിലനില്‍ക്കുന്നുണ്ടെന്ന്‌ തമിഴ്‌നാട്‌ വാദിച്ചു. എന്നാല്‍ ഇതില്‍ 30 എണ്ണം മണ്ണുകൊണ്ട്‌ നിര്‍മ്മിച്ചതാണെന്നും ബാക്കിയുള്ള ഏഴ്‌ ഡാമുകള്‍ ശേഷി, നീളം, വീതി എന്നിവ വളരെ കുറവായതുമാണെന്ന്‌ കേരളം തെളിവു നിരത്തി. ഇതിലൊന്നാണ്‌ 1961ല്‍ തകര്‍ന്ന മഹാരാഷ്‌ട്രയിലെ കടകുവസാല ഡാം. ഈ ഡാമിന്‌ 86 മീറ്റര്‍ ശേഷിയും 32.9 മീറ്റര്‍ ഉയരവുമാണ്‌ ഉണ്ടായിരുന്നത്‌. അതേസമയം മുല്ലപ്പെരിയാറിലേത്‌ 443.35 മീറ്റര്‍ ശേഷിയും 53.64 മീറ്റര്‍ ഉയരവുമാണ്‌. സ്വാഭാവികമായും അപകസാധ്യത കൂടുതലാണെന്ന്‌ തമിഴ്‌നാടിന്‌ സമ്മതിക്കേണ്ടി വന്നു.

ജലനിരപ്പ്‌ 136ല്‍ നിന്ന്‌ 142 അടിയായി കൂട്ടിയാല്‍ തമിഴ്‌നാടിന്‌ ജലസേചന സൗകര്യം വര്‍ധിക്കുമെന്ന വാദം ശരിയല്ലെന്ന കണ്ടെത്തല്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ക്ക്‌ ശക്തിപകര്‍ന്നു. പ്രൊഫ. എ മോഹനകൃഷ്‌ണന്‍ പഠനം നടത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന ഹിസ്റ്ററി ഓഫ്‌ പെരിയാര്‍ഡാം വിത്ത്‌ സെഞ്ച്വറി ലോംഗ്‌ പെര്‍ഫോമന്‍സ്‌ എന്ന പുസ്‌തകത്തില്‍ നിന്നാണ്‌ ഇത്‌ തെളിയിക്കുന്നതിനാവശ്യമായ കണക്കുകള്‍ കേരളം ഹാജരാക്കിയത്‌. 136 അടിയില്‍ ജലനിരപ്പ്‌ നിലനിര്‍ത്തുമ്പോള്‍ തന്നെ ഡാം കെട്ടുന്ന സമയത്ത്‌ വിഭാവനം ചെയ്‌തിരുന്നതിലും കൂടുതല്‍ ആയക്കെട്ട്‌ പ്രദേശത്ത്‌ കൃഷി ചെയ്യുന്നുണ്ടെന്നതും കേരളത്തിന്‌ അനുകൂലഘടകമായി. അതായത്‌ 136 അടിയായി നില്‌ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍, അതിലധികവും നിറവേറുന്നുണ്ട്‌.

മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി കഴമ്പുള്ള വാദങ്ങളാണ്‌ കേരളം ഉന്നയിക്കുന്നതെന്ന തിരിച്ചറിവാണ്‌ കേസ്‌ വീണ്ടും പരിശോധിക്കാനും വീണ്ടും വാദം പറയാനുമുള്ള അവസരം ലഭിച്ചത്‌. 1944ല്‍ സി പി രാമസ്വാമി ഹാജരായി ആര്‍ബിട്രേഷനു മുന്നില്‍ നടത്തിയ ഒരു കേസിനു ശേഷം, സ്വതന്ത്ര കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ആശ്വാസ്യകരമായ ഒരു ഉത്തരവുണ്ടാകുന്നത്‌ ഇപ്പോഴാണ്‌. ഒരു റിവ്യൂ പെറ്റീഷന്‍ കൊടുത്താല്‍ പോലും കിട്ടാത്ത അവകാശങ്ങളാണ്‌ കേരളത്തിന്‌ ലഭിച്ചിരിക്കുന്നത്‌. കേരളത്തിന്‌ പുതിയ തെളിവുകള്‍ നിരത്താം. പുതിയ വാദം നടത്താം. വിധിയില്‍ ഇനിയുണ്ടാകുന്നത്‌ കേരളത്തിനനുകൂലമായാലും പ്രതികൂലമായാലും ഇതുവരെ നടത്തിയ ശരിയായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ പങ്ക്‌ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. 

Advertisements

1 അഭിപ്രായം

Filed under രാഷ്ട്രീയം, ലേഖനം, വാര്‍ത്ത, വിമര്‍ശനം, വിശകലനം, സമൂഹം

One response to “മുല്ലപ്പെരിയാര്‍ വ്യവഹാരം ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍

 1. ചില കാര്യങ്ങളോട്‌ അഭിപ്രായ വ്യത്യാസങ്ങള്‍:-

  മുല്ലപ്പെരിയാര്‍ കേസില്‍ ആദ്യം വിധി പറഞ്ഞ ചീഫ്‌ ജസ്റ്റീസല്ല ഇപ്പോഴുള്ളത്‌.

  മുല്ലപ്പ്പെരിയാര്‍ കേസിലെ പ്രധാന കേസ്‌ ഫയല്‍ ചെയ്തത്‌ Mullaperiyar Environmental Protection Forum എന്ന സഘടന ആണ്‌. പ്രധാനമായും ഉയര്‍ത്തിയ വാദങ്ങള്‍ 1889 തിരുവിതാംകൂറും മദ്രാസുമായി ഉണ്ടാകിയ കരാറിന്റെ ഭരണഘടനാ സാധുത, ഡാമില്‍ വെള്ളം ഉയര്‍ന്നാല്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍, ഫോറസ്റ്റ്‌ നിയമത്തിന്റെ ലംഘനങ്ങള്‍ തുടങ്ങിയവ ആയിരുന്നു.

  കേരള സര്‍ക്കാര്‍ പ്രധാന വാദം ഉയര്‍ത്തിയത്‌ ഡാമിന്റെ ബലക്ഷയം ആയിരുന്നു.

  കോടതി Central Water Commission ന്റെ റിപ്പോര്‍ട്ട്‌ മാത്രം കണക്കിലെടുത്ത്‌ വിധി പ്രഖ്യാപിക്കുകയായിരുന്നു

  അതിനുശേഷം ഭൂകമ്പ സാധ്യതാ പ്രദേശമായതുകൊണ്ട്‌ ഡാം അപകടകാരണമാവും എന്ന് വാധം ഉയര്‍ത്തി Mullaperiyar Environmental Protection Forum ഒരു Review Petition ഫയല്‍ ചെയ്തെങ്കിലും അത്‌ കോടതി കണക്കിലെടുത്തില്ല.

  പിന്നീടു വന്ന LDF സര്‍ക്കാര്‍ ഉണ്ടാക്കിയ Dam Safety Authority Act ചോദ്യം ചെയ്ത്‌ തമിള്‍നാട്‌ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത Suit ല്‍ ആണ്‌ കോടതി തീരുമാനത്തിനായി issues ഉണ്ടാക്കിയിരിക്കുന്നത്‌.

  തമിള്‍നാടിന്റെ കേസിലാണ്‌ ഇങ്ങനെ കുറെ issues frame ചെയ്തിരിക്കുന്നത്‌. അത്‌ LDF സര്‍ക്കാരിന്റെ കഴിവ്‌ കാരണമാണോ എന്നത്‌ ഒരു തര്‍ക്ക വിഷയമാണ്‌. UDF സര്‍ക്കാരായിരുന്നാലും കേസിന്റെ ഗതി ഇങ്ങനെ വന്നേനെ എന്നു തോന്നുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )