ആരാണ്‌ അ(ന)ഭിമതന്‍

(ജനശക്തി വാരിക ലക്കം 80ല്‍ വന്ന കവര്‍സ്‌റ്റോറി )

കൊളോണിയല്‍ ഭരണസംവിധാനത്തില്‍ നിന്നും ഇന്ത്യക്ക്‌ പകര്‍ന്നുകിട്ടിയ സവിശേഷവിഭാഗമാണ്‌ ഐ എ എസുകാര്‍. ഭരണയന്ത്രത്തിന്റെ യഥാര്‍ത്ഥ നടത്തിപ്പുകാരായ ഇവര്‍ രാഷ്‌ട്രീയനേതൃത്വവുമായി സമരസപ്പെട്ടു പോകണമെന്നാണ്‌ ഒരു കാഴ്‌ചപ്പാട്‌. വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുകളുള്ളവര്‍ അധികാരത്തില്‍ മാറി മാറി വരുമ്പോഴും മാറ്റമില്ലാതെ ഭരണയന്ത്രത്തെ നിയന്ത്രിക്കുന്നവരാണ്‌ സിവില്‍ സര്‍വീസ്‌ മുതല്‍ക്ക്‌ കീഴോട്ടുള്ള ബ്യൂറോക്രസിയെന്നറിയപ്പെടുന്ന വന്‍സംവിധാനം.

അവര്‍ വലിയ ഉത്തരവാദിത്തങ്ങളുള്ളവരാണ്‌. ജനങ്ങളുടെ ഹിതമനുസരിച്ച്‌ അധികാരത്തിലേറുന്ന പാര്‍ട്ടിയുടെയോ മുന്നണിയുടെയോ രാഷ്‌ട്രീയതാല്‍പ്പര്യങ്ങളെയും സാമ്പത്തികതാല്‍പ്പര്യങ്ങളെയും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമനുസരിച്ച്‌ നടപ്പാക്കുന്ന ജോലിയാണ്‌ ഇവരുടേത്‌. താരതമ്യേന രാഷ്‌ട്രീയ പക്ഷപാതങ്ങളില്‍ നിന്ന്‌ വേറിട്ടുനില്‍ക്കാന്‍ ശ്രമിക്കാറുള്ള സിവില്‍ സര്‍വീസുകാര്‍ സങ്കീര്‍ണ്ണമായ രീതിയില്‍ പെരുമാറാന്‍ ബാധ്യതപ്പെട്ടവരുമാണ്‌. ജനങ്ങളെ സംബന്ധിച്ച്‌ വെള്ളാനകളാണ്‌ ഇക്കൂട്ടര്‍.

 അധികാരശ്രേണിയുടെ തലപ്പത്തിരിക്കുന്ന ഇവരില്‍ സാമൂഹ്യബോധമുള്ളവരും ജനപക്ഷത്തുനില്‍ക്കുന്നവരും താരതമ്യേന അപൂര്‍വ്വമാവും. പക്ഷേ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഗവണ്‍മെന്റില്‍ നിന്നു ലഭിക്കേണ്ടുന്ന കാര്യങ്ങളുടെ നടത്തിപ്പുകാരെന്ന നിലയ്‌ക്ക്‌ `വെള്ളാന’കളുടെ നിലപാടുകള്‍ പരമപ്രധാനമാണ്‌. കേരളത്തിലെ വെള്ളാനകളൊക്കെ പൊതുവെ അതാതുകാലത്തെ സര്‍ക്കാരുകളുടെ രാഷ്‌ട്രീയ നിലപാടുകളോട്‌ പൊരുത്തപ്പെട്ടുപോകാറാണ്‌ പതിവ്‌. പലപ്പോഴും നിശ്ശബ്‌ദമായി ജോലി നിര്‍വഹിച്ച്‌ സുരക്ഷിതമായി കഴിയുന്ന വെള്ളാനകള്‍ ജനങ്ങളുടെ കണ്ണില്‍പെടുന്നതുപോലും അപൂര്‍വ്വമാണ്‌.

യു ഡി എഫ്‌ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലവും കേരളത്തില്‍ സജീവചര്‍ച്ചവിഷയമായിരുന്നത്‌ ഭൂമാഫിയയുടെ ഇടപെടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു. പ്രതിപക്ഷനേതാവ്‌ എന്ന നിലയില്‍ വി എസ്‌ അച്യുതാനന്ദന്‍ നേരിട്ട്‌ ഇടപെട്ട പ്രശ്‌നങ്ങളായിരുന്നു ഇവയില്‍ ഏറെയും. മതികെട്ടാനിലെ ഭൂമി കയ്യേറ്റം, മൂന്നാര്‍ കയ്യേറ്റം, കോവളം കൊട്ടാരം വില്‌പന തുടങ്ങിയവയൊക്കെ ഭൂമാഫിയയുടെ കച്ചവടക്കണ്ണുകള്‍ ചെന്നെത്തിയ ഇടങ്ങളായിരുന്നു.

ഇതിനെതിരായ ജനകീയരോഷത്തിന്‌ സമൂര്‍ത്തമായ രൂപം നല്‍കിയതിലൂടെയാണ്‌ വി എസ്‌ അച്യുതാനന്ദന്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ മിന്നുന്ന വിജയത്തിന്‌ അടിത്തറയിട്ടത്‌. വി എസിന്റെ സമരങ്ങളോട്‌ മുഖം തിരിച്ചുനിന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉള്ളിലിരുപ്പ്‌ യഥാര്‍ത്ഥത്തില്‍ പുറത്തുവരുന്നത്‌ എല്‍ ഡി എഫ്‌ മന്ത്രിസഭ അധികാരത്തില്‍ എത്തിയപ്പോഴാണ്‌.

താനുള്‍പ്പെടുന്ന പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും അടിത്തട്ടിലെ ചിലര്‍ക്കും കേരളത്തില്‍ ആഴത്തില്‍ വലവിരിച്ചുമുന്നേറുന്ന ഭൂമാഫിയയുമായുള്ള അടുപ്പത്തെക്കുറിച്ച്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ മനസ്സിലാക്കിയിരുന്നു എന്ന്‌ കരുതാന്‍ ന്യായമുണ്ട്‌. മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട്‌ ഭൂമാഫിയ്‌ക്കെതിരായ സമരത്തെക്കുറിച്ച്‌ അടുത്തയിട അദ്ദേഹം നടത്തിയ പ്രസ്‌താവന ഏറെ പ്രാധാന്യം നേടിയത്‌ ഇക്കാരണം കൊണ്ടുകൂടിയാണ്‌.

ഭൂമാഫിയ കേരളത്തില്‍ പിടിമുറുക്കുന്നത്‌ സി പി ഐ എമ്മിലെയും സി പി ഐയിലെയും ചില നേതാക്കളുടെ സഹായത്തോടെയാണ്‌ എന്ന തിരിച്ചറിവില്‍ നിന്നാണ്‌ ഈ പരസ്യപ്രസ്‌താവന രൂപപ്പെട്ടത്‌. എച്ച്‌ എം ടി ഭൂമി വിവാദം ഉയര്‍ന്നുവന്നപ്പോള്‍ സൈബര്‍ സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ നിന്ന്‌വിട്ടുനിന്നുകൊണ്ട്‌ പ്രായോഗികമായിത്തന്നെ തന്റെ വിയോജിപ്പ്‌ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്‌തു.

കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പിന്താങ്ങിയ നിലപാടുകളെ തമസ്‌കരിക്കാനും പകരം ഭൂമാഫിയയുടെ നിക്ഷിപ്‌തതാല്‌പര്യങ്ങള്‍ പിന്‍വാതിലിലൂടെ നടപ്പാക്കാനും ആസൂത്രിതമായി ചിലര്‍ ശ്രമിക്കുന്നതിന്റെ വെളിപ്പെടലാണ്‌ മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടിലും മരടിലെ വളന്തക്കാട്‌ ദ്വിപൂ വില്‌പനയിലും കളമേശ്ശരിയിലെ എച്ച്‌ എം ടി ഭൂമിവില്‌പനയിലും മൂന്നാറിലെ അനധികൃതമായ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുമൊക്കെ ഉണ്ടായത്‌. ഇനിയും വെളിപ്പെടാനിരിക്കുന്ന കുംഭകോണങ്ങളും മറ്റൊന്നുമല്ല സാക്ഷ്യപ്പെടുത്താനിരിക്കുന്നത്‌.

ഭൂമാഫിയ്‌ക്കെതിരായ ജനകീയ വികാരത്തെ തടഞ്ഞുനിര്‍ത്താനും എല്‍ ഡി എഫ്‌ ഗവണ്‍മെന്റിനെ തന്നെ തങ്ങള്‍ക്ക്‌ അനുകൂലമായി ഉപയോഗിക്കാനുമുള്ള എല്ലാവിധ തന്ത്രങ്ങളും രൂപപ്പെടുന്നുണ്ട്‌. ഇതിന്‌ ബ്യൂറോക്രസിയില്‍, പ്രത്യേകിച്ചും ഐ എ എസുകാരില്‍ ഒരു വിഭാഗത്തിന്റെ കൂടി പിന്തുണയുണ്ട്‌ എന്ന്‌ വെളിപ്പെടുത്തുന്നതാണ്‌ ടി ബാലകൃഷ്‌ണന്‍ ഐ എ എസിന്റെ നടപടികള്‍.

ഇതിനകം പുറത്തുവന്ന കാര്യങ്ങള്‍ തന്നെ എല്‍ ഡി എഫിന്റെ വോട്ടര്‍മാരെ നിരാശപ്പെടുത്താന്‍ പോന്നതാണ്‌. ഭൂമാഫിയ വിശ്വരൂപം കാണിച്ച്‌ എല്‍ ഡി എഫിന്റെ പിന്നിലണിനിരന്നവരെ ഭയപ്പെടുത്തുന്ന സ്ഥിതിയാണുള്ളത്‌. ഇപ്പോഴാകട്ടെ അതിന്‌ വ്യാപ്‌തി വര്‍ദ്ധിച്ച്‌ കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ സംഭാവനയെന്ന്‌ അവകാശപ്പെടുന്ന ഭൂപരിഷ്‌കാരനിയമം പൊളിച്ചു എഴുതണമെന്ന ഭൂമാഫിയുടെ അവകാശവാദം വരെ എത്തിനില്‍ക്കുന്നു. ഇരുകമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും ഏറ്റവും വലിയ പൈതൃകസ്വത്താണ്‌ കേരളത്തിലെ ഭൂപരിഷ്‌കാരനിയമം.

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ്‌ ഭൂമാഫിയ ഈ നിയമം അട്ടിമറിക്കാന്‍ രംഗത്തിറങ്ങുന്നത്‌. ഇപ്പോഴത്തെ നിയമസഭയില്‍ ഇരുകമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും തനിച്ചു കേവലം ഭൂരിപക്ഷമുണ്ട്‌ എന്ന സവിശേഷതയുമുണ്ട്‌. ഈ നിയമസഭയില്‍ തന്നെ ഭൂപരിഷ്‌കാരം പൊളിച്ചെഴുതാനായാല്‍ അത്‌ ചരിത്രപ്രധാനമാകും.

മഹാനായ ലെനിന്റെ സോഷ്യലിസ്റ്റ്‌ സോവിയറ്റ്‌ യൂണിയനെ ഗോര്‍ബച്ചേവ്‌ പൊളിച്ചടുക്കിയതുപോലെ ഒരു ചരിത്രസംഭവം. ഇത്തരമൊരു ചരിത്രസംഭവത്തിലേക്ക്‌ ചുവടുവയ്‌ക്കാവുന്ന വിധത്തിലുള്ള പശ്ചാത്തലസൗകര്യങ്ങള്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കകത്ത്‌ ഭൂമാഫിയ സൃഷ്‌ടിച്ചെടുത്തിട്ടുണ്ട്‌. സി പി ഐ എമ്മിലെ പിണറായി പക്ഷവും സി പി ഐ യിലെ ഇസ്‌മായില്‍ പക്ഷവും ഇതിലുള്‍പ്പെടും.

ഭൂമാഫിയയെ നിയന്ത്രിക്കുന്നതിന്‌ വി എസ്‌ അച്യുതാനന്ദന്‍ പ്രത്യേകം താല്‌പര്യം എടുത്ത്‌ മൂന്നാറിലേക്ക്‌ അയച്ച ഐ എ എസ്‌ ഉദ്യോഗസ്ഥനായ കെ സുരേഷ്‌കുമാറിന്‌ സി പി ഐ എം നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ കടുത്ത ശത്രുത നേരിടേണ്ടിവന്നത്‌ നാം കണ്ടതാണ്‌. എല്‍ ഡി എഫിന്റെ നയപരിപാടി നടപ്പാക്കാന്‍ ശ്രമിച്ച ഈ ഉദ്യോഗസ്ഥനെതിരെ എല്‍ ഡി എഫ്‌ നേതൃത്വം തന്നെ രംഗത്തെത്തി.

സി പി ഐ എമ്മിന്റെ ഒരു എം എല്‍ എ തന്നെ സമരത്തിന്‌ നേതൃത്വം നല്‍കി. സി പി എം സെക്രട്ടേറിയറ്റില്‍ കെ സുരേഷ്‌ കുമാര്‍ കൊടുംശത്രുവായി ചിത്രീകരിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തെ തിരികെ പ്രവേശിപ്പിക്കരുതെന്ന്‌ പാര്‍ട്ടി തീരുമാനിച്ചു. ഭൂമാഫിയ്‌ക്കെതിരായ എല്‍ ഡി എഫിന്റെ സമീപനം പ്രായോഗികമാക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‌ നേരിടേണ്ടിവന്ന അനുഭവമാണ്‌ ഇത്‌.

പക്ഷെ ടി ബാലകൃഷ്‌ണന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്‌തമാണ്‌. കേരള സര്‍ക്കാരിന്‌ അവകാശപ്പെട്ട പൊതുഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയയ്‌ക്ക്‌ സഹായം നല്‍കുന്ന നിലപാടുകള്‍ സ്വീകരിച്ച മുന്‍പശ്ചാത്തലമുള്ള ഈ ഉദ്യോഗസ്ഥന്‍ വ്യവസായവകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി എന്നത്‌ തന്നെ വിസ്‌മയകരമായിരുന്നു. എല്‍ ഡി എഫിന്റെ നയം നടപ്പാക്കാനല്ല യു ഡി എഫിന്റെ നയം തുടരാനായിരുന്നു ഈ നിയമനം എന്ന്‌ ഇപ്പോള്‍ വ്യക്തമാണ്‌. അതിനെക്കാള്‍ പ്രധാനമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും എല്‍ ഡി എഫിന്റെയും നയത്തിന്‌ വിരുദ്ധമായ വിധം ഭൂപരിഷ്‌കാരം പൊളിച്ചെഴുതണമെന്ന നിലപാട്‌ പരസ്യമായി ഉന്നയിക്കുന്നതിന്‌ ഈ വെള്ളാനയ്‌ക്ക്‌ ലഭിക്കുന്ന സ്വാതന്ത്ര്യം.

കൊച്ചിയില്‍ ഈയിടെ സംഘടിപ്പിച്ച ഭൂമാഫിയയുടെ പിന്തുണക്കാരുടെ സെമിനാറില്‍ ബാലകൃഷ്‌ണന്‍ നടത്തിയ പ്രകടനവും കൈരളി ചാനലില്‍ നടത്തിയ മുഴുനീള അഭിമുഖവും ഈ അമിതസ്വാതന്ത്ര്യത്തിന്റെ വ്യാപ്‌തി വ്യക്തമാക്കുന്നതാണ്‌. എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ പൊതുസമീപനത്തെയും നയപരിപാടികളെയും പരസ്യമായി വെല്ലുവിളിക്കാന്‍ അദ്ദേഹത്തിന്‌ സാധിക്കുന്നതിനു പിന്നിലുള്ളത്‌ ഭൂമാഫിയയ്‌ക്ക്‌ എല്‍ ഡി എഫിലുള്ള സ്വാധീനം തന്നെയാണ്‌.

ഭൂമാഫിയ്‌ക്കെതിരയെുള്ള പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ തലയ്‌ക്ക്‌ മുകളിലൂടെയാണ്‌ ടി ബാലകൃഷ്‌ണന്‍ പറക്കുന്നത്‌. ഇതേക്കുറിച്ച്‌ സി പി എം സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയൊന്നുമില്ല. എന്തുകൊണ്ടാണിത്‌ എന്നു ചിന്തിക്കാമല്ലോ.

Advertisements

1 അഭിപ്രായം

Filed under രാഷ്ട്രീയം, ലേഖനം, വാര്‍ത്ത, വിമര്‍ശനം, വിശകലനം, വ്യക്തി, സമൂഹം

One response to “ആരാണ്‌ അ(ന)ഭിമതന്‍

  1. മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാടില്‍ ഹിന്ദു ദിനപ്പത്രത്തിനും അതിന്റെ ലേഖകന്‍ ഗൗരീദാസന്‍ നായര്‍ക്കുമുള്ള പങ്കിനേകുറിച്ച് കുറച്ചു നാള്‍ മുമ്പ് കേട്ടിരുന്നു. അതിന്റെ സത്യ സ്ഥിതി വല്ലതും പുറത്തുവന്നോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )